ഇന്ത്യാ വിരുദ്ധ നീക്കവുമായി ചൈന; ബ്രിക്‌സില്‍ പാകിസ്താനെ അംഗമാക്കാന്‍ നീക്കം, ഗൂഡാലോചന!!
പാകിസ്താനടക്കമുള്ള ചൈനയുടെ സൗഹൃദ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്രിക്‌സ് വിപുലീകരിക്കാനാണ് ചൈനയുടെ ശ്രമം.
ബീജിങ്: ഇന്ത്യക്കെതിരേ തന്ത്രപരമായ നീക്കവുമായി ചൈന രംഗത്ത്. ബ്രിക്‌സ് കൂട്ടായ്മയില്‍ കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ചൈന അഭിപ്രായപ്പെട്ടു. പാകിസ്താനടക്കമുള്ള ചൈനയുടെ സൗഹൃദ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്രിക്‌സ് വിപുലീകരിക്കാനാണ് ചൈനയുടെ ശ്രമം.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ആണ് പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. കൂടുതല്‍ വികസ്വര രാജ്യങ്ങളെ ഉള്‍പ്പെടുത്തി ബ്രിക്‌സ് വിശാലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചൈനീസ് പാര്‍ലമെന്റ് സമ്മേളനത്തൊടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വളര്‍ന്നുവരുന്ന പുതിയ രാജ്യങ്ങളെ കൂടി ബ്രിക്‌സില്‍ ഉള്‍പ്പെടുത്തണം. പാകിസ്താന്‍, മെക്‌സിക്കോ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളെ കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തണമെന്നാണ് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചത്. ഈ രാജ്യങ്ങളെല്ലാം ചൈനയുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്നവരാണ്.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. നിലവില്‍ ചൈനയാണ് സംഘത്തിന്റെ അധ്യക്ഷ പദവി അലങ്കരിക്കുന്നത്. അടുത്ത സപ്തംബറില്‍ ചൈനയില്‍ ബ്രിക്‌സ് സമ്മേളനം നടക്കാനിരിക്കവെയാണ് ഇന്ത്യയെ ഒതുക്കാനുള്ള നീക്കവുമായി ചൈന രംഗത്തുവരുന്നത്.

നിലവില്‍ നിരവധി വികസന പദ്ധതികള്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തുവരികയാണ്. പലതും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ പുതിയ അംഗങ്ങളെ എടുക്കുന്നത് ബ്രിക്‌സിന്റെ ലക്ഷ്യത്തെ ബാധിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.

ചൈനക്ക് താല്‍പര്യമുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാല്‍ അവര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കാന്‍ സാധിക്കും. ചൈനയുടെ രാഷ്ട്രീയ വേദിയായി മാറുന്ന കാഴ്ചയാവും പിന്നീട് ബ്രിക്‌സിലുണ്ടാവുക. ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവുമിതെന്ന് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യ പസഫിക് സെന്റര്‍ ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസിലെ പ്രഫസര്‍ മോഹന്‍ മാലിക് അഭിപ്രായപ്പെട്ടു.

പാകിസ്താന്‍, ശ്രീലങ്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളെ അംഗമാക്കാനാണ് ചൈനയുടെ നീക്കമെന്ന് ആരോപണമുണ്ട്. ഇവര്‍ അംഗങ്ങളായാല്‍ ചൈനീസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ആ രാജ്യം കണക്കുകൂട്ടുന്നു. ഷാങ്ഹായ് കോഓപറേഷന്‍ ഓര്‍ഗനൈസേഷനും സംഭവിച്ചത് സമാനമായ അവസ്ഥയായിരുന്നുവെന്ന് മോഹന്‍ പറഞ്ഞു.

2016ല്‍ ബ്രിസ്‌ക് സമ്മേളനം ഗോവയില്‍ നടന്നിരുന്നു. അന്ന് പാകിസ്താനെ ഒറ്റപ്പെടുത്തി പ്രമേയം അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം തടഞ്ഞത് ചൈനയാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ആരോപിച്ച് പാകിസ്താനെതിരേ പ്രമേയം കൊണ്ടുവരാനായിരുന്നു ഇന്ത്യയുടെ ശ്രമം.

ബ്രിക്‌സ് എന്നത് ബ്രിക്‌സ് പ്ലസ് എന്ന സങ്കല്‍പത്തിലേക്ക് മാറ്റാനാണ് ചൈന ആഗ്രഹിക്കുന്നത്. പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബ്രിക്‌സില്‍ അംഗങ്ങളായാല്‍ അവര്‍ക്കെതിരായ യാതൊരു നീക്കവും പിന്നെ ഇന്ത്യക്ക് സാധ്യമാവുകയില്ല.

ചൈനീസ് വിദേശകാര്യമന്ത്രി മറ്റൊരു തരത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചത്. ബ്രിക്‌സിലെ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ മാത്രം യോഗം ചേരുന്ന കാര്യവും ആലോചിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു.

ബ്രിക്‌സ് രാജ്യങ്ങളുടെ കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കുക. സാംസ്‌കാരിക ആഘോഷങ്ങള്‍ നടത്തുക തുടങ്ങിയ നിര്‍ദേശവും ചൈന മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ത്യ എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് സാധ്യത.












Click it and Unblock the Notifications