ഇറാന്‍ രണ്ടുംകല്‍പ്പിച്ച്; അപകടം മണത്ത് യൂറോപ്പ്... കടല്‍ പാത സ്തംഭിപ്പിക്കുമെന്ന് ഭീഷണി
ടെഹ്‌റാന്‍: ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രായേലിനെ ഒറ്റപ്പെടുത്താന്‍ ഇറാന്‍ രഹസ്യനീക്കം നടത്തുന്നു. നേരിട്ട് ഇടപെടാതെ വിമതരെയും സായുധ സംഘങ്ങളെയും ഉപയോഗപ്പെടുത്താനാണ് ഇറാന്റെ നീക്കമെന്ന് സൂചന. ചെങ്കടലില്‍ ഇസ്രായേലിന് വലിയ പ്രതിസന്ധി സൃഷ്ടിച്ച ശേഷമാണ് ഇറാന്‍ ജിബ്രാള്‍ട്ടര്‍ പാത കൂടി ലക്ഷ്യമിടുന്നത്. ഇറാന്റെ ഈ നീക്കം ഇസ്രായേലിന് മാത്രമല്ല, യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കും കനത്ത തിരിച്ചടിയാകും.
പേര്‍ഷ്യന്‍ കടല്‍, ഹോര്‍മുസ് കടലിടുക്ക് എന്നിവിടങ്ങളിലൂടെ പോകുന്ന ചരക്കു കപ്പലുകള്‍ നിയന്ത്രിക്കാന്‍ ഇറാന് സാധിക്കും. ലോകത്തെ പ്രധാന ചരക്കുപാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനോട് ചേര്‍ന്ന ഈ മേഖല നിലവില്‍ സുരക്ഷിതമാണ്. എന്നാല്‍ ഏത് സമയവും പാതയില്‍ തടസം സൃഷ്ടിക്കാന്‍ ഇറാന് സാധിക്കും.

മറ്റൊരു ചരക്കുപാതയാണ് ചെങ്കടല്‍ വഴിയുള്ളത്. ഇസ്രായേലിലേക്കും യൂറോപ്പിലേക്കും ചരക്കുകള്‍ വരുന്ന പ്രധാന പാതകളിലൊന്നാണ് ചെങ്കടല്‍. ഇവിടെയാണ് യമനിലെ വിമതരായ ഹൂതികള്‍ തടസം സൃഷ്ടിച്ചിട്ടുള്ളത്. ഹൂതികള്‍ക്ക് പിന്നില്‍ ഇറാനാണ് എന്ന് മറ്റു രാജ്യങ്ങള്‍ സംശയിക്കുന്നു. ഹൂതികള്‍ സ്വന്തമായിട്ടാണ് ചെങ്കടലില്‍ ഇടപെടുന്നത് എന്നാണ് ഇറാന്റെ പ്രതികരണം.
ഹോര്‍മുസിനും ചെങ്കടലിനും പുറമെ യൂറോപ്പിലേക്കും ഇസ്രായേലിലേക്കും ചരക്കുകള്‍ എത്തുന്ന മറ്റൊരു വഴിയാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്ക്. അറ്റ്‌ലാന്റിക് സമുദ്രത്തെയും മെഡിറ്ററേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന മേഖലയാണിത്. സ്‌പെയിന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളോട് ചേര്‍ന്നാണ് ഈ പ്രദേശം. ഈ പാത തടയുമെന്നാണ് ഇറാന്റെ വിപ്ലവ ഗാര്‍ഡ് കമാന്റര്‍ ജനറല്‍ മുഹമ്മദ് റസ നഖ്ദി ഭീഷണി മുഴക്കിയിരിക്കുന്നത്.
ചെങ്കടല്‍ പാതയിലെ പ്രശ്‌നങ്ങള്‍ കാരണം ആഫ്രിക്കയിലൂടെ വളഞ്ഞ വഴിക്കാണ് ചില കപ്പലുകള്‍ യൂറോപ്പിലേക്കും ഇസ്രായേലിലേക്കും എത്തുന്നത്. ജിബ്രാള്‍ട്ടര്‍ കടലിടുക്കിലൂടെയാണ് ഈ കപ്പലുകളുടെ സഞ്ചാരം. ഈ മേഖല കൂടി തടഞ്ഞാല്‍ ഇസ്രായേലിനൊപ്പം യൂറോപ്പും പ്രതിസന്ധിയിലാകും. എന്നാല്‍ എങ്ങനെ തടയുമെന്ന് ഇറാന്‍ സൈനിക കമാന്റര്‍ പറഞ്ഞില്ല. പക്ഷേ, അദ്ദേഹത്തിന്റെ ഭീഷണി യൂറോപ്യന്‍ രാജ്യങ്ങള്‍ ഗൗരവത്തിലെടുത്തിട്ടുണ്ട്.
ചെങ്കടലില്‍ ഹൂതികളെ നേരിടാന്‍ അമേരിക്ക മുന്‍കൈയ്യെടുത്ത് പുതിയ സൈനിക സഖ്യം രൂപീകരിച്ചിരുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിന്റെ ഭാഗമായെങ്കിലും യുദ്ധക്കപ്പലുകള്‍ അയക്കാന്‍ പലരും വിസമ്മതിച്ചു. ഇതിന് കാരണം ഇറാന്റെ ഭീഷണിയാണ് എന്ന് സംശയമുണ്ട്. ജിസിസിയില്‍ നിന്ന് ബഹ്‌റൈന്‍ മാത്രമാണ് സഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്.
ഇറാന്‍ എവിടെയും നേരിട്ട് ഇടപെടുന്നില്ല. യമനിലെ ഹൂതി, ലബ്‌നാനിലെ ഹിസ്ബുല്ല, സിറിയയിലെ ഷിയാ സംഘങ്ങള്‍ എന്നിവരെ ഇറാന്‍ സഹായിക്കുന്നുണ്ട്. ഹമാസിനും ഇറാന്റെ പിന്തുണയുണ്ടെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. അതേസസമയം, ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ഇറാന്‍ പുതിയ നീക്കം നടത്തുമോ എന്നാണ് അറിയേണ്ടത്. സഹാറന്‍ മേഖലയിലെ വിമതരെ കൂടെ നിര്‍ത്തിയുള്ള നീക്കത്തിനാണ് സാധ്യത. മൊറോക്കോയുടെ പക്ഷം ചേര്‍ന്ന് ഈ വിമതരെ ഇസ്രായേല്‍ എതിര്‍ത്തിരുന്നു. സഹാറന്‍ വിമതരെ ഇറാന്‍ കൂട്ടുപിടിച്ചാല്‍ ഇസ്രായേലിനും യൂറോപ്പിനും തിരിച്ചടിയാകും.












Click it and Unblock the Notifications