വീണ്ടും കപ്പല്‍ ദുരന്തം; ഇലക്ട്രിക് കാറുകളുമായി പോയ ചരക്ക് കപ്പല്‍ തീപിടിച്ച് മുങ്ങി
വാഷിങ്ടണ്‍: പസഫിക് സമുദ്രത്തില്‍ 3000 കാറുകളുമായി യാത്ര ചെയ്ത ചരക്ക് കപ്പല്‍ തീപിടിച്ച് മുങ്ങി. കരയില്‍ നിന്ന് 415 മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. മോണിങ് മിഡാസ് എന്ന കപ്പലാണ് മുങ്ങിയത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് അനുമാനം. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികള്‍ കപ്പലിലുണ്ടായിരുന്നത് തീപിടിത്തിന്റെ ആക്കംകൂട്ടി. ചൈനയിലെ യാന്റായിയില്‍ നിന്ന് മെക്‌സിക്കോയിലെ ലാസരോ കാര്‍ഡെനാസിലേക്ക് പോകുകയായിരുന്നു കപ്പിനാണ് യാത്രാമധ്യേ ദുരന്തമുണ്ടായത്.
മെക്‌സിക്കോയിലേക്ക് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുമായി പോവുകയായിരുന്നു കപ്പലാണ് പസഫിക് സമുദ്രത്തില്‍ പൂര്‍ണമായും മുങ്ങിയത്. തീപിടിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് കപ്പല്‍ മുങ്ങുന്നത്. ജൂണ്‍ മൂന്നിനാണ് കപ്പലിന് തീപിടുത്തം ഉണ്ടാകുന്നത്. അലാസ്‌കന്‍ തീരത്ത് നിന്ന് 300 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് 600 അടി നീളമുള്ള ചരക്ക് കപ്പലിന് തീപിടിച്ചത്. കപ്പലിലെ തീപിടിത്തം നിയന്ത്രണാതീതമായതോടെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

16404 അടി താഴ്ചയിലേക്കാണ് കപ്പല്‍ മുങ്ങിയത്. 3000 വാഹനങ്ങളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അതില്‍ 800 എണ്ണം ഇലക്ട്രിക് വാഹനങ്ങള്‍ ആയിരുന്നു. പ്രത്യക്ഷത്തില്‍ മലിനീകരണം ഉണ്ടായിട്ടില്ലെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് വക്താവ് അറിയിച്ചു. മലിനീകരണം ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ് നിലവില്‍ കപ്പലുകളെ വിന്യസിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
തീ അണയ്ക്കാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ അയച്ചെങ്കിലും അതു ഫലിക്കാത്തതോടെ കപ്പല്‍ പ്രവര്‍ത്തനരഹിതമാക്കി.
കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിച്ച കപ്പലിന് അടുത്ത് ഉണ്ടായിരുന്ന ഒരു മറൈന്‍ കപ്പലാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. ലൈഫ് ബോട്ടുകളിലാണ് ഇവരെ രക്ഷിച്ചത്. 2006 ല്‍ നിര്‍മ്മിച്ച ലൈബീരിയന്‍ പതാകയുള്ള കപ്പല്‍ മെയ് 26 ന് ചൈനയിലെ യാന്റായിയില്‍ നിന്നാണ് മെക്‌സിക്കോയിലേക്ക് പോയത്. ലണ്ടന്‍ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈം കമ്പനിയുടെ കപ്പലാണ് മോര്‍ണിങ് മിഡാസ്.
ഇല്കട്രിക് വാഹങ്ങള്‍ കടലിലൂടെ കൊണ്ടു പോകുന്നത് തീപിടിത്തത്തിനുള്ള അപകട സാധ്യത ഉയര്‍ത്തുന്നതായി ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പെട്ടെന്ന് തീപിടിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികളാണ് ഇതിലുള്ളത്. ഇത്തരം അപകടങ്ങള്‍ വര്‍ധിച്ചുവരുന്നതായി സമുദ്ര മേഖലയിലെ ഇന്‍ഷുറന്‍സ് രംഗത്തുള്ളവരും പറയുന്നു.
കടലുകളില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന കപ്പല്‍ ദുരന്തങ്ങള്‍ വലിയ മലിനീകരണ സാധ്യത ഉയര്‍ത്തുന്നുണ്ട്. അടുത്തിടെ കേരള തീരത്തിന് സമീപം രണ്ട് കപ്പല്‍ അപകടങ്ങളാണ് ഉണ്ടായത്. മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ കപ്പലുകളില്‍ ഒന്നിന് തീപിടിച്ചിരുന്നു. ഇപ്പോഴും കടലിലെ മലിനീകരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്.












Click it and Unblock the Notifications