'തീര്‍ന്നു... ഇതുവരെയുള്ള എല്ലാ ബന്ധങ്ങളും'; ട്രംപിനോട് മാര്‍ക്ക് കാര്‍ണി
ഒട്ടാവ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശക്തമായി വിമര്‍ശിച്ച് കാനഡയിലെ നിയുക്ത പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ലിബറല്‍ പാര്‍ട്ടി വിജയിച്ചതിന് ശേഷമുള്ള തന്റെ പ്രസംഗത്തില്‍ ആയിരുന്നു കാര്‍ണിയുടെ ട്രംപ് വിമര്‍ശനം. കാനഡയും അമേരിക്കന്‍ ഐക്യനാടുകളും തമ്മിലുള്ള സംയോജനത്തിന്റെ യുഗം അവസാനിച്ചുവെന്ന് കാര്‍ണി പറഞ്ഞു.
'നമ്മുടെ ചരിത്രത്തിലുടനീളം വഴിത്തിരിവുകള്‍ ഉണ്ടായിട്ടുണ്ട്. ലോകത്തിന്റെ ഭാഗ്യം തുലനം ചെയ്ത വഴിത്തിരിവുകള്‍. ശീതയുദ്ധത്തിന്റെ അവസാനത്തിലെന്നപോലെ, രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിലും അങ്ങനെയായിരുന്നു. ആ സമയങ്ങളില്‍, കാനഡ മുന്നോട്ടുവരാന്‍ തീരുമാനിച്ച. സ്വതന്ത്രവും പരമാധികാരവും അഭിലാഷവുമുള്ള ഒരു രാഷ്ട്രമായി സ്വയം ഉറപ്പിക്കാന്‍. ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പാത നയിക്കാന്‍', അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളിലൊന്നിലേക്ക് നാം വീണ്ടും എത്തിയിരിക്കുന്നു എന്നും അമേരിക്കയുമായുള്ള നമ്മുടെ പഴയ ബന്ധം അവസാനിച്ചു എന്നും കാര്‍ണി വ്യക്തമാക്കി. 'അമേരിക്കന്‍ വഞ്ചനയുടെ ഞെട്ടലില്‍ നിന്ന് നമ്മള്‍ മോചിതരാണ്. പക്ഷേ, പാഠങ്ങള്‍ ഒരിക്കലും മറക്കരുത്. നമ്മള്‍ ഇത് മുന്നോട്ട് കൊണ്ടുപോകും,' കാര്‍ണി കൂട്ടിച്ചേര്‍ത്തു. കാനഡയ്ക്ക് അഭിവൃദ്ധി കൊണ്ടുവന്ന അമേരിക്കയുമായുള്ള പഴയ ബന്ധം അവസാനിച്ചു.
കാനഡയ്ക്ക് മുന്നില്‍ മറ്റ് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ഇനി അമേരിക്കയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കും,' വാഷിംഗ്ടണിനും പ്രസിഡന്റ് ട്രംപിനും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അദ്ദേഹം പറഞ്ഞു. അധികാരമേറ്റതിന് പിന്നാലെ കാനഡയോട് ശത്രുരാജ്യങ്ങളോട് പെരുമാറുന്നത് കണക്കെയായിരുന്നു ട്രംപിന്റെ സമീപനം. കാനഡയെ 'അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനം' ആക്കും എന്നും അദ്ദേഹം പറഞ്ഞു.
കാനഡയുടെ പരമാധികാരത്തെ ആവര്‍ത്തിച്ച് അവഗണിക്കുകയും പ്രധാനമന്ത്രിയെ ഗവര്‍ണര്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടും ആയിരുന്നു ട്രംപ് അനാദരവ് പ്രകടിപ്പിച്ചത്. ഒട്ടാവ തുടക്കത്തില്‍ ഈ പരാമര്‍ശങ്ങളെ ഒരു തമാശയായിട്ടായിരുന്നു കണക്കാക്കിയത്. എന്നാല്‍ പിന്നീട് കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍, മിനസോട്ട എന്നീ സംസ്ഥാനങ്ങളെ തങ്ങള്‍ 'വിലക്കെടുക്കും' എന്ന് പറഞ്ഞ് കാനഡയും തിരിച്ചടിച്ചു.
ഇതോടെ ഡൊണാള്‍ഡ് ട്രംപ് സാമ്പത്തികമായി തളര്‍ത്താനും വ്യാപാരത്തെ പൂര്‍ണമായും ആശ്രയിച്ചിരുന്ന കാനഡയെ സമ്മര്‍ദ്ദത്തിലാക്കാനുമായി നികുതികളും തീരുവകളും പ്രഖ്യാപിച്ചു. എന്നാല്‍ കനേഡിയന്‍ ജനത ഈ നീക്കത്തിന് തിരിച്ചടി നല്‍കിയത് തിരഞ്ഞെടുപ്പിലൂടെയായിരുന്നു. ട്രംപിനെ ചെറുക്കാന്‍ മാത്രമല്ല, ഭാവിയില്‍ അദ്ദേഹം നടത്തുന്ന ഏതൊരു ശ്രമത്തെയും വിജയകരമായി തിരിച്ചടിക്കാന്‍ നിര്‍ണായക ജനവിധിയുള്ള ഒരു സര്‍ക്കാരിനെ തിരഞ്ഞെടുക്കുകയായിരുന്നു കാനഡ.












Click it and Unblock the Notifications