കടുത്ത നിയന്ത്രണത്തില്‍ ഷാങ്ഹായ് : കൊവിഡ് ബാധിച്ച് മൂന്ന് മരണം
ബെയ്ജിങ്: ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഷാങ്ഹായില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണം റിപ്പോര്‍ട്ട്. ചൈനയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന നഗരമാണ് ഷാങ്ഹായ്. ഈ നഗരത്തിലാണ് മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചത്. മൂന്ന് മുതിര്‍ന്ന വ്യക്തികളുടെ മരണമാണ് സ്ഥിരീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 89, 91 വയസുള്ള രണ്ട് സ്ത്രീകളും 91 വയസുള്ള ഒരു പുരുഷനുമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂന്ന് പേര്‍ക്കും ഉണ്ടായിരുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഭരണകൂടം കടുപ്പിച്ചിരുന്നു. ചൈനയിലെ പ്രധാന വ്യവസായ നഗരമായ ഷാങ്ഹായില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്നത്. നഗരത്തിലെ വീടുകളില്‍ നിന്ന് ആരും പുറത്തിറങ്ങരുതെന്നും ഇതിലൂടെ രോഗവ്യാപനം കുറക്കാമെന്നുമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്ന നിര്‍ദേശം. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വലിയ നിരീക്ഷണം സംവിധാനങ്ങളും നഗരത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

ചൈനയിലെ നിലവിലെ കൊവിഡ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന നഗരമാണ് ഷാങ്ഹായ്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ ഭൂരിഭാഗം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ഷാങ്ഹായ് നഗരത്തിലാണ്. നഗരത്തില്‍ പ്രത്യേക അനുമതിയുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് വളണ്ടിയര്‍മാര്‍ക്കും ഭക്ഷണ വിതരണക്കാര്‍ക്കും മാത്രമേ നഗരത്തില്‍ പുറത്തിറങ്ങാന്‍ അനുവാദമുള്ളു

നഗരത്തിലെ 2.6 കോടി ജനങ്ങളും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. നഗരത്തിലെ നിയന്ത്രണങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അധികൃതര്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നത്. ഭക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് നഗരത്തില്‍ ജനം ബാല്‍ക്കണികളില്‍ കയറി പ്രതിഷേധിച്ചിരുന്നു. ഇത് നിരീക്ഷിക്കുന്നതിനായും നിര്‍ദേശങ്ങള്‍ നല്‍കാനുമായി ഡ്രോണുകളുടെ സേവനംകൂടി ഭരണകൂടം ഉപയോഗപ്പെടുത്തിയത്.

വ്യത്യസ്ത നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്, ജനല്‍ തുറക്കരുത്, പാട്ടു പാടരുത് തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ് ഭരണകൂടം പുറത്തിറക്കിയിട്ടുള്ളത്. ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് എന്നീ നിര്‍ദേശങ്ങള്‍ നല്‍കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. റോബോട്ടുകള്‍ പട്രോളിങ് നടത്തുന്ന ഷാങ്ഹായ് നഗരത്തിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

ചൈനയില്‍ നിലവില്‍ 2020ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ കൂടുതല്‍ പേരാണ് രോഗബാധിതരാകുന്നത്. ചൈനയുടെ 27 പ്രവശ്യകളിലാണ് പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിവേഗം പകരുന്ന ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കൂടുതലെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications