ഉറുഗ്വേയുടെ പാതയിൽ കാനഡയും; രാജ്യത്ത് കഞ്ചാവ് ഉപയോഗം ഇനി നിയമപരം
ഉറുഗ്വേയുടെ പാതയിൽ കാനഡയും; രാജ്യത്ത് കഞ്ചാവ് ഉപയോഗം ഇനി നിയമപരം
ഒട്ടാവ: കാനഡയിൽ കഞ്ചാവിന്റെ ഉപയോഗവും ഉൽപാദനവും നിയമവിധേയമാക്കി. രാജ്യത്ത് കഞ്ചാവ് ഉപയോഗം നിയമപരമാക്കിയ ബിൽ കാനഡ സെനറ്റ് അംഗീകരിച്ചു. ജൂലൈ ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് തീരുമാനമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. കഞ്ചാവിന്റെ ഉൽപാദനം, വിതരണം, വിൽപ്പന എന്നിവ പുതിയ നിയമത്തിൻരെ പരിധിയിൽ വരും. 2001 മുതൽ മരുന്ന് ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കിയിരുന്നു.
ഉറുഗ്വേയാണ് കഞ്ചാവിന്റെ ഉപയോഗം നിയമപരമാക്കിയ ആദ്യരാജ്യം .2013 ലാണ് ഉറുഗ്വേയിൽ ഇതിനുള്ള നിയമം പ്രാബല്യത്തിൽ വരുന്നത്. സെപ്റ്റംബർ മാസത്തോടെ അംഗീകൃത വിപണനക്കാരിൽ നിന്നും കഞ്ചാവും അനുബന്ധ ഉൽപ്പന്നങ്ങളും കാനഡക്കാർക്കും ലഭ്യമാകും.

പ്രധാനമന്ത്രി പറയുന്നത്
" ഇത്രയും നാൾ നമ്മുടെ കുട്ടികൾക്ക് അനായാസം കഞ്ചാവ് ലഭ്യമാകുകയും ക്രിമിനലുകൾ ലാഭം കൊയ്യുകയും ചെയ്തു, ഇന്നു മുതൽ നമ്മൾ മാറുകയാണ്" എന്നാണ് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തത്. പ്രായപൂർത്തിയായവർക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈയ്യിൽ കരുതാം . 18 വയസിൽ താഴെയുള്ളവർക്ക് കഞ്ചാവ് വിൽക്കുന്നത് കുറ്റകരമാണ്.
|
തെരഞ്ഞെടുപ്പ് വാഗ്ദാനം
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കഞ്ചാവിന്റെ നിയമപരമായ ഇടപാട്. കൂട്ടുകാർക്കൊപ്പം താൻ പലതവണ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ട്രൂഡോയുടെ പരിഷ്കാരത്തിനെതിരെ വിമർശനവും ശക്തമാണ്. ഇൗ നിയമം തന്നെ ഭയപ്പെടുത്തുകയാണെന്നാണ് കൺസർവേറ്റീവ് പാർട്ടി നേതാവ് ആൻഡ്രൂ ഷീർ പറഞ്ഞത്. ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാത്തതുകൊണ്ടാണ് ഇത് നിയമമായതെന്നും ഷീർ ട്വീറ്റ് ചെയ്തു.

പരസ്യം പാടില്ല
കഞ്ചാവിന്റെ ഉപയോഗം പ്രോഹത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പാടില്ലെന്ന് കർശനമായ നിർദ്ദേശമുണ്ട്. പാക്കറ്റിൽ ആരോഗ്യപരമായ മുന്നറിയിപ്പുകളും ഉണ്ടായിരിക്കണം. നിയമം നടപ്പാക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ എട്ടുമുതല്‍ 12 ആഴ്ച വരെ സമയം ചോദിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് കഞ്ചാവ് വിറ്റാൽ 14 വർഷംവരെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും. കഞ്ചാവ് ഉപയോഗിച്ച് നിർമിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിപണിയിലെത്താൻ ഒരു വർഷത്തോളമെടുക്കും.

എന്തുകൊണ്ട് കാനഡ
കഞ്ചാവ് ഇടപാടുകൾ കുറ്റകരമാക്കുന്ന നിയമം ഫലപ്രദമല്ലന്നാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറയുന്നത്. കുറ്റകരമായിട്ടുപോലും ലോകത്തിൽ ഏറ്റവും കൂടുതൽ കഞ്ചാവ് ഉപയോഗിക്കുന്നത് കാനഡക്കാർ തന്നെയാണ്. കനേഡിയൻ ജനതയുടെ ഏറിയ പങ്കും നിയമത്തെ അനുകൂലിക്കുന്നവരാണ്. നിയമപരമല്ലെങ്കിൽ നിയമംലംഘിച്ച് ഉപയോഗിക്കുന്നു, ഇതുവഴി ലാഭം ഉണ്ടാക്കുന്നത് ക്രിമിനലുകളാണ്. ജനസംഖ്യയിൽ ഭൂരിഭാഗവും പിന്തുണയ്ക്കിന്നതിനാൽ നിയമം ആവശ്യമാമെന്ന നിലപാടിലാണ് ഭരണകൂടം.












Click it and Unblock the Notifications