കാനഡയിലെ കോടീശ്വരനും ഭാര്യയും മരിച്ചനിലയിൽ; ദുരൂഹതയേറെ, മരുന്നുകൾ നിർമ്മിച്ച് കോടികൾ സമ്പാദിച്ചവർ
ലോക പ്രശസ്ത കനേഡിയൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അപോടെക്സിന്റെ സ്ഥാപകൻ ബാരി ഷെർമാൻ, ഭാര്യ ഹണി എന്നിവരെയാണ് കഴിഞ്ഞദിവസം വൈകീട്ടോടെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ടൊറാന്റോ: കാനഡയിലെ മഹാകോടീശ്വരനും ഭാര്യയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ. ലോക പ്രശസ്ത കനേഡിയൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അപോടെക്സിന്റെ സ്ഥാപകൻ ബാരി ഷെർമാൻ, ഭാര്യ ഹണി എന്നിവരെയാണ് കഴിഞ്ഞദിവസം വൈകീട്ടോടെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരുടെയും മരണകാരണം എന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസും അറിയിച്ചു. സംഭവത്തിൽ വിശദമായ പരിശോധനകളും അന്വേഷണവും നടന്നുവരികയാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജെനറിക് മരുന്നുകൾ...
കനേഡിയൻ പൗരനായ ബാരി ഷെർമാൻ 1974ലാണ് അപോടെക്സ് എന്ന മരുന്ന് നിർമ്മാണക്കമ്പനി തുടങ്ങുന്നത്. ജെനറിക് മരുന്നുകൾ ഉൽപ്പാദിപ്പിക്കുന്നതിൽ നിലവിൽ ലോകത്ത് ഏഴാം സ്ഥാനത്തുള്ള കമ്പനിയാണ് അപോടെക്സ്. ലോകമെമ്പാടുമായി പതിനൊന്നായിരം ജീവനക്കാരുമുണ്ട്.

ബാരി ഷെർമാൻ...
അപോടെക്സിന്റെ എക്സിക്യൂട്ടിവ് ചെയർമാനായ ബാരി ഷേർമാന് 3.2 ബില്യൺ ഡോളറിന്റെ വ്യക്തിപരമായ ആസ്തിയുണ്ടെന്നാണ് ഫോർബ്സ് മാസിക പുറത്തുവിട്ടിരിക്കുന്ന വിവരം. അമേരിക്കയടക്കം 45 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് ബാരി ഷെർമാന്റേത്. 2 ബില്യണിലേറെ കനേഡിയൻ ഡോളറാണ് അപോടെക്സിന്റെ കഴിഞ്ഞവർഷത്തെ വിറ്റുവരവ്.

ദുരൂഹതയേറെ...
കാനഡയിലെ മഹാകോടീശ്വരനായ ബാരി ഷെർമാന്റെ മരണവാർത്ത കേട്ട് ഞെട്ടിത്തരിച്ചുവെന്നാണ് ടൊറാന്റോ മേയർ ജോൺ ടോറി പ്രതികരിച്ചത്. ഷെർമാനും ഹണിയും ടൊറാന്റോ നഗരത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ട്, പോലീസ് സംവിധാനങ്ങൾ വിശദമായ അന്വേഷണം നടത്തിവരികയാണ്. പോലീസ് അന്വേഷണത്തിൽ കേസിന്റെ ചുരുളഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോൺ ടോറി വ്യക്തമാക്കി.

പുരോഗമിക്കുന്നു...
വെള്ളിയാഴ്ച വൈകീട്ടാണ് ഇരുവരെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. അതേസമയം, ഇവരുടെ വീട്ടിനുള്ളിൽ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെയോ, ബലപ്രയോഗം നടന്നതിന്റെയോ അടയാളങ്ങളൊന്നുമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.












Click it and Unblock the Notifications