റോഹിന്‍ഗ്യന്‍ പ്രശ്നപരിഹാരത്തിന് ഇന്ത്യ- ചൈന കൂട്ടുകെട്ട്: എല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം!
ബീജിംഗ്: റോഹിന്‍ഗ്യന്‍ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് പരാമര്‍ശങ്ങളുമായി ചൈനീസ് ദിനപത്രം. റോഹിന്‍ഗ്യന്‍ പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും സംയുക്തമായി ശ്രമം നടത്തുമെന്നും മ്യാന്മാറിലെ പ്രശ്ന ബാധിത പ്രദേശമായ രാഖിനേയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും സഹായം നല്‍കുമെന്നുമാണ് ചൈനീസ് ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്.
ഈ താല്‍പ്പര്യം ഇരു രാജ്യങ്ങളും മ്യാന്മാറുമായി പങ്കുവെച്ചുവെന്നും രാഖിനേയ്ക്ക് വേണ്ടിയുള്ള സഹായം ചെയ്യുന്നതിന് ഇരു രാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നിലവില്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിച്ചിട്ടുള്ള ബംഗ്ലാദേശിന് പിന്തുണ നല്‍കുമെന്നും ചൈനീസ് മാധ്യമം ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തിക സഹകരണം
മ്യാന്മാറുമായി സാമ്പത്തിക രംഗത്ത് സഹകരിക്കുമെന്നും പീപ്പിള്‍സ് ഡെയ് ലി വ്യക്തമാക്കുന്നു. മേഖലയിലെ വ്യാപാരത്തെയും വികസനത്തെയും പിന്തുണയ്ക്കുന്ന ഇന്ത്യയും ചൈനയും ബംഗ്ലാദേശ്- ചൈന- ഇന്ത്യ-മ്യാന്മാര് സാമ്പത്തിക ഇടനാഴിയില്‍ നിക്ഷേപം നടത്തുമെന്നും ചൈനീസ് ദിന പത്രം ലേഖനത്തില്‍ വ്യക്തമാക്കുന്നു.

കൂട്ട പലായനം
രാഖിനേയില്‍ റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുണ്ടായ സൈനിക അതിക്രമത്തോടെ ആഗസ്റ്റ് 25ന് ശേഷം ലക്ഷക്കണത്തിന് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളാണ് അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്മാര്, ഇന്ത്യ എന്നിവിടങ്ങളിലേയ്ക്ക് പലായനം ചെയ്തത്. ഇതില്‍ ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയത് ബംഗ്ലാദേശാണ്. റോഹിന്‍ഗ്യന്‍ വിമതര്‍ സൈനിക കേന്ദ്രത്തിന് നേരെ നടത്തിയ ആക്രമണത്തോടെയാണ് ബുദ്ധമതസ്ഥര്‍ക്ക് ഭൂരിപക്ഷമുള്ള മ്യാന്മാറില് റോഹിന്‍ഗ്യന്‍ മുസ്ലിങ്ങള്‍ സൈന്യത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായത്.

ചൈനയ്ക്ക് നിര്‍ണായകം
നിക്ഷേപ രംഗത്ത് മ്യാന്മാറിനെ ആശ്രയിച്ചുവരുന്ന ചൈനയ്ക്ക് 18. 53 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് 2017 ജനുവരിയില്‍ മ്യാന്‍മാറിലുള്ളത്. ഇതിന് പുറമേ ചൈന- പാക് പങ്കാളിത്തത്തോടെ ഒരുങ്ങുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലും സുപ്രധാന പങ്ക് മ്യാന്മാറിനുണ്ട്. അതിനാല്‍ റോഹിന്‍ഗ്യന്‍ പരിഹരിക്കാനുള്ള തങ്ങളുടെ നീക്കം നിര്‍ണായകമായാണ് ചൈന കണക്കാക്കുന്നത്. ലോകത്തെ രണ്ട് രാജ്യങ്ങളും സഹകരിച്ച് മ്യാന്മാറിനെ ബാധിക്കുന്ന റോഹിന്‍ഗ്യന്‍ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുന്നത് മ്യാന്മറില് പരിഹരിക്കപ്പെടാതെ കിടക്കുന്ന വംശീയ സംഘട്ടനങ്ങളെ അഭിസംബോധന ചെയ്യാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്.

രാജ്യസുരക്ഷയ്ക്ക് ഭീഷണി
റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മ്യാന്മറില് നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു കേന്ദ്രം ചൂണ്ടിക്കാണിച്ചത്. റോഹിംഗ്യന്‍ മുസ്ലിങ്ങളെ അഭയാര്‍ത്ഥികളായി രാജ്യത്ത് നിലനിര്‍ത്താനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ റോഹിംഗ്യന്‍ മുസ്ലിങ്ങളെ നാടുകടത്തുന്ന വിഷയം ഗൗരവമായി പരിഗണിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലുള്ള റോഹിംഗ്യന്‍ മുസ്ലിം നേതാക്കള്‍ പാക് ഭീകരസംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന ചില രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ രഹസ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മ്യാന്മറില് നിന്ന് ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.