വീട് ഏതായാലും നഷ്ടപ്പെട്ടു, പണം കൈക്കലാക്കാം; കൂട്ട മൊഴി ചൊല്ലല്‍, വല്ലാത്ത നാട്...
ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലുള്ള ജിയാങ്ബി ഗ്രാമീണരാണ് പണം കിട്ടാന്‍ വ്യത്യസ്ത വഴി തേടുന്നത്. കഴിഞ്ഞദിവസം മാത്രം വേര്‍പ്പിരിഞ്ഞത് 160 ലധികം ദമ്പതികള്‍.
ബീജിങ്: വികസന പദ്ധതിയുടെ ഭാഗമായി വീട് നഷ്ടപ്പെട്ടു. പിന്നീടുള്ള പ്രതീക്ഷ നഷ്ടപരിഹാരത്തില്‍. അത് എത്രത്തോളം കിട്ടും. കിട്ടുന്നത്ര കൈക്കലാക്കാനാണ് ഈ ചൈനീസ് ഗ്രാമീണരുടെ ലക്ഷ്യം.
ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലുള്ള ജിയാങ്ബി ഗ്രാമീണരാണ് പണം കിട്ടാന്‍ വ്യത്യസ്ത വഴി തേടുന്നത്. ഈ ഗ്രാമത്തിലിപ്പോള്‍ എല്ലാ ദമ്പതികളും വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന തിരക്കിലാണ്. കഴിഞ്ഞദിവസം മാത്രം വേര്‍പ്പിരിഞ്ഞത് 160 ലധികം ദമ്പതികള്‍.

ചൈനീസ് ഭരണകൂടം ഗ്രാമത്തില്‍ ഹൈടെക് ഡവലപ്‌മെന്റ് മേഖല നിര്‍മിക്കുകയാണ്. ഇതിന്റെ ഭാഗമായി ആയിരത്തോളം കുടുംബങ്ങളെയാണ് കുടിയൊഴിപ്പിക്കുന്നത്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്കെല്ലാം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യക്തി കേന്ദ്രീകൃതമായാണ് നഷ്ടപരിഹാരം നല്‍കുന്നത്. ദമ്പതികളെ ഒരു വ്യക്തിയായി പരിഗണിക്കും. ഇതുമൂലം കിട്ടുന്ന നഷ്ടപരിഹാരം മതിയാവില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കൂടുതല്‍ നഷ്ടപരിഹാരം കൈക്കലാക്കാന്‍ ചൈനക്കാര്‍ പുതുവഴി തേടിയത്.

തുടര്‍ന്നായിരുന്നു കൂട്ട വേര്‍പ്പിരിയല്‍. കുടിയൊഴിപ്പിക്കപ്പെടുന്ന ഓരോരുത്തര്‍ക്കും 19000 ഡോളര്‍ വീതം നഷ്ടപരിഹാരവും കിട്ടും. പിന്നെ വീടും. വേര്‍പ്പിരിയുന്നവര്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ വീട്. അതായത് രണ്ട് വീട്. കൂടാതെ 38000 ഡോളറും! ഈ സാഹചര്യത്തിലാണ് വേര്‍പിരിയല്‍ ഫാഷനായിരിക്കുന്നത്.

പ്രായം ചെന്നവര്‍ പക്ഷേ, പണം കിട്ടാന്‍ എളുപ്പവഴി തേടുന്നില്ല. തങ്ങള്‍ ഒരുമിച്ച് തന്നെ ജീവിക്കുമെന്ന് പ്രായം കൂടിയവര്‍ പറഞ്ഞു. വീട് നഷ്ടമാവുന്നവര്‍ക്കെല്ലാം പ്രാദേശിക ഭരണകൂടം മറ്റൊരു സ്ഥലത്ത് പുതിയ വീട് വച്ചുകൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഓരോ ദമ്പതികള്‍ക്കും 220 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീട് കിട്ടും. എന്നാല്‍ നേരത്തെ വേര്‍പ്പിരിഞ്ഞു ജീവിക്കുന്ന ചിലരില്‍ രണ്ടുപേര്‍ക്കും വീട് കിട്ടി. ഇതാണ് കൂട്ട വിവാഹ മോചനത്തിലേക്ക് നയിച്ചത്.

ഈ അവസരം മുതലെടുത്ത് ചില അഭിഭാഷക സംഘങ്ങള്‍ വിവാഹ മോചനത്തിന് ഫീസ് ഇരട്ടിയാക്കിയിട്ടുണ്ട്. വിവാഹ മോചനത്തിന് കോടതിയില്‍ ഹാജരാവുന്നതിന് 2000 ഡോളറാണ് ഇവര്‍ വാങ്ങുന്നതെന്ന് ചൈന ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു.

എന്നാല്‍ വീടും പണവുമൊക്കെ ലഭിച്ച ശേഷം വീണ്ടും വിവാഹം കഴിക്കാമെന്ന നിബന്ധനയിലാണ് പലരും വിവാഹമോചിതരാവുന്നത്. എന്നാല്‍ വിവാഹമോചിതരാവുന്ന എല്ലാവര്‍ക്കും അധിക നഷ്ടപരിഹാരം കിട്ടുന്നുണ്ടോ എന്ന് അറിവായിട്ടില്ല. പുതിയ വിവാഹ മോചനം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. സമാനമായ സംഭവം നാന്‍ജിങിലുമുണ്ടായിരുന്നുവെന്ന് ചൈന ഡെയ്‌ലി റിപോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications