അഞ്ചുവര്‍ഷം റെയില്‍വേ സ്റ്റേഷന്‍ ചുമരില്‍ കുടുങ്ങിയ പൂച്ചയ്ക്ക് മോചനം
കെയ്‌റോ: കുഞ്ഞായിരിക്കെ റെയില്‍വേ സ്‌റ്റേഷന്‍ ഭിത്തിക്കുള്ളില്‍ കുടുങ്ങിപ്പോയ നിര്‍ഭാഗ്യവാനായ ഒരു പൂച്ചയ്ക്ക് അഞ്ചുവര്‍ഷത്തിനുശേഷം ഒടുവില്‍ മോചനം. ഈജിപ്തിലെ കെയ്‌റോയിലെ ഒരു മെട്രോ സ്‌റ്റേഷനിലാണ് സംഭവം. റെയില്‍വേ സ്‌റ്റേഷന്റെ ചുവരിലെ ചെറിയ വിടവിലേക്ക് ചാടിക്കയറിയ വികൃതിയായ പൂച്ചക്കുട്ടി രക്ഷപ്പെടാന്‍ ആകാത്തവിധം അവിടെ കുടുങ്ങിപ്പോവുകയായിരുന്നു. ചുവരില്‍ കുടുങ്ങിയ പൂച്ചയുടെ വാല്‍ മാത്രമേ പുറത്തു കാണാനാകൂ.
സ്ഥിരമായി സ്‌റ്റേഷനിലെത്തുന്ന അങ്കിള്‍ അബ്‌ദോ എന്ന വൃദ്ധന്‍ പൂച്ചയുടെ ദയനീയ സ്ഥിതി കണ്ടതോടെ പതിവായി പാലും മറ്റ് ആഹാരങ്ങളും പൂച്ചയ്ക്ക് നല്‍കി. പുറംലോകത്തേക്ക് തിരിച്ചുവരാന്‍ മറ്റ് ഒരു മാര്‍ഗവും ഇല്ലാതിരുന്ന പൂച്ച ഈ ഭക്ഷണം കഴിച്ചാണ് ജീവന്‍ നിലനിര്‍ത്തിപ്പോന്നിരുന്നത്. ഒരു ദിവസവും പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കുന്നതില്‍ അദ്ദേഹം അവധികൊടുത്തില്ല.

തെരുവുകളില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായ 2011ല്‍ പോലും ജീവന്‍ പണയംവെച്ചും വൃദ്ധന്‍ സ്റ്റേഷനിലെത്തി പൂച്ചയെ പരിപാലിച്ചുപോന്നു. പൂച്ചയെ രക്ഷിക്കണമെന്ന് പലര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും റെയില്‍വെ സ്റ്റേഷനിലെ മതില്‍ പൊളിക്കുന്നത് ഗുരുതരമായ കുറ്റമായതിനാല്‍ പലരും അതിന് ശ്രമിച്ചതുമില്ല.
അടുത്തിടെ പൂച്ചയുടെ ദയനീയ സ്ഥിതി ഫേസ്ബുക്കിലൂടെയും മറ്റും പുറത്തുവന്നതോടെയാണ് പൂച്ചയെ പുറത്തെത്തിക്കുന്നതിനായി അധികൃതര്‍ കനിവു കാണിച്ചത്. അഞ്ചുമണിക്കൂര്‍ നേരം നീണ്ടുനിന്ന അക്ഷീണപ്രയത്‌നത്തിനൊടുവിലാണ് പൂച്ച പുറംലോകം കണ്ടത്. പൂച്ചയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.












Click it and Unblock the Notifications