കാൻസർ ബാധിച്ച ത്വക്ക് വിജയകരമായി നീക്കം ചെയ്തു; ബൈഡൻ ആരോഗ്യവാൻ
ഫെബ്രുവരി 16 ന് ആണ് ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രസിഡന്റ് ഡെർമറ്റോളജിക്കൽ നിരീക്ഷണത്തിൽ തുടരും.

വാഷിങ്ടൺ: സ്കിൻ ക്യാൻസറിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ രോഗമുളള ത്വക്ക് ഭാഗം വിജയകരമായി നീക്കം ചെയ്തതായി വൈറ്റ് ഹൗസ്. അദ്ദേഹത്തിന്റെ നെഞ്ചിൽ നിന്നാണ് നീക്കം ചെയതത്. എല്ലാ മാസത്തിലും നടത്തുന്ന പരിശോധനയ്ക്കിടെയാണ് മുറിവ് കണ്ടെത്തിയത്.
പതിവ് വൈദ്യപരിശോധനയ്ക്കിടെ കണ്ടെത്തിയ ഒരു ബേസൽ സെൽ കാർസിനോമയാണെന്ന് ബൈഡന്റെ ഫിസിഷ്യൻ ഡോ കെവിൻ ഒകോണർ പറഞ്ഞിരുന്നു, അത് വ്യാപനം നടത്തുകയോ മെറ്റാസ്റ്റാസൈസ് ചെയ്യുകയോ ചെയ്യുന്നില്ലെന്നും ഡോ കെവിൻ ഒകോണർ വെള്ളിയാഴ്ച വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. .
ഫെബ്രുവരി 16 ന് ആണ് ബൈഡനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. അന്ന് തന്നെ ത്വക്കിൽ നിന്ന് മുറിവ് നീക്കം ചെയ്തു. അദ്ദേഹത്തിന് ജോലി ചെയ്യുന്നതിന് തടസമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രസിഡന്റ് ഡെർമറ്റോളജിക്കൽ നിരീക്ഷണത്തിൽ തുടരും. ജോ ബൈഡന് ബാധിച്ചിരിക്കുന്നത് ചർമ്മത്തിന്റെ മുകൾ ഭാഗത്തുണ്ടാകുന്ന നോൺ-മെലനോമ സ്‌കിൻ ക്യാൻസർ ആണ്.
ഇത് മെലനോമ അല്ലെങ്കിൽ സ്ക്വാമസ് സെൽ അർബുദം പോലുള്ള കൂടുതൽ ഗുരുതരമായ ത്വക്ക് അർബുദങ്ങളേക്കാൾ നിരുപദ്രവകരമായ അർബുദമാണെന്നും ബൈഡനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. ആരോഗ്യനില തൃപ്തികരം ആണെന്നും ഡോക്ടർ വ്യക്തമാക്കി. എൺപതുകാരനായ ബൈഡൻ ആരോഗ്യവാനാണെന്ന് കഴിഞ്ഞ മാസം ശാരീരിക പരിശോധനയ്ക്ക് ശേഷം ഡോക്ടർമാർ അറിയിച്ചിരുന്നു. നെഞ്ചിൽ നിന്ന് ഒരു ചെറിയ മുറിവ് നീക്കം ചെയ്തതായും ഇത് ബയോപ്സിക്ക് അയച്ചതായും ഡോക്ടർമാർ അന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം 2024 ൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ മത്സരിക്കുമെന്നാണ് വിവരം. നേരത്തെ തനിക്ക് ക്യാൻസർ ബാധിച്ചതായി ഒരു പൊതുപരിപാടിക്കിടെ ജോ ബൈഡൻ പറഞ്ഞിരുന്നു. ചർമത്തെ ബാധിക്കുന്ന അർബുദത്തിന് ചികിത്സ നേടിയതിനേക്കുറിച്ചാണ് ബൈഡൻ പരാമർശിച്ചത്. കഴിഞ്ഞ ജനുവരിയിൽ പ്രസിഡന്റായി ചുമതല ഏൽക്കുന്നതിന് മുൻപേ രോഗ വിമുക്തനായെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നു.
യുഎസ് പ്രസിഡന്റായിട്ടുള്ള ഏറ്റവും പ്രായം കൂടിയ വ്യക്തിയായ ബൈഡൻ, 2024-ൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതായി പ്രഖ്യാപിക്കുമെന്ന് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യം നിരീക്ഷണത്തിലാണ്. പ്രസിഡന്റിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഔപചാരികമായ പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ലെങ്കിലും, മത്സരിക്കാൻ ബൈഡൻ പദ്ധതിയിടുന്നതായി അദ്ദേഹത്തിന്റെ ഭാര്യ ജിൽ ബൈഡൻ പറഞ്ഞു.












Click it and Unblock the Notifications