മറുപടിയുമായി ചൈനയും; യുഎസ് ഉത്പന്നങ്ങൾക്ക് 34 ശതമാനം തീരുവ
പകരം ചുങ്കം ഏർപ്പെടുത്തിയ യുഎസിന് മറുപടിയുമായി ചൈന. യുഎസ് ഉത്പന്നങ്ങൾക്ക് 34 ശതമാനം തീരുവയാണ് ചൈന ഏർപ്പെടുത്തിത്. ഏപ്രിൽ 10 മുതൽ പുതുക്കിയ തീരുവ പ്രാബല്യത്തിൽ വരും. 16 യുഎസ് സ്ഥാപനങ്ങളെ കയറ്റുമതി നിയന്ത്രണ പട്ടികയിൽ ചേർക്കാനും മറ്റ് 11 സ്ഥാപനങ്ങളെ 'വിശ്വസനീയമല്ലാത്ത' സ്ഥാപനങ്ങളുടെ പട്ടികയിൽ പെടുത്താനും തീരുമാനിച്ചതായി ചൈന അറിയിച്ചു.
ചൈനയില്‍നിന്ന് ചില റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിനും ചൈന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.സെമിയം, ഗാഡോലിനിയം, ടെർബിയം, ഡിസ്പ്രോസിയം, ലുട്ടീഷ്യം, സ്കാൻഡിയം, യട്രിയം തുടങ്ങിയ മൂലകങ്ങളുടെ കയറ്റുമതിക്കാണ് നിയന്ത്രണം. അർധചാലക ഉത്പന്നങ്ങളുടെ നിർമ്മാണം, സൈനിക ഉപകരങ്ങളുടെ നിർമ്മാണം, ഹൈടെക് വ്യവസായങ്ങൾ എന്നീ മേഖലകൾക്ക് അത്യാന്താപേക്ഷിതമായവയാണ് ഈ മൂലകങ്ങൾ.

ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ആണവനിർവ്യാപനം തടയൽ പോലുള്ള അന്താരാഷ്ട്ര ബാധ്യതകൾ നിറവേറ്റുന്നതിന്റേയും ഭാഗമായാണ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ചയാണ് ചൈനക്ക് മേൽ 34 ശതമാനം പകര ചുങ്കം യുഎസ് ഏർപ്പെടുത്തിയത്. ഏപ്രിൽ 5 മുതൽ തീരുവ നിലവിൽ വരും. എല്ലാ ചൈനീസ് ഇറക്കുമതികൾക്കും നിലവിലുള്ള 20 ശതമാനം തീരുവയ്ക്ക് പുറമെയാണിത്. ട്രംപ് അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെയാണ് ചൈനയ്ക്ക് മേൽ രണ്ട് ഘട്ടങ്ങളിലായി 20 ശതമാനം തീരുവ ഏർപ്പെടുത്തിയത്. ഫെബ്രുവരിയിൽ 10 ശതമാനവും പിന്നീട് മാർച്ചിൽ വീണ്ടും 10 ശതമാനവും ഏർപ്പെടുത്തുകയായിരുന്നു.
തീരുവ എടുത്തുകളയാൻ ചൈന യുഎസുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് യുഎസ് കാർഷിക ഉൽപ്പന്നങ്ങൾ, ഇന്ധനം തുടങ്ങിയ യുഎസ് ഇറക്കുമതികൾക്ക് ചൈന പകരചുങ്കം നടപ്പാക്കിയിരുന്നു., തിരഞ്ഞെടുത്ത അമേരിക്കൻ സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ടുള്ള പ്രതികാര നടപടിയും ചൈന സ്വീകരിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം പകര ചുങ്കം പ്രഖ്യാപിക്കുന്നതിനിടയിലും ചൈനയ്ക്കെതിരെ ട്രംപ് ആഞ്ഞടിച്ചു. തനിക്ക് ചൈനയേയും ഷി ജിൻപിങ്ങിനേയും ഒരുപാട് ഇഷ്ടമാണെന്നും എന്നാൽ ചൈന യുഎസിന് മേൽ ഏർപ്പെടുത്തിയത് കനത്ത ഇറക്കുമതി ചുങ്കമാണെന്നുമാണ് ട്രംപ് പറഞ്ഞത്. അവർ ഞങ്ങളെ മുതലെടുക്കുകയാണ്, എന്താണ് യഥാർത്ഥ്യം എന്ന് ചൈനയ്ക്ക് കൃത്യമായി അറിയാം, അവർ പോരാടാൻ പോകുകയാണ് എന്നാണ് ട്രംപ് പറഞ്ഞത്. ഇറക്കുമതി തീരുവക്ക് പുറമെ ചൈനയില്‍ നിന്നുള്ള മറ്റ് ഇറക്കുമതികള്‍ക്കും യുഎസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications