ചൈനയിലെ മുസ്ലിംകളെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഞെക്കിക്കൊല്ലുന്നു; ഭീകരവാദം, നിരീക്ഷണം, ഐസിസ്...
അന്താരാഷ്ട്രതലത്തില്‍ ഭീകരവാദം ശക്തിപ്പെടുന്നുവെന്നും അതിനെതിരേ ജനകീയ സമരമാണ് വേണ്ടതെന്നും സിന്‍ജിയാങിലെ പാര്‍ട്ടി നേതാവ് ഷര്‍ഹാത്ത് അഹാന്‍ പറഞ്ഞു.
ബീജിങ്: ചൈനയില്‍ മുസ്ലിംകള്‍ക്കെതിരേ കടുത്ത നടപടികളുമായി കമ്യൂണിസ്റ്റ് ഭരണകൂടം. മുസ്ലിംകളെ നിരീക്ഷിക്കുന്നത് ശക്തമാക്കിയ സര്‍ക്കാര്‍ ഭീകരവാദത്തിന്റെ പേരിലാണ് നടപടികള്‍ കടുപ്പിച്ചത്. തീവ്രവാദ പ്രവര്‍ത്തനം രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ പറയുന്നു.
അന്താരാഷ്ട്രതലത്തില്‍ ഭീകരവാദം ശക്തിപ്പെടുന്നുവെന്നും അതിനെതിരേ ജനകീയ സമരമാണ് വേണ്ടതെന്നും സിന്‍ജിയാങിലെ പാര്‍ട്ടി നേതാവ് ഷര്‍ഹാത്ത് അഹാന്‍ പറഞ്ഞു. ചൈനയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകള്‍ താമസിക്കുന്ന പ്രവിശ്യയാണ് സിന്‍ജിയാങ്.

സിന്‍ജിയാങിലെ മുസ്ലിംകളെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരീക്ഷിക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവിടുത്തെ പ്രധാന പട്ടണങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പ്രത്യേക കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ പള്ളികളോട് ചേര്‍ന്ന പ്രദേശത്ത് പ്രത്യേക പോലിസിനെ വിന്യസിച്ചിട്ടുമുണ്ട്.

സിന്‍ജിയാങില്‍ സംഘര്‍ഷം പതിവാണ്. ഭീകരരെന്ന് ആരോപിച്ച് നിരവധി യുവാക്കളെ പോലിസ് വെടിവച്ച് കൊന്നിട്ടുണ്ട്. ഇവിടുത്തെ ചില യുവാക്കള്‍ ഭീകരവാദി സംഘങ്ങള്‍ക്കൊപ്പം ചേര്‍ന്നെന്ന് ചൈനീസ് ഭരണകൂടം നേരത്തെ പറഞ്ഞിരുന്നു.

അന്താരാഷ്ട്ര ഭീകര സംഘടനയായ ഐസിസില്‍ സിന്‍ജിയാങിലെ യുവാക്കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചൈന ആരോപിച്ചിരുന്നു. ഈ ആരോപണത്തിന് ബലമേകുന്ന തരത്തില്‍ ഐസിസിന്റെ ഒരു വീഡിയോയും അടുത്തിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് നേതാക്കള്‍ ഇസ്ലാമിനെതിരേ ജനകീയ സമരം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്

സിന്‍ജിയാങിലെ ജനങ്ങളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സിന്‍ജിയാങിലെ മുസ്ലിം വിഭാഗമായ വീഗൂറുകളുടെ നീക്കങ്ങള്‍ പരിശോധിക്കുന്നതിന് പോലിസ് പട്രോളിങ് ഇപ്പോള്‍ ശക്തമാണ്. ഇസ്ലാമിക വിഘടനവാദികള്‍ക്ക് മേഖലയില്‍ സ്വാധീനമുണ്ടെന്ന് കുറ്റപ്പെടുത്തിയാണ് നടപടി.

സിന്‍ജിയാങിന് പുറമെ മുസ്ലിം ഭൂരിപക്ഷമുള്ള മറ്റൊരു ചൈനീസ് മേഖലയാണ് നിങ്‌സിയ ഹുയ് സ്വയംഭരണ പ്രദേശം. ഹുയ് വിഭാഗത്തില്‍പ്പെട്ട മുസ്ലിംകളാണ് ഇവിടെ അധിവസിക്കുന്നത്. സിന്‍ജിയാങ് പോലെയുള്ള പ്രശ്‌നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശമാണിത്.

ഇവിടെയുള്ള മുസ്ലിംകളെ ഭീഷണിപ്പെടുത്തിയാണ് നിങ്‌സിയ ഹുയിലെ കമ്യൂണിസ്റ്റ് നേതാവ് കഴിഞ്ഞ ദിവസം സംസാരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നടപടികളെ പിന്തുണച്ചുകൊണ്ടാണ് കമ്യൂണിസ്റ്റ് നേതാവ് ലി ജയാങ്കു പ്രസംഗിച്ചത്. അമേരിക്കയിലേക്ക് ഭീകരവാദം എത്തുന്നത് തടയുകയാണ് ട്രംപിന്റെ നടപടി ലക്ഷ്യം വയ്ക്കുന്നതെന്ന് യാത്രാ നിരോധനം പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

ഇസ്ലാമോ ന്യൂനപക്ഷമോ ഒന്നുമല്ല ആദ്യം ചര്‍ച്ച ചെയ്യേണ്ടത്, പകരം ചൈനീസ് ജനതയെ കുറിച്ചാണെന്ന് നിങ്‌സിയയിലെ പാര്‍ട്ടി നേതാവ് വു ഷിമിന്‍ പറഞ്ഞു. മേഖലയിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണെന്് ഹോങ്കോങ് സര്‍വകലാശാലയിലെ ഡോക്ട്രേറ്റ് വിദ്യാര്‍ഥി മുഹമ്മദ് അല്‍ സുദൈരി പറയുന്നു. ചൈനയിലെ ഇസ്ലാമിക കാര്യങ്ങളെ കുറിച്ച് പഠനം നടത്തിയ വ്യക്തിയാണ് അല്‍ സുദൈരി.

ചൈനീസ് സമൂഹത്തിന് ഇസ്ലാം ഒരു പ്രശ്‌നമാണെന്ന് വരുത്തി തീര്‍ക്കുകയാണ് കമ്യൂണിസ്റ്റ് നേതാക്കള്‍ ചെയ്യുന്നത്.പാര്‍ട്ടിയില്‍ അധികാരം ശക്തമാക്കാന്‍ പ്രസിഡന്റ് സി ജിന്‍പിങ് നടത്തുന്ന നീക്കങ്ങളുടെ ഭാഗമയാണ് ഇത്തരം പ്രചാരണങ്ങള്‍. റമദാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിന് മുസ്ലിംകള്‍ക്ക് വിലക്കുള്ള പ്രദേശമാണിതെന്ന് സുദൈരി പറയുന്നു.

സിന്‍ജിയാങില്‍ ആയിരങ്ങളാണ് വിവിധ സമയങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചത്. ഇവിടുത്തെ വിഗൂര്‍ സംഘങ്ങള്‍ക്ക് അല്‍ഖാഇദയുമായും ഐസിസുമായും ബന്ധമുണ്ടെന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്. എന്നാല്‍ ഈ വാദത്തിന് കാര്യമായ തെളിവുകള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഫെബ്രുവരിയില്‍ സിറിയയിലും ഇറാഖിലും വിഗൂറുകള്‍ പരിശീലനം നടത്തുന്ന വീഡിയോകള്‍ ഐസിസ് പുറത്തുവിട്ടിരുന്നു.












Click it and Unblock the Notifications