അടിക്ക് തിരിച്ചടി; അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തി കാനഡ: പ്ലാന്‍ ബിയുമായി മെക്സിക്കോ
ടൊറന്റോ: ഇറക്കുമതി തീരുവ സംബന്ധിച്ച ട്രംപിന്റെ ട്രംപിന്റെ പുതിയ ഉത്തരവില്‍ പ്രതികരിച്ച് കാനഡയും മെക്സിക്കോയും. കനേഡിയൻ, മെക്സിക്കൻ ഇറക്കുമതികൾക്ക് 25 ശതമാനവും ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 10 ശതമാനവും തീരുവ ചുമത്തിക്കൊണ്ടുള്ള ഉത്തരവിലാണ് ട്രംപ് ഒപ്പിട്ടിരിക്കുന്നത്. ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്ത് വരികയായിരുന്നു.
അമേരിക്കയുടെ നിലപാടിന് അതേ രീതിയില്‍ തിരിച്ചടി നല്‍കുമെന്നാണ് ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. ' രാജ്യത്തേക്ക് എത്തുന്ന 155 ബില്യൺ കനേഡിയന്‍ ഡോളറിന്റെ യുഎസ് ഇറക്കുമതിക്ക് കാനഡ 25 ശതമാനം തീരുവ ചുമത്തും' ട്രൂഡോ വ്യക്തമാക്കി. ഇതില്‍ 30 ബില്യൺ കനേഡിയൻ ഡോളറിന്റെ ഉൽപന്നങ്ങൾക്കുള്ള നികുതി നിർദേശം ചൊവ്വാഴ്ച മുതൽ നിലവില്‍ വരും. ശേഷിക്കുന്നുവയ്ക്കുള്ള അധിക നികുതി 21 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കന്‍ നീക്കത്തിന് മറുപടിയായി പ്ലാന്‍ ബി നടപ്പിലാക്കുമെന്നാണ് മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അറിയിച്ചത്. 'മെക്സിക്കോയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി താരിഫ്, നോൺ-താരിഫ് നടപടികൾ ഉൾപ്പെടെ ഞങ്ങൾ പ്രവർത്തിച്ചുവരുന്ന പ്ലാൻ ബി നടപ്പിലാക്കാൻ തന്റെ സാമ്പത്തിക മന്ത്രിയോട് ആവശ്യപ്പെട്ടു' ഷെയിൻബോം പറഞ്ഞു.
മയക്കുമരുന്ന് കടത്ത് ഗ്രൂപ്പുകളുമായി കൊളംബിയന്‍ സർക്കാറിന് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന ട്രംപിന്റെ ആരോപണത്തിന് അവർ മറുപടി നല്‍കി. 'ക്രിമിനൽ സംഘടനകളുമായുള്ള സഖ്യത്തെക്കുറിച്ച് മെക്സിക്കൻ സർക്കാരിനെതിരെ വൈറ്റ് ഹൗസ് നടത്തിയ അപവാദ പ്രചരണത്തെ ശക്തമായ ഭാഷയില്‍ തള്ളിക്കളയുന്നു" ഷെയിൻബോം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
അമേരിക്ക ഏർപ്പെടുത്തിയ പുതിയ താരിഫുകൾക്കെതിരെ "അനുയോജ്യമായ പ്രതിരോധ നടപടികൾ" സ്വീകരിക്കുമെന്ന് ചൈനയും വ്യക്തമാക്കി. അതേസമയം, തീരുവ ഒഴിവാക്കണമെങ്കിൽ കമ്പനികളോട് അമേരിക്കയിലേക്ക് പ്രവർത്തനം മാറ്റാണമെന്നാണ് നിര്‍ദേശം. താരിഫുകൾ സംബന്ധിച്ച മൂന്ന് വ്യത്യസ്ത എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. 'നമ്മൾ അമേരിക്കക്കാരെ സംരക്ഷിക്കേണ്ടതുണ്ട്, എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പ്രസിഡന്റ് എന്ന നിലയിൽ എന്റെ കടമയാണ്. നമ്മുടെ അതിർത്തികളിലൂടെ അനധികൃത കുടിയേറ്റക്കാരുടെയും മയക്കുമരുന്നുകളുടെയും ഒഴുക്ക് തടയുമെന്ന് എന്റെ പ്രചാരണ വേളയിൽ ഞാൻ വാഗ്ദാനം ചെയ്തു അമേരിക്കക്കാർ വൻതോതിൽ അതിനെ അനുകൂലിച്ച് വോട്ട് ചെയ്തു' സോഷ്യല്‍ മീഡിയയിലൂടെ ട്രംപ് വ്യക്തമാക്കി
ഭാവിയിൽ യൂറോപ്യൻ യൂണിയനുമേൽ തീരുവ ചുമത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. സെമികണ്ടക്ടറുകൾ, സ്റ്റീൽ, അലുമിനിയം, എണ്ണ, വാതകം എന്നിവയ്ക്കും താരിഫ് ഭീഷണയുണ്ട്. 2023 ലെ കണക്കനുസരിച്ച് കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നും 900 ബില്യൺ ഡോളർ മൂല്യമുള്ള ഉത്പന്നങ്ങളാണ് അമേരിക്ക ഇറക്കുമതി ചെയ്തത്. മെക്സിക്കോയും കാനഡയും യുഎസ് കാർഷിക ഇറക്കുമതിയിലാണ് ഗണ്യമായ പങ്ക് വഹിക്കുന്നു. പുതിയ തീരുവകൾ അവോക്കാഡോ, തക്കാളി തുടങ്ങിയ ജനപ്രിയ ഭക്ഷണങ്ങളുടെ വിലയിൽ വർദ്ധനവിന് കാരണമാകും. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, കനേഡിയൻ ഉൽപ്പന്ന കയറ്റുമതിയുടെ ഏകദേശം 80 ശതമാനം അമേരിക്കയിലേക്കാണ് എത്തുന്നത്.












Click it and Unblock the Notifications