15 മാസത്തിന് ശേഷം വെടിയൊച്ചകള്‍ നിലച്ചു; ഗാസയിൽ വെടിനിർത്തല്‍ പ്രാബല്യത്തില്‍ വന്നു
ജറുസലേം: മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ ഇസ്രായേല്‍-ഹമാസ് വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ സമയം ഉച്ചക്ക് ശേഷം 2.45 നാണ് കരാർ നടപ്പിലായത്. ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് വിവരങ്ങള്‍ ഹമാസ് പുറത്തുവിട്ടതിന് പിന്നാലെ വെടനിർത്തല്‍ കരാർ ആരംഭിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അറിയിച്ചു.
മൂന്ന് വനിത ബന്ദികളെയാണ് ഹമാസ് ഇന്ന് മോചിപ്പിക്കുക. ഇവരുടെ പേരുകള്‍ കൈമാറാന്‍ താമസിച്ച സാഹചര്യത്തിലാണ് കരാർ നടപ്പിലാക്കാന്‍ നേരത്തെ തീരുമാനിച്ചതില്‍ നിന്നും മൂന്ന് മണിക്കൂറോളം വൈകിയത്. ബന്ദികളുടെ പേര് ഹമാസ് പുറത്ത് വിടുന്നില്ലെങ്കില്‍ കരാർ നടപ്പിലാക്കില്ലെന്നും ആക്രമണം ശക്തമാക്കുമെന്ന് നെതന്യാഹു അറിയിച്ചു. ഇതോടെ ഗാസയിലെ ഇസ്രായാലേ സൈന്യത്തിന്റെ ആക്രമണം ശക്തമാകുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

സാങ്കേതി തടസ്സങ്ങളാല്‍ കാരണമാണ് വൈകിയതെന്ന് വിശദീകരിച്ച ഹമാസ് ഉടന്‍ തന്നെ ഇന്ന് മോചിപ്പിക്കുന്ന മൂന്ന് വനിത ബന്ദികളുടെ പേര് പുറത്തുവിട്ടു. ഇതോടെയാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും അനുകൂലമായ തീരുമാനമുണ്ടായത്. ഇസ്രായേലിന്റെ പിടിയിലുള്ള 90 പലസ്തീന്‍ തടവുകാരേയും ഇന്ന് കൈമാറും. ബന്ദി കൈമാറ്റവും സേനയുടെ പിന്മാറ്റം സംബന്ധിച്ച പ്രാഥമിക നടപടി ക്രമങ്ങളും ഇന്ന് തന്നെയുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
15 മാസങ്ങള്‍ക്ക് ശേഷമാണ് ഗാസ സമാധാനത്തിലേക്ക് തിരിച്ചെത്തുന്നത്. 2023 ഒക്ടോബർ 7 ന് ഇസ്രായേല്‍ അതിർത്തിക്കുള്ളിലേക്ക് ഇരച്ചുകയറിയ ഹമാസ് പ്രവർത്തകർ 1200 ലധികം ഇസ്രായാലികള്‍ കൊലപ്പെടുത്തുകയും 250 ലേറെ ഇസ്രായേലികളെ ബന്ദികളായി പിടിച്ചുകൊണ്ടു പോകുകയും ചെയ്തതോടെയാണ് പശ്ചിമേഷ്യയെ തന്നെ പ്രതിസന്ധിയിലാക്കിയ സംഘർഷങ്ങള്‍ ആരംഭിച്ചത്. ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു.
നവംബർ 21 ഏഴ് ദിവസത്തെ താല്‍ക്കാലിക വെടിനിർത്തല്‍ പ്രഖ്യാപനമുണ്ടായപ്പോള്‍ ഇരുവിഭാഗവും ഏതാനും ബന്ദികളെ പരസ്പരം കൈമാറി. എന്നാല്‍ ഡിസംബർ മുതല്‍ ഇസ്രായേലിന്റെ ഭാഗത്ത് നിന്നുമുള്ള പ്രത്യാക്രമണം കൂടുതല്‍ ശക്തമാകുകയാണുണ്ടായത്. യുദ്ധത്തില്‍ ഇതുവരെ 46000ലധികം പലസ്തീനികൾ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അമേരിക്കയുടെ പിന്തുണയില്‍ ഈജിപ്തും ഖത്തറും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് കരാർ നടപ്പിലാക്കുക. 42 ദിവസം നീണ്ടു നില്‍ക്കുന്ന ആദ്യ ഘട്ടത്തില്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമടങ്ങിയ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. പകരം ഇസ്രായേല്‍ ജയിലിലുള്ള ആയിരം പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. ഇക്കാലയളവില്‍ തന്നെ പലസ്തീനികളെ ഗാസയിലേക്ക് മടങ്ങാനും അനുവദിക്കും












Click it and Unblock the Notifications