ചൈന ഞങ്ങളുടെ സോയാബീന്‍ വാങ്ങണം: താരിഫ് കുറയ്ക്കാന്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ട്രംപ്
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഏർപ്പെടുത്തിയ അധിക താരിഫ് കുറയ്ക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ താരിഫ് കുറയ്ക്കുന്നതില്‍ ചൈനയുടെ ഭാഗത്ത് നിന്നും പ്രത്യുപകാരം വേണമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ സോയാബീൻ വിൽപ്പന വർദ്ധിപ്പിക്കുക, "ഫെന്റനിൽ" (അമേരിക്കയിൽ വ്യാപകമായ മരുന്ന് ദുരുപയോഗത്തിന്റെ പ്രധാന ഘടകം) നിയന്ത്രിക്കുക, "റെയർ എർത്ത്" ധാതുക്കളിളെ നിയന്ത്രണം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളാണ് ട്രംപ് ചൈനക്ക് മുന്നില്‍ വെച്ച വ്യവസ്ഥകളെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
"അവർ (ചൈന) താരിഫ് ആയി അമേരിക്കയ്ക്ക് വൻ തുക കൊടുക്കുകയാണ്. അവർക്ക് അത് കുറയ്ക്കണമെന്നുണ്ടാകും. എന്നാൽ, അതിന് പ്രത്യുപകാരമാകുന്ന കാര്യങ്ങൾ അവർ ചെയ്യണം. ഇത് ഇനി ഒരുവഴി മാത്രമുള്ള ബന്ധമല്ല." ഔദ്യോഗിക വിമാനമായ എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ട്രംപ് പറഞ്ഞു.

ചൈനീസ് ഉൽപ്പന്നങ്ങളിൽ അമേരിക്ക അടുത്തിടെ 100% അധിക താരിഫ് പ്രഖ്യാപിച്ചതോടെ ആകെ താരിഫ് 130% ആയി. ചൈന "റെയർ എർത്ത് മിനറൽ" കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവന്നതിന്റെ പ്രതികരം എന്നോണമായിരുന്നു അമേരിക്ക തീരുവ നയം കടുപ്പിച്ചത്. "ഇപ്പോൾ ചൈന അത്രയും വലിയ താരിഫ് അടയ്ക്കുകയാണ്, അവർക്ക് അത് തുടരാൻ കഴിയുമെന്നു തോന്നുന്നില്ല. ഞാൻ അതിൽ ഒക്കെയാണു. പക്ഷേ, ഞങ്ങൾക്കും തിരിച്ചടിയായി കാര്യങ്ങൾ വേണം." ട്രംപ് പറഞ്ഞു.
ഞാൻ ചൈനയെ ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. സഹായിക്കാനാണ് എനിക്ക് താല്‍പര്യം. എന്നാൽ അവർ ഞങ്ങൾക്ക് വേണ്ടിയും ചില കാര്യങ്ങൾ ചെയ്യണം. അല്ലെങ്കിൽ ഒരു മികച്ച ഇടപാട് ഉണ്ടാകില്ല. ഞങ്ങളുടെ കർഷകർ, പ്രത്യേകിച്ച് സോയാബീൻ കർഷകർ, ചൈനയുടെ ബഹിഷ്കരണത്തില്‍ ബാധിക്കപ്പെട്ടിരിക്കുന്നു. അവർ മുമ്പ് വാങ്ങിയ അളവിൽ തന്നെ വീണ്ടും സോയാബീൻ വാങ്ങണം. അതില്ലെങ്കിൽ കരാർ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയും ചൈനയും ഉടൻ തന്നെ പുതിയ വ്യാപാര ചർച്ചകൾക്ക് ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ്, ചൈനീസ് വൈസ് പ്രീമിയർ ഹെ ലിഫെങ് എന്നിവരുടെ വീഡിയോ കോളിനുശേഷമാണ് ചർച്ചകള്‍ സംബന്ധിച്ച വാർത്തകള്‍ സ്ഥിരീകരിച്ചത്. ഈ മാസം നടക്കുന്ന APEC ഉച്ചകോടിയിൽ ഷി ജിൻപിങുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നുവെങ്കിലും, പുതിയ വിവരങ്ങൾ പ്രകാരം ഇരുവരും കൊറിയയിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. "ട്രംപ് പാർട്ടി ചെയർമാൻ ഷിയുമായി കൊറിയയിൽ കൂടിക്കാഴ്ച നടത്തും. അത് നടക്കും." അമേരിക്കൻ ട്രഷറി സെക്രട്ടറി ബെസ്സന്റ് വ്യക്തമാക്കി.












Click it and Unblock the Notifications