യുഎസിന് അതേനാണയത്തിൽ ചൈനയുടെ മറുപടി; 125 ശതമാനം തീരുവ ചുമത്തി,നാളെ മുതൽ പ്രാബല്യത്തിൽ
യുഎസിന്റെ പകരചുങ്കത്തിന് അതേനാണയത്തിൽ തന്നെ മറുപടി നൽകി ചൈന. യുഎസിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ഈടാക്കുമെന്ന് ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷൻ വ്യക്തമാക്കി. ചൈന ഇതുവരെ രണ്ടുഘട്ടമായി 84 ശതമാനം നികുതിയാണ് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തിയത്. കഴിഞ്ഞ ദിവസം ചൈനീസ് ഉത്പന്നങ്ങൾക്ക് നിശ്ചിച്ച തീരുവ 104 ശതമാനത്തിൽ നിന്നും 125 ശതമാനമായി യുഎസ് ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് നടപടി. പുതിയ തീരുവ ഏപ്രിൽ 12 മുതൽ തീരുവ പ്രാബല്യത്തിൽ വരുമെന്ന് ചൈന വ്യക്തമാക്കി.
യുഎസ് കൂടുതൽ താരിഫുകൾ ചുമത്തുന്നത് തുടർന്നാൽ അത് സാമ്പത്തികമായി അർത്ഥ ശൂന്യമായ നടപടിയായി പോകും. മാത്രമല്ല ലോക സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തിൽ തന്നെ ഈ നീക്കം തമാശയാകും', കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. 'നിലനിലെ തീരുവയിൽ യുഎസ് ഉത്പന്നങ്ങൾക്ക് ചൈനയിൽ വിപണിയുണ്ടാകില്ല. ഇനിയും തീരുവ ഉയർത്താനാണ് യുഎസ് ആലോചനയെങ്കിൽ ഞങ്ങൾ അത് അവഗണിക്കും', കമ്മീഷൻ കൂട്ടിച്ചേർത്തു.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും യുഎസിന് ശക്തമായ ഭാഷയിൽ മറുപടി നൽകിയിരുന്നു. ഇത്തരത്തിലുള്ള ഏകപക്ഷീയ ഭീഷണികളെ ചൈന ഭയക്കില്ലെന്നായിരുന്നു ഷീജിൻപിങ് തുറന്നടിച്ചത്. 'ഏകപക്ഷീയമായ ഭീഷണികളെ സംയുക്തമായി ചെറുക്കേണ്ടത് അനിവാര്യമാണ്. രാജ്യാന്തര നീതി ഉറപ്പാക്കാൻ ഇത് അനിവാര്യമാണ്. ഇതേ രീതിയിൽ തുടരാനാണ് യുഎസിന്റെ നിലപാടെങ്കിൽ അതിനെതിരെ പോരാടാൻ തങ്ങളും തയ്യറാണ്', എന്നായിരുന്നു ഷീ ജിൻപിങ് വ്യക്തമാക്കിയത്.
'കഠിനാധ്വാനത്തിലൂടെയാണ് കഴിഞ്ഞ 70 വർഷമായി ചൈന വികസനം സാധ്യമാക്കുന്നത്. മറ്റൊരു രാജ്യത്തിന്റേയും കൈത്താങ്ങിലൂടെയല്ല, അതുകൊണ്ട് തന്നെ അന്യായമായ അടിച്ചമർത്തലുകളെ ഭയപ്പെടുന്നില്ല. ബാഹ്യപരിസ്ഥിതി എങ്ങനെ മാറിയാലും ചൈന ആത്മവിശ്വാസത്തോടെ തന്നെ തുടരും', ഷീ കൂട്ടിച്ചേർത്തു. ചൈനീസ് ധനകാര്യമന്ത്രാലയവും പ്രത്യേകം പ്രസ്താവന ഇറക്കിയിരുന്നു. 'ചൈന ഇത്തരം വ്യാപാര യുദ്ധങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾക്ക് യാതൊരു ഭയവുമില്ല. സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അമേരിക്ക ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരം ബാലിശമായ നടപടികളിൽ നിന്നും പിൻമാറാൻ തയ്യാറാകണം എന്നാണ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞത്.
അതേസമയം ഇപ്പോഴത്തെ വ്യാപാരയുദ്ധം യുഎസിന് കനത്ത തിരിച്ചടിയായേക്കും. കാരണം ചൈന അമേരിക്കയെ ആശ്രയിക്കുന്നതിനേക്കാൾ കൂടുതൽ അമേരിക്ക ചൈനയെ ആശ്രയിക്കുന്നുണ്ട്. സ്മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയ ഉപഭോക്തൃ വസ്തുക്കളാണ് ചൈനയിൽ നിന്ന് യുഎസ് പ്രധാനമായി ഇറക്കുമതി ചെയ്യുന്നത്. വ്യാവസായിക സാമഗ്രികൾ, സോയാബീൻ, ഫോസിൽ ഇന്ധനങ്ങൾ, ജെറ്റ് എഞ്ചിനുകൾ എന്നിങ്ങനെ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കാത്ത ഉത്പന്നങ്ങൾക്കാണ് ചൈന യുഎസിന് ആശ്രയിക്കുന്നത്.












Click it and Unblock the Notifications