ഇറാന് കനത്ത തിരിച്ചടി നല്‍കി കാനഡ: ഇനി കാനഡയില്‍ കാല് കുത്താനാകില്ല, സ്വത്തും പിടിച്ചെടുക്കും
ഒട്ടാവ: ഇറാന്റെ ഔദ്യോഗിക സേനാവിഭാഗമായ ഇറാന്‍ റവല്യൂഷണറി ഗാർഡിസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ശത്രുരാജ്യങ്ങളുടെ സൈന്യത്തെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത് അത്യപൂർവ്വമായ കാര്യമയതിനാല്‍ തന്നെ കാനഡയുടെ നടപടി ഇതിനോടകം തന്നെ അന്തർദേശീയ തലത്തില്‍ വലിയ ചർച്ചാ വിഷഷയമായി കഴിഞ്ഞു. ലോകമെങ്ങും ഇറാന്‍ റവല്യൂഷണറി ഗാർഡ് ഭീകരപ്രവർത്തനം നടത്തുന്നു, മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കൊടുപിടിക്കുന്നു എന്ന കാരണങ്ങള്‍ മുന്‍ നിർത്തി ആഗോളഭീകരയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഇറാന്‍ സേനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നുവെന്നാണ് കാനഡയുടെ പൊതു സുരക്ഷാ മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
'ക്രിമിനൽ കോഡ് പ്രകാരം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിനെ തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്താൻ ഞങ്ങളുടെ സർക്കാർ തീരുമാനിച്ചു.' പൊതു സുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാനഡയിലെ പ്രതിപക്ഷ പാർട്ടികള്‍ അടക്കം ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോള്‍ സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. പുതിയ പ്രഖ്യാപനത്തോടെ ഇറാന്‍ സേനയുമായി ബന്ധമുള്ള ഒരാള്‍ക്കും കാനഡയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല.

2012ൽ കാനഡ ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച കാര്യം ചൂണ്ടിക്കാട്ടിയ വിദേശകാര്യമന്ത്രി മെലാനി ജോളി ഇറാനിലേക്കുള്ള യാത്ര ഉപേക്ഷിക്കണമെന്ന് കനേഡിയന്‍ പൌരന്മാരോട് നിർദേശിച്ചിട്ടുമുണ്ട്. "ഇപ്പോൾ ഇറാനിലുള്ളവർക്ക്. നാട്ടിലേക്ക് മടങ്ങാൻ സമയമായി," അവർ പറഞ്ഞു.
ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ ഈ സംഘടനകളിലെ അംഗങ്ങളെ കാനഡയിൽ പ്രവേശിക്കുന്നതിൽ നിന്നും കാനഡയുമായി വ്യക്തിഗത അംഗങ്ങളുമായോ ഗ്രൂപ്പുമായോ എന്തെങ്കിലും ഇടപാടുകൾ നടത്തുന്നതിൽ നിന്നും തടയുന്നു. ഈ സംഘത്തില്‍പ്പെടുന്ന ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള സ്വന്തുക്കള്‍ കാനഡയിലുണ്ടെങ്കില്‍ സർക്കാറിന് അത് പിടിച്ചെടുക്കാന്‍ സാധിക്കും.
2020 ജനുവരിയിൽ ടെഹ്‌റാനിൽ നിന്ന് 176 പേരുമായി പറന്നുയർന്ന യുക്രൈന്‍ വിമാനം തകർന്നത് ഇറാന്റെ മിസൈല്‍ പതിച്ചാണെന്ന് യുഎസ് കാനഡയും യുകെയും ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന നിരവധി രഹസ്യ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ പറഞ്ഞിരുന്നു. 63 കനേഡിയന്‍ സ്വദേശികളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഈ സംഭവത്തോടെയാണ് ഇറാന്‍ സേനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായത്. എന്നാല്‍ ഈ ആരോപണങ്ങളെ ഇറാന്‍ അന്ന് നിഷേധിക്കുകയായിരുന്നു ചെയ്തത്.
അൽ-ഖ്വയ്ദ, ഹിസ്ബുള്ള, താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്, നോർത്ത് അമേരിക്കൻ നിയോ ഫാസിസ്റ്റ് തീവ്രവാദി സംഘടനയായ പ്രൗഡ് ബോയ്സ് തുടങ്ങി 80 ഓളം സംഘടനകളെ കാനഡ ഇതിനോടകം ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇറാന്റെ തന്നെ ഖുദ്‌സ് ഫോഴ്‌സിനെ ഒരു തീവ്രവാദ സംഘടനയായി കാനഡ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 2022 ൽ ഗാർഡ്‌സിലെ അംഗങ്ങൾ ഉൾപ്പെടെ 10,000 ഇറാനിയൻ ഉദ്യോഗസ്ഥർക്ക് സ്ഥിരമായി പ്രവേശനം നിഷേധിക്കുകയും ചെയ്തു.
2019 ഏപ്രിലിൽ അമേരിക്കയും റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. റഷ്യയ്ക്കും മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷികൾക്കും ഡ്രോണുകൾ വിതരണം ചെയ്തുവെന്ന് ആരോപിച്ച് ഈ മാസമാദ്യം യൂറോപ്യൻ യൂണിയന്‍ റെവല്യൂഷണറി ഗാർഡ്‌സിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications