കാനഡ പോളിങ് ബൂത്തിലേക്ക്; ഏപ്രില്‍ 28ന് വോട്ടെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഒട്ടാവ: കാനഡയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. യുഎസ്-കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് കാനഡയില്‍ പ്രസിഡന്റിന്റെ നിര്‍ണായക നീക്കമുണ്ടായത്. അടുത്തമാസം 28ന് കാനഡയില്‍ വോട്ടെടുപ്പ് നടക്കുമെന്ന് കാര്‍ണി അറിയിച്ചു. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് കാര്‍ണി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് പിരിച്ചുവിടാനും കാര്‍ണി ഗവര്‍ണറോട് ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ ജനറലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ലിബറല്‍ പാര്‍ട്ടി നേതാവ് കൂടിയായ മാര്‍ക്ക് കാര്‍ണിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. കാര്‍ണിയുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും മാര്‍ക്ക് കാര്‍ണി പ്രതികരിച്ചു. 'ട്രംപ് കാനഡയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ട്രംപിന്റെ താരിഫ് നയങ്ങള്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. യുഎസ് നീക്കത്തെ ഒന്നായി നേരിടണം. കാനഡ ഒരു യഥാര്‍ത്ഥ രാജ്യമല്ലെന്നാണ് ട്രംപിന്റെ വാദം. പ്രസിഡന്റ് ട്രംപിനെ നേരിടാനും എല്ലാവര്‍ക്കും അനുയോജ്യമായ ഒരു പുതിയ കനേഡിയന്‍ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും ശക്തവും പോസിറ്റീവുമായ ഒരു ജനവിധി ഞാന്‍ കനേഡിയന്‍ പൗരന്‍മാരോട് അഭ്യര്‍ഥിക്കുന്നു, കാരണം നമുക്ക് മാറ്റം ആവശ്യമാണ്. വലിയ മാറ്റം, ഒരു പോസിറ്റീവായ മാറ്റം' - കാര്‍ണി പറഞ്ഞു.
സാധാരണ ഗതിയില്‍ ഒക്ടോബര്‍ 20നുള്ളിലാണ് കാനഡയില്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാല്‍ അമേരിക്ക - കാനഡ വ്യാപാര യുദ്ധം നടക്കുന്നതിനിടയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നില്‍ മാര്‍ക്ക് കാര്‍ണിയുടെ മറ്റൊരു കണക്ക് കൂട്ടല്‍ കൂടിയുണ്ട്. വോട്ടെടുപ്പ് നേരത്തെ നടത്തിയാല്‍ ലിബറല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. യുഎസിന്റെ തീരുവയും, കാനഡയെ യുഎസിനോട് കൂട്ടിച്ചേര്‍ക്കാനുള്ള ട്രംപിന്റെ നീക്കവുമെല്ലാം തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചാ വിഷയമായി ഉയര്‍ത്തിക്കാട്ടാനാണ് സാധ്യത.
ജനുവരി ആറിന് ജസ്റ്റിസ് ട്രൂഡോ രാജിവെച്ചതിന് പിന്നാലെയാണ് ലിബറല്‍ പാര്‍ട്ടി നേതാവായ മാര്‍ക്ക് കാര്‍ണി അധികാരമേറ്റത്. ഈ മാസം 14നാണ് മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ രാജി വച്ചത്. ഒന്‍പത് വര്‍ഷം അധികാരത്തിലിരുന്ന ശേഷമാണ് ട്രൂഡോയുടെ പടിയിറക്കം. കനേഡിയന്‍ പാര്‍ലമെന്റില്‍ ലിബറല്‍ പാര്‍ട്ടിയുടെ 153 എംപിമാരില്‍ 131 പേര്‍ ട്രൂഡോയ്ക്ക് എതിരായിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികള്‍ സര്‍ക്കാര്‍ നേരിടുന്ന സാഹചര്യത്തിലായിരുന്നു രാജി.












Click it and Unblock the Notifications