'വ്യാജവാർത്ത' ഗാൽവൻ സംഘർഷത്തിൽ 43 സൈനികർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് തള്ളി ചൈന
ദില്ലി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ- ചൈന സംഘർഷത്തിനിടെ 40 ഓളം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന റിപ്പോർട്ട് നിരസിച്ച് ചൈന. 40 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നത് വ്യാജവാർത്തയാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഴാവോ ലിജിയാൻ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ- ചൈന സംഘർഷം ചർച്ചകളിലൂടെയും നയതന്ത്ര- സൈനിക തലത്തിലെ ചർച്ചയിലൂടെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുമ്പോഴാണ് സൈനികരുടെ മരണം സംബന്ധിച്ച റിപ്പോർട്ടുകൾ ചൈന നിരസിച്ചിട്ടുള്ളത്.
കിഴക്കൻ ലഡാക്കിലെ ഗാൽവൻ വാലിയിൽ ഇന്ത്യ- ചൈനീസ് സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 43 സൈനികർ കൊല്ലപ്പെട്ടു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷവും ചൈനീസ് സൈന്യത്തിനുണ്ടായ ആൾനാശത്തെക്കുറിച്ച് ചൈന പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
രാംദേവിന്റെ 'കൊവിഡ് മരുന്നിന്റെ' വിശദാംശങ്ങൾ തേടി കേന്ദ്രം!! പരസ്യം ചെയ്യരുതെന്ന് നിർദ്ദേശം
ജൂൺ 15ന് രാത്രിയാണ് ഇന്ത്യ-ചൈനീസ് സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടാകുന്നത്. ചൈനീസ് സൈന്യം ഏകപക്ഷീയമായി ധാരണ ലംഘിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടാകുന്നത്. കരാർ പ്രകാരം മുന്നോട്ടുനീങ്ങിയിരുന്നുവെങ്കിൽ സംഘർഷം ഒഴിവാക്കാമായിരുന്നുവെന്നാണ് ഇന്ത്യ പിന്നീട് ചൂണ്ടിക്കാണിച്ചത്. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. തിങ്കളാഴ്ച ചൈന- ഇന്ത്യ സൈന്യങ്ങൾ തമ്മിൽ ലഫ്റ്റനന്റ് ജനറൽ തല ചർച്ചകൾ നടന്നിരുന്നു. ജൂൺ ആറിനാണ് ഒന്നാംഘട്ട ചർച്ചകൾ നടന്നത്. ജൂൺ 15ലെ സംഘർഷത്തോടെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാവുന്നത്. ഇതോടെ 3,500 കീലോമീറ്റർ വരുന്ന അതിർത്തിയിൽ ഇരു രാജ്യങ്ങളും സൈനിക വിന്യാസം വർധിപ്പിച്ചിരുന്നു.