യുഎസിനോട് കാനഡയുടെ പ്രതികാരം; യുഎസ് വാഹനങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ
യുഎസിന്റെ ഇറക്കുമതി തീരുവക്ക് മറുപടിയുമായി കാനഡ. ഇനി മുതൽ യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25 ശതമാനം നികുതി ഈടാക്കുമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി അറിയിച്ചു. കാനഡ-യുഎസ്-മെക്സിക്കോ കരാർ (സിയുഎസ്എംഎ) പാലിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
'രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം മുതൽ കാനഡ ആശ്രയിച്ചിരുന്ന അമേരിക്കയുമായുള്ള വ്യാപാര ബന്ധം ഇവിടെ അവസാനിച്ചു. 80 വർഷത്തോളം ആഗോള സാമ്പത്തിക ശക്തിയായിരുന്ന യുഎസിന്റെ നേതൃപദവിയും ഇതോടെ അവസാനിക്കുകയാണ്', കാർനി വ്യക്തമാക്കി.

'സ്വന്തം രാജ്യത്തെ ജനങ്ങളെ ബാധിക്കുമെന്നത് കൊണ്ട് തന്നെ അമേരിക്ക തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകണമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എന്നാൽ അനാവശ്യമായൊരു പ്രതീക്ഷ നൽകാൻ ഞാൻ തയ്യാറല്ല. കഴിഞ്ഞ ദിവസം ട്രംപ് ഭരണകുടം ഏർപ്പെടുത്തിയ അധിക തീരുവ ആഗോള സാമ്പത്തിക രംഗത്തെ സാരമായി ബാധിക്കും', കാർനി പറഞ്ഞു.
പകരം ചുങ്കം ഏർപ്പെടുത്തിക്കൊണ്ടുള്ള യുഎസിന്റെ നീക്കം കാഡയെ കാര്യമായി ബാധിക്കില്ല. യുഎസ്-കാനഡ-മെക്സിക്കോ സ്വതന്ത്ര വ്യാപാര കരാർ പാലിക്കുന്ന ഉൽപ്പന്നങ്ങൾക്ക് യുഎസ് ഇളവ് നൽകാനും തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ മിക്ക കനേഡിയൻ ഉത്പന്നങ്ങൾക്കും അധിക തീരുവ യുഎസിൽ നിന്ന് ഉണ്ടാകില്ല. എന്നാൽ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ കാനഡയുടെ സ്റ്റീൽ, അലുമിനിയം , വാഹനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ ചുമത്തുന്നുണ്ട്.
ഉയര്‍ന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള പകരം ചുങ്കം കഴിഞ്ഞ ദിവസമാണ് യുഎസ് പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയത്. ലോകത്ത് ഇന്ത്യയാണ് യുഎസിന് മേൽ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്നതെന്ന വിമർശനം ട്രംപ് നേരത്തേ ഉയർത്തിരുന്നു. മോദിയുമായി വളരെ അടുത്ത ബന്ധം തനിക്കുണ്ടെന്ന് ആവർത്തിക്കുമ്പോഴും വ്യാപാരകാര്യത്തിൽ ഇന്ത്യ തങ്ങളോട് പ്രതികാര ബുദ്ധിയോടെയാണ് സമീപിക്കുന്നതെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. അതേസമയം ഇന്ത്യയെ കൂടാതെ ചൈന, യൂറോപ്യൻ യൂനിയൻ എന്നിവർക്കെല്ലാം യുഎസ് നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. 34 ശതമാനവും ഇറക്കുമതി തീരുവയാണ് ചൈനക്ക് ഏർപ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം തീരുവയും യുകെയ്ക്ക് 10 ശതമാനവും ജപ്പാന് 24 ശതമാനവുമാണ് തീരുവ.












Click it and Unblock the Notifications