കാനഡയില്‍ പ്രതിസന്ധി; ജസ്റ്റിൻ ട്രൂഡോ രാജിവെക്കുന്നു: ഇന്ത്യക്കാർക്കും ഒഴിച്ചുകൂടാനാകത്ത പങ്ക്
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ തയ്യാറാകുന്നതായി റിപ്പോർട്ട്. രാജ്യം തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോഴാണ് കാലാവധി പൂർത്തിയാക്കാതെ ട്രൂഡോ സ്ഥാനം ഒഴിയാന്‍ തയ്യാറാകുന്നത്. കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യത്ത് അധികാരത്തിലിരിക്കുന്ന ലിബറല്‍ പാർട്ടി നേതാവ് തിങ്കളാഴ്ചയോടെ രാജിവെച്ചേക്കുമെന്നാണ് കനേഡിയന്‍ മാധ്യമമായ ദ ഗ്ലോബ് ആന്‍ മെയില്‍ സ്രോതസ്സുകളെ അടിസ്ഥാനമാക്കി റിപ്പോർട്ട് ചെയ്യുന്നത്.
ഈ വർഷം ഒക്ടോബറിലാണ് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലിബറല്‍ പാർട്ടി മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയോട് വളരെ ദയനീയമായി പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കുമെന്ന സർവ്വെ റിപ്പോർട്ടുകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ ട്രൂഡോ സ്ഥാനം ഒഴിയണമെന്ന ആവശ്യം സ്വന്തം പാർട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉണ്ടായിട്ടുണ്ട്.

ട്രൂഡോ എപ്പോള്‍ തന്റെ രാജി പ്രഖ്യാപിക്കുമെന്ന കാര്യം അറിയില്ലെങ്കിലും ബുധനാഴ്ച ചേരുന്ന ലിബറൽ പാർട്ടി എംപിമാരുടെ അടിയന്തര യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി തീരുമാനം വ്യക്തമാക്കിയേക്കുമെന്നും സ്രോതസ്സുകൾ പറഞ്ഞതായി ഗ്ലോബ് ആൻഡ് മെയില്‍ പറയുന്നു. നിരവധി ലിബറല്‍ പാർട്ടി എംപിമാർ ജസ്റ്റിന്‍ ട്രൂഡോ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരസ്യമായി രംഗത്ത് വന്നതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്.
ഇടക്കാല നേതാവും പ്രധാനമന്ത്രിയും ആയി ചുവടുവെക്കാൻ തയ്യാറാണോ എന്ന് ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കുമായി പ്രധാനമന്ത്രി ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്. പുതുതായി ആരും പ്രധാനമന്ത്രി പദത്തിലേക്ക് വരാന്‍ തയ്യാറായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കും.
ട്രൂഡോ ഉടൻ തന്നെ രാജിവെക്കുമോ അതോ പുതിയ ലിബറൽ പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമോ എന്നതും വ്യക്തമല്ല. 2013ൽ പാർട്ടി കടുത്ത പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് ജസ്റ്റിന്‍ ട്രൂഡോ ലിബറൽ പാർട്ടി നേതാവായി ചുമതലല്‍ക്കുന്നത്. പുരോഗമന അജണ്ട, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള നയങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തുകൊണ്ട് 2015-ൽ ട്രൂഡോ ലിബറലുകളെ അധികാരത്തിലേക്ക് എത്തിക്കുകയും ചെയ്തു.
കോവിഡാനന്തരം രാജ്യത്തുണ്ടായ പ്രതിസന്ധിയാണ് ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരായ വികാരം വർധിക്കാനുണ്ടായ പ്രധാന കാരണം. വിദേശ കുടിയേറ്റത്തിനും ഇതില്‍ നിർണ്ണായക പങ്കുണ്ട്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ കുടിയേറിയതോടെ കാനഡയില്‍ വിദ്യാഭ്യാസം, ജോലി, പാർപ്പിടം തുടങ്ങിയ വിവിധ മേഖലകളില്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിദേശ കുടിയേറ്റത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.












Click it and Unblock the Notifications