യുഎഇ വരുമോ.. ഇന്ത്യ-കാനഡ തർക്കം പരിഹരിക്കാന്‍: ഷെയ്ഖ് അൽ നഹ്യാനുമായി ട്രൂഡോ സംസാരിച്ചത്
ടൊറന്റോ: ഇന്ത്യയുമായുള്ള നയതന്ത്ര തന്ത്രം ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനുള്ള നീക്കങ്ങളുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുമായി വളരെ അടുത്ത ബന്ധമുള്ള ലോകരാഷ്ട്രങ്ങളുമായിട്ടാണ് അദ്ദേഹം വിഷയം ചർച്ച ചെയ്യുന്നത്. യുകെയുമായി വിഷയം ചർച്ച ചെയ്ത ട്രൂഡോ കഴിഞ്ഞ ദിവസം യു എ ഇയുമായി ഇന്ത്യയുമായുള്ള നയതന്ത്ര തർക്കങ്ങളെക്കുറിച്ച് സംസാരിച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായിട്ടാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച ഇന്ത്യ-കാനഡ തർക്കം ചർച്ച ചെയ്തത്. "നിയമവാഴ്ച" ഉയർത്തിപ്പിടിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ട്രൂഡോ വ്യക്തമാക്കി. ടെലിഫോണിലൂടെ സംഭാഷണം നടത്തിയ ഇരു രാഷ്ട്ര നേതാക്കളും ഇസ്രായേലിലെ നിലവിലെ അവസ്ഥയെക്കുറിച്ചും സംസാരിച്ചു.

പൊതു ജനജീവിതം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വളരെ പ്രധാനപ്പെട്ടതാണെന്ന് ഇസ്രായേല്‍ - ഹമാസ് സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ നഹ്യാനും ട്രൂഡോയും വ്യക്തമാക്കി. " ഹിസ് ഹൈനസ് മുഹമ്മദ് ബിൻ സായിദും ഞാനും ഇസ്രായേലിലെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. ഞങ്ങൾ ശക്തമായ ആശങ്ക പ്രകടിപ്പിക്കുകയും സിവിലിയൻ ജീവൻ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു," ട്രൂഡോ എക്‌സിൽ പോസ്റ്റ് ചെയ്തു.
"ഞങ്ങൾ ഇന്ത്യയെക്കുറിച്ചും നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിന്റെയും ബഹുമാനിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു," അദ്ദേഹത്തിന്റെ പോസ്റ്റ് കൂട്ടിച്ചേർത്തു.ഞായറാഴ്ച, യുകെ പ്രധാനമന്ത്രി ഋഷി സുനക് ജസ്റ്റിൻ ട്രൂഡോയുമായി നടത്തിയ കോളിലും ഇന്ത്യ-കാനഡ തർക്കം രമ്യമായി പരിഹരിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.
നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷന്റെ തത്വങ്ങൾ ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പരമാധികാരത്തെയും നിയമവാഴ്ചയെയും മാനിക്കണമെന്ന യുകെയുടെ നിലപാടും സുനക് ആവർത്തിച്ചു. അതേസമയം, ഇന്ത്യയിലെ കനേഡിയൻ നയതന്ത്രജ്ഞരുമായി ബന്ധപ്പെട്ട സാഹചര്യത്തെക്കുറിച്ച് ട്രൂഡോ സുനകിനോട് വിശദീകരിച്ചു.
അതേസമയം, ഇരുരാജ്യങ്ങള്‍ക്കിടയിലേയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഎഇയും യുകെയും ഇടപെടുമോയന്ന ചോദ്യവും നയതന്ത്ര മേഖലയില്‍ നിന്നും ഇപ്പോള്‍ ഉയർന്ന് വരുന്നുണ്ട്. ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം ഗണ്യമായി വെട്ടിക്കുറയ്ക്കാൻ ഇന്ത്യ കാനഡയോട് അഭ്യർത്ഥിച്ചതായി റിപ്പോർട്ടുകൾ നേരത്തെ സൂചിപ്പിച്ചിരുന്നു. ഉയർന്ന തോതില്‍ നയതന്ത്രജ്ഞർ രാജ്യത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും അവരുടെ എണ്ണം 62 ൽ നിന്ന് 21 ആയി കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നുമാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഒക്ടോബറിൽ പറഞ്ഞു.
കാനഡയിലെ ഒരു ഖാലിസ്ഥാൻ വിഘടനവാദി നേതാവായ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഒരു മുതിർന്ന ഇന്ത്യൻ നയതന്ത്രജ്ഞനെ കനേഡിയൻ സർക്കാർ പുറത്താക്കിയതിനെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നത്.












Click it and Unblock the Notifications