ഗള്‍ഫില്‍ സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി, 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ പുനഃക്രമീകരിച്ചു
ദുബായ്: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തെതുടര്‍ന്ന് പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി. മാര്‍ച്ച് 11 വരെയുള്ള പത്താം ക്ലാസ് പരീക്ഷകളാണ് നിലവില്‍ റദ്ദാക്കിയിരിക്കുന്നത്. ഇതുകൂടാതെ മാര്‍ച്ച് ഏഴിന് നടക്കേണ്ടിയിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചതായും സിബിഎസ്ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് അറിയിച്ചു. യുഎഇ, ബഹ്റൈന്‍, ഇറാന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ സ്‌കൂളുകളെയാണ് ഈ തീരുമാനം ബാധിക്കുക.
യുഎസ്-ഇസ്രായേല്‍ സഖ്യം ഇറാനില്‍ നടത്തിയ ആക്രമണങ്ങളും ഇതിന് തിരിച്ചടിയായി വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയായ സാഹചര്യത്തിലാണ് ഈ നടപടി. സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവയുള്‍പ്പെടെ നിരവധി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെയും എംബസികളെയും ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്. റദ്ദാക്കിയ പരീക്ഷകളുടെ ഫലപ്രഖ്യാപനം ഏത് രീതിയിലായിരിക്കുമെന്ന കാര്യം ബോര്‍ഡ് പിന്നീട് അറിയിക്കും.

മേഖലയിലെ യുദ്ധം അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ക്കും ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ക്കും നഗരസഭാ കെട്ടിടങ്ങള്‍ക്കും വ്യോമാക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംഘര്‍ഷം ശ്രീലങ്കന്‍ തീരത്തേക്കും അസര്‍ബൈജാനിലേക്കും വരെ വ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ ആയിരത്തിലധികം സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications