രണ്ട് വര്‍ഷത്തില്‍ ജനനം; കൗതുകമായി ഇരട്ടകള്‍
ലോസ് ആഞ്ചല്‍സ്: ഇരട്ട കുട്ടികളുടെ ജനനം ഇന്നത്തെ കാലത്ത് കൗതുകമുണര്‍ത്തുന്ന ഒന്നല്ല. ഒരേ സമയത്തും മിനിറ്റുകളുടെ വ്യത്യാസത്തിലുമെല്ലാം ഇരട്ടകുട്ടികള്‍ ജനിക്കാറുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തിന്റെ ഇടവേളയില്‍ ഇരട്ടകുട്ടികള്‍ ജനിക്കുന്നത് അധികമാരും കേട്ടുകാണില്ല. അത്തരമൊരു കൗതുകമുണര്‍ത്തുന്ന 'ഒരു ട്വിന്‍ ബര്‍ത്തിന്റെ' കഥയുണ്ട് കാലിഫോര്‍ണിയയില്‍. ഫാത്തിമ മാഡ്രിഗല്‍ എന്ന യുവതിയാണ് 'ഒരു വര്‍ഷത്തിന്റെ ഇടവേളയില്‍' ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
2021 ഡിസംബര്‍ 31 ന് രാത്രി 11.45 ഓടെയാണ് ഫാത്തിമ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്. പതിനഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്കും ലോകം പുതുവര്‍ഷത്തിലേക്ക് കടന്നിരുന്നു. ആല്‍ഫ്രെഡോ അന്റോണിയോ ട്രുജില്ലോയെന്ന ആണ്‍കുഞ്ഞാണ് 2021 ല്‍ ജനിച്ചത്. അയ്‌ലിന്‍ യോളണ്ട ട്രുജില്ലോയെന്ന പെണ്‍കുഞ്ഞ് 2022 ലാണ് ജനിച്ചത്. നാറ്റിവിദാദ് മെഡിക്കല്‍ സെന്ററിലായിരുന്നു ഈ അസാധാരണ ജനനം. ഇരുവരുടേയും അപൂര്‍വ ജനന വിവരം ആശുപത്രി അധികൃതര്‍ തന്നെയാണ് പുറംലോകത്തെ അറിയിച്ചത്.

2021 ലും 2022 ലും ജനിച്ച ഇരട്ടകള്‍ എന്ന കുറിപ്പോടെയാണ് നാറ്റിവിദാദ് മെഡിക്കല്‍ സെന്റര്‍ കുഞ്ഞുങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അയ്‌ലിന് രണ്ട് കിലോ 668 ഗ്രാമും ആല്‍ഫ്രഡിന് രണ്ട് കിലോ 749 ഗ്രാമുമാണ് തൂക്കമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
'ഇരട്ടകളായ എന്റെ കുഞ്ഞുങ്ങള്‍ക്ക് രണ്ട് ജന്മദിനമാണെന്നത് എന്നെ അതിശയിപ്പിക്കുന്നു. അര്‍ദ്ധരാത്രിയില്‍ അവള്‍ (അയ്‌ലിന്‍ യോളണ്ട ട്രുജില്ലോ) വരുമ്പോള്‍ എനിക്ക് അത്ഭുതവും സന്തോഷവും തോന്നിയിരുന്നു,' ഫാത്തിമ പറഞ്ഞു. കുഞ്ഞുങ്ങളില്‍ ഒരാള്‍ ആണ്‍കുട്ടിയായതില്‍ തന്റെ മൂത്ത മകന്‍ ആവേശഭരിതനാണെന്നും ഫാത്തിമ മാഡ്രിഗല്‍ പറഞ്ഞു. ഇരട്ടകുഞ്ഞുങ്ങളെ കൂടാതെ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഫാത്തിമയ്ക്കുള്ളത്.
അതേസമയം തന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ പ്രസവങ്ങളിലൊന്നായിരുന്നു ഇതെന്ന് നാറ്റിവിദാദ് മെഡിക്കല്‍ ഗ്രൂപ്പിലെ ഫാമിലി ഡോക്ടറും നാറ്റിവിദാദിലെ ഫാക്കല്‍റ്റിയുമായ ഡോ. അന അബ്രില്‍ ഏരിയാസ് പറഞ്ഞു. '2021-ലും 2022-ലും ഈ കൊച്ചുകുട്ടികളെ സുരക്ഷിതമായി ഇവിടെയെത്താന്‍ സഹായിച്ചതില്‍ വലിയ സന്തോഷമുണ്ട്. അത്ഭുതകരമായ വഴിയിലൂടെയാണ് പുതുവത്സരം ആരംഭിക്കുന്നത്,' ഡോ. അന അബ്രില്‍ ഏരിയാസ് പറഞ്ഞു.
അമേരിക്കയില്‍ ഓരോ വര്‍ഷവും ഏകദേശം 1,20,000 ഇരട്ടകുഞ്ഞുങ്ങളാണ് ജനിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എല്ലാ ജനനങ്ങളുടെയും 3% മാത്രമാണിത്. എന്നിരുന്നാലും, വ്യത്യസ്ത ജന്മദിനങ്ങളുള്ള ഇരട്ടകള്‍ അപൂര്‍വമാണ്. ഇരട്ടകള്‍ക്ക് വ്യത്യസ്ത ദിവസത്തിലും മാസത്തിലും വര്‍ഷത്തിലും ജന്മദിനം സംഭവിക്കുന്നത് 20 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം സംഭവിക്കുന്ന പ്രത്യേകതയാണിത്.
2019 ഡിസംബറിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. അന്ന് ഡോണ്‍ ഗില്യം എന്ന യുവതി ഡിസംബര്‍ 31 രാത്രി 11:37 ന് തന്റെ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കി. രണ്ടാമത്തെ കുഞ്ഞ് 2020 ജനുവരി ഒന്നിന് പുലര്‍ച്ചെ 12:07 നാണ് ജനിച്ചത്.












Click it and Unblock the Notifications