കാലിഫോർണിയയിൽ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത
വാഷിംഗ്ടണ്‍: കാലിഫോര്‍ണിയ തീരത്ത് അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി. ഭൂമികുലുക്കത്തിന്റെ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചതായി നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു.
ഫെണ്‍ഡെയ്‌ലിന് ഏകദേശം 100 കിലോമീറ്റര്‍ മാറി പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറന്‍ ഭാഗത്തായി ആറ് മൈല്‍ ആഴത്തിലാണ് പ്രകമ്പനം അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കി. തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലിഫോര്‍ണിയയ്ക്ക് തെക്ക് സാന്‍ ഫ്രാന്‍സിസ്‌കോ വരെയും ഭൂമികുലുക്കം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സെക്കന്‍ഡുകള്‍ നീളുന്ന ആദ്യ ചലനവും പിന്നാലെ ചെറിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നു.

ഭൂകമ്പത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായതായോ ആര്‍ക്കും പരിക്കേറ്റതായോ റിപ്പോര്‍ട്ടുകളില്ല. വ്യാഴാഴ്ച രാവിലെ 10.44ന് തീരപ്രദേശമായ ഹംബോള്‍ട്ട് കൗണ്ടിക്ക് സമീപമുളള ചെറുനഗരമായ ഫെണ്‍ഡെയ്‌ലിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ആദ്യചലനം അനുഭവപ്പെട്ടത്. തീരപ്രദേശത്ത് 500 മൈല്‍ ദൂരത്തോളം പ്രകമ്പനം അനുഭവപ്പെട്ടതോടെയാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
അതൊരു ശക്തിയേറിയ കുലുക്കമായിരുന്നു. ഞങ്ങളുടെ കെട്ടിടമൊക്കെ കുലുങ്ങി. ആര്‍ക്കും പരിക്കൊന്നുമില്ല. എന്നാല്‍ കടയാകെ താറുമാറായി കിടക്കുകയാണ്, ഫെണ്‍ഡെയ്‌ലിലെ കടയുടമയായ ജൂലി ക്രിറ്റ്‌സര്‍ പറയുന്നു. മുന്‍കരുതലിന്റെ ഭാഗമായി സമീപ നഗരങ്ങളില്‍ നിന്നടക്കം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications