400 കിലോ തനി തങ്കവും 15 കോടിയും: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ച, ഇന്ത്യക്കാരും പിടിയിലായി
ഒട്ടാവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവർച്ചയില്‍ ഇന്ത്യക്കാരായ രണ്ടുപേർ ഉള്‍പ്പെടെ ആറുപേർ പിടിയില്‍. സ്വർണം, കറന്‍സി എന്നിവയാണ് ക്രിമിനല്‍ സംഘം കൊള്ളയടിച്ചത്. 2023 ഏപ്രിൽ 17ന് ടൊറന്റോയിലെ പിയേഴ്സൻ രാജ്യാന്തര വിമാനത്താവളത്തിലാണ് രാജ്യത്തെ ഞെട്ടിച്ച കൊള്ള നടന്നത്. അന്വേഷണത്തിന് ഒടുവില്‍ ഇന്ത്യന്‍ വംശജരായ പരംപാൽ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവർ ഉള്‍പ്പെടേയുള്ളവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
എയർ കാനഡ ജീവനക്കാരനായ ഇന്ത്യന്‍ വംശജരില്‍ ഒരാൾ അറസ്റ്റിനു മുൻപ് രാജിവച്ചിരുന്നു. ടൊറൻ്റോയിലെ പിയേഴ്‌സൺ ഇൻ്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ചായിരുന്നു കൊള്ള. സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നിന്ന് എയർ കാനഡ വിമാനത്തിലെത്തിയെ 400 കിലോ തങ്കവും 25 ലക്ഷം കനേഡിയൻ ഡോളർ (15 കോടി രൂപ) മൂല്യമുള്ള വിദേശ കറൻസികളും അടങ്ങുന്ന പാഴ്സല്‍ മോഷ്ടിക്കപ്പെടുകയായിരുന്നു.

വ്യാജ രേഖകള്‍ ഉള്‍പ്പെടെ തയ്യാറാക്കിക്കൊണ്ടായിരുന്നു സംഘം വന്‍ കവർച്ച ആസൂത്രണം ചെയ്തത്. സ്വിറ്റ്സർലൻഡില്‍ നിന്നും എത്തിയ ചരക്ക് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിന് മുമ്പ് വിമാനത്താവള പരിസരത്തെ തന്നെ സുരക്ഷിതമായ സംഭരണ കേന്ദ്രത്തിലേക്ക് മാറ്റിവെക്കേണ്ടതുണ്ട്. ഇതിന് ഇടയിലാണ് ചരക്ക് മോഷ്ടിക്കപ്പെട്ടത്. പ്രതികളിലൊരാൾ ഓടിച്ച ട്രക്ക് വെയർഹൗസിലേക്ക് കയറ്റുകയും സ്വർണക്കട്ടികളും നോട്ടുകളും നിറച്ച കണ്ടെയ്‌നറും കടത്തുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
എയർ കാനഡയിൽ ജോലി ചെയ്തിരുന്ന വ്യക്തികളായിരുന്നു മോഷണത്തിന്റെ കേന്ദ്ര ബിന്ദു എന്നതാണ് ശ്രദ്ധേയം. മോഷണത്തില്‍ ഇവരുടെ പങ്ക് നിർണ്ണായകമാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. കേസുമായി ബന്ധമുള്ള എയർ കാനഡ ജീവനക്കാരനായിരുന്ന സിമ്രാൻ പ്രീത് പനേസർ (31), അർചിത് ഗ്രോവർ (36) എന്നിവരുടെ അറസ്റ്റിനുള്ള വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരാണ് മോഷണത്തിനുള്ള നിർണ്ണായക വിവരങ്ങള്‍ കൈമാറിയത്. അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാദ് പരമലിംഗം (35), ഡ്യൂറന്റ് കിങ് മക‍്‍ലീൻ (25) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
പിറ്റേന്ന് രാവിലെയാണ് ചരക്ക് അപ്രത്യക്ഷമായത് സംബന്ധിച്ച് വിവരം പൊലീസിന് ലഭിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര അധികാരപരിധിയിൽ വ്യാപിച്ചുകിടക്കുന്ന അന്വേഷണം ആരംഭിച്ചു. മാസങ്ങൾ നീണ്ട നിരന്തര അന്വേഷണത്തിന് ശേഷമാണ് പ്രതികളിലേക്ക് എത്തുന്നത്. ആയുധക്കടത്തുമായി ബന്ധമുള്ള വ്യക്തിയാണ് ഡ്യൂറന്റ് കിങ് മക‍്‍ലീൻ. ഇദ്ദേഹം ഇപ്പോള്‍ അമേരിക്കന്‍ പൊലീസിന്റെ പിടിയിലാണ്. മക‍്‍ലീൻ അമേരിക്കയില്‍ വെച്ച് തോക്കുകളുമായി പിടിയിലായതാണ് മോഷണത്തിന്റെ പ്രതികളിലേക്ക് അന്വേഷണം എത്തിച്ചതെന്നും റിപ്പോർട്ടുകള്‍ പറയുന്നു.












Click it and Unblock the Notifications