അതിര്‍ത്തിയിലെ കല്ലേറ്: ചൈന കൈമലര്‍ത്തി!! തങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന്!!!
ബീജിങ്ങ്: ചൈന കൈമലര്‍ത്തി. ലഡാക്കില്‍ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുള്ള സംഘര്‍ഷവും കല്ലേറും പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതും തങ്ങള്‍ അറിഞ്ഞിട്ടില്ലെന്ന് ചൈന. അതിര്‍ത്തിയില്‍ സമാധാനവും ശാന്തതയും ഉറപ്പു വരുത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹു ചുനീങ് പറഞ്ഞു.
നിയന്ത്രണ രേഖയില്‍ ചൈനീസ് സൈന്യം നിരന്തരം പെട്രോളിങ് നടത്താറുണ്ട്. അതല്ലാതെ ചൊവ്വാഴ്ച നടന്ന സംഭവം തങ്ങളുടെ അറിവോടെയല്ലെന്ന് ചൈന വ്യക്തമാക്കി. ലഡാക്കിലെ പാന്‍ഗോങ് തടാകത്തിനു സമീപമുള്ള ഇന്ത്യന്‍ അതിര്‍ത്തി അതിക്രമിച്ചു കടക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇരു വിഭാഗങ്ങളും തമ്മില്‍ കല്ലേറ് നടന്നത്. ഡോക്‌ലാം
സംഘര്‍ഷവുമായി അതിര്‍ത്തിയില്‍ നടന്ന കല്ലേറിന് ബന്ധമുണ്ടെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

എന്തുവന്നാലും സൈന്യത്തെ പിന്‍വലിക്കണം
എന്തു വന്നാലും തന്നെ ഡോക്‌ലാമില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യമാണ് ചൈന വീണ്ടും വീണ്ടും ഉന്നയിക്കുന്നത്. അതിര്‍ത്തിയിലെ കല്ലേറിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ചൈന വീണ്ടും ഊന്നിപ്പറഞ്ഞതും ഇതേ കാര്യമാണ്. ചര്‍ച്ച നടത്തണമെങ്കില്‍ ഇന്ത്യ ആദ്യം ചെയ്യേണ്ടത് സൈന്യത്തെ പിന്‍വലിക്കലാണെന്നും ഹു ചുനീങ് കൂട്ടിച്ചേര്‍ത്തു.

പതിവ് തെറ്റിച്ചു
അതേസമയം എല്ലാ സ്വാതന്ത്ര്യദിനത്തിലും അതിര്‍ത്തിയിലെ ഇന്ത്യ- ചൈന സൈനികോദ്യോഗസ്ഥര്‍ നടത്താറുള്ള കൂടിക്കാഴ്ച ഇത്തവണ നടന്നില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ അറിയിപ്പിനോട് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളുടേയും ദേശീയ ദിനങ്ങളിലാണ് ഈ കൂടിക്കാഴ്ച നടത്താറുള്ളത്.

കൂടിക്കാഴ്ച എവിടെ വെച്ച്..?
വടക്കന്‍ ലഡാക്കിലെ ദൗളത്ത് ബെഗ് ഓള്‍ഡി, അരുണ്ചല്‍പ്രദേശിലെ കിബിത്തോ, ലഡാക്കിലെ ചുഷൂല്‍, സിക്കിമിലെ നാഥുലാ എന്നിവിടങ്ങളില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്താറുള്ളത്.

കല്ലേറ് സ്വാതന്ത്ര്യദിനത്തില്‍
ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സൈനികരാണ് ചൊവ്വാഴ്ച അതിര്‍ത്തിയില്‍ കടന്നു കയറാന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിനും ഒമ്പതിനുമിടയിലായിരുന്നു ചൈനീസ് സൈന്യത്തിന്റെ കടന്നു കയറ്റ ശ്രമം. രണ്ട് തവണ കടന്നു കയറാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതികരിക്കുകയായിരുന്നു.

അരമണിക്കൂര്‍
അരമണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറുണ്ടായി. പെന്‍ഗോങ് തടാകത്തിനു തീരത്തു കൂടി നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ്. മനുഷ്യമതില്‍ തീര്‍ത്താണ് ഇന്ത്യ ചൈനീസ് നുഴഞ്ഞു കയറ്റ ശ്രമത്തെ തടഞ്ഞത്.












Click it and Unblock the Notifications