അമേരിക്ക വിഭജിക്കുമോ? ട്രെന്‍ഡിങ് ആയി പുതിയ ആവശ്യം; സൈനികരെ വിന്യസിച്ച് ട്രംപ്
വാഷിങ്ടണ്‍: അമേരിക്ക നേരിടുന്നത് പുതിയ പ്രതിസന്ധി. രാജ്യം സംഘര്‍ഷ കലുഷിതമായ അന്തരീക്ഷത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റക്കാര്‍ എന്ന് ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്ത നടപടിയാണ് പുതിയ സാഹചര്യത്തിന് കാരണം. അറസ്റ്റിലായവരെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കാലഫോര്‍ണിയയിലെ ലോസ്ആഞ്ചലസില്‍ തമ്പടിച്ചത്. പ്രതിഷേധം കനക്കുമെന്ന് കണ്ട് ഫെഡറല്‍ സൈന്യത്തെ വിന്യസിച്ചു.
സ്വന്തം പൗരന്മാരെ നേരിടാന്‍ സൈന്യത്തെ വിന്യസിച്ച ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. സൈനിക നീക്കത്തിനെതിരെ കാലഫോര്‍ണിയ ഗവര്‍ണര്‍ രംഗത്തുവന്നു. സംസ്ഥാനത്തിന്റെ പരിധിയില്‍ കടന്നുകയറുകയാണ് ട്രംപ് ചെയ്യുന്നത് എന്ന് അദ്ദേഹം വിമര്‍ശിച്ചു. അതിനിടെ അമേരിക്കയില്‍ നിന്ന് വേര്‍പ്പെട്ട് കാലഫോര്‍ണിയ പുതിയ രാജ്യമാകണം എന്ന ആവശ്യവും ശക്തമായി.

അനധികൃത കുടിയേറ്റക്കാര്‍ എന്ന് ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തതാണ് സാഹചര്യം വഷളാക്കിയത്. ഇതിനെതിരെ ലോസ്ആഞ്ചലസില്‍ വലിയ പ്രതിഷേധം അരങ്ങേറി. ചില ഭാഗങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്കും നയിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ ട്രംപ് സൈന്യത്തെ വിന്യസിച്ചതോടെ വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനമുണ്ടായി.
ഫെഡറല്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകുമ്പോഴെല്ലാം അമേരിക്കയില്‍ നിന്ന് വേര്‍പ്പെട്ട് പ്രത്യേക രാജ്യമാകണം എന്ന് കാലഫോര്‍ണിയയില്‍ ആവശ്യം ഉയരാറുണ്ട്. എന്നാല്‍ ഇത്തവണ ആവശ്യം ശക്തമാണ് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോസ്ആഞ്ചലസില്‍ 2000 സൈനികരെയാണ് ട്രംപ് വിന്യസിച്ചിട്ടുള്ളത്. ചില ഭാഗങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.
കാലഎക്‌സിറ്റ്, ഫ്രീ കാലഫോര്‍ണിയ തുടങ്ങിയ ഹാഷ് ടാഗുകള്‍ അമേരിക്കയില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്. ഈ വര്‍ഷം ആദ്യത്തില്‍ കാലഫോര്‍ണിയയുടെ മോചനം ആവശ്യപ്പെട്ട് ഒപ്പുശേഖരണം നടന്നിരുന്നുവത്രെ. ആക്ടിവിസ്റ്റ് മാര്‍ക്കസ് ഇവാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഈ പ്രചാരണത്തിന് പിന്നില്‍. കാലഫോര്‍ണിയ സ്വതന്ത്ര രാജ്യമാകണോ എന്നായിരുന്നു ഇവരുടെ ചോദ്യം.
കാലഫോര്‍ണിയ റിപബ്ലിക് എന്ന കൊടി പിടിച്ചും പ്രചാരണം നടക്കുന്നുണ്ട്. അമേരിക്കയില്‍ 50 സംസ്ഥാനങ്ങളാണുള്ളത്. മിക്ക സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ നിയമങ്ങളുണ്ട്. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം കൈകടത്തുന്നു എന്ന വിമര്‍ശനം ശക്തമാണ്. അഞ്ചര ലക്ഷത്തോളം വോട്ടര്‍മാരുടെ പിന്തുണ തേടുന്ന പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യം നടന്നാല്‍, 20 അംഗ കമ്മീഷന്‍ വിഷയത്തില്‍ പഠനം നടത്തിയ ശേഷമേ തീരുമാനം ഉണ്ടാകൂ എന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ അമേരിക്കയുടെ ഒരു ഭാഗം പുതിയ രാജ്യമായി മാറുക എന്നത് എളുപ്പമല്ല. സംസ്ഥാനത്തിന്റെ ഔദ്യോഗികമായ ആവശ്യം വന്നാല്‍, കോണ്‍ഗ്രസിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അനുമതി വേണം. മാത്രമല്ല, നാലില്‍ മൂന്ന് അമേരിക്കന്‍ സംസ്ഥാനങ്ങളുടെ അംഗീകാരവും ലഭിക്കണം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കാലഫോര്‍ണിയക്ക് ഇത് നേടുക എന്നത് അസാധ്യമാണ്.












Click it and Unblock the Notifications