കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളില്‍ രഹസ്യ രേഖകള്‍, ഒളിപ്പിച്ചുവെച്ചത് ബാത്‌റൂമില്‍, ട്രംപിന് കുരുക്ക്
വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയുള്ള കേസില്‍ നിര്‍ണായക ചിത്രങ്ങള്‍ പുറത്തുവിട്ട് അന്വേഷണ ഏജന്‍സികള്‍. ട്രംപിന്റെ വസതിയില്‍ നിന്ന് രഹസ്യസ്വഭാവമുള്ള രേഖകളാണ് പിടിച്ചെടുത്തത്. എന്നാല്‍ ഇത് ഒളിപ്പിച്ച് വെച്ചിരുന്നത് ആരും പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലായിരുന്നു.
ആറ് ചിത്രങ്ങളാണ് പുറത്തുവിട്ടത്. ട്രംപിനെതിരെ കുറ്റം ചുമത്താന്‍ ഇത് മതിയാകുമെന്നാണ് സൂചന. ഫ്‌ളോറിഡയിലെ മാര്‍ എ ലാഗോ എസ്‌റ്റേറ്റിലെ വിവിധ ഇടങ്ങളിലാണ് ഈ രഹസ്യ രേഖകള്‍ ഒളിപ്പിച്ച് വെച്ചിരുന്നത്.

കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കിയിട്ടായിരുന്നു ഇവ ഉണ്ടായിരുന്നത്. സ്വന്തം കിടപ്പുമുറി, ഷവര്‍, ബാത്‌റൂം, ബോള്‍റൂം, എന്നിവിടങ്ങളിലായിട്ടാണ് ട്രംപ് ഇവ ഒളിപ്പിച്ച് വെച്ചിരുന്നത്.
37 വകുപ്പുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള രേഖകളാണിത്. യുഎസ് ആണവായുധ വിവരങ്ങള്‍ ട്രംപ് രഹസ്യമായി സൂക്ഷിച്ച് വെച്ചു എന്നാണ് ആരോപണം. അതിന്റെ ഫയലുകളാണ് ട്രംപില്‍ നിന്ന് കണ്ടെത്തിയതെന്നാണ് സൂചന.
യുഎസ്സിനും, അതിന്റെ സഖ്യകക്ഷികള്‍ക്കും, സൈനിക ആക്രമണത്തിന് തയ്യാറെടുക്കുമ്പോള്‍, അതിനെ ദുര്‍ബലമാക്കുന്നതാണ് ട്രംപിന്റെ കൈയ്യിലുള്ള രേഖകള്‍ എന്നാണ് വിലയിരുത്തല്‍. ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം നേരിടുന്നത്.
ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം, ഈ രേഖകള്‍ സൂക്ഷിക്കാനോ, കൈവശം വെക്കാനോ, പ്രദര്‍ശിപ്പിക്കാനോ, ചര്‍ച്ച ചെയ്യാനോ പറ്റുന്ന ഇടമല്ല മാര്‍ ലാഗോ എസ്‌റ്റേറ്റ്. അതിന് അനുമതിയുമില്ല. ഇത് രാജ്യ രഹസ്യങ്ങള്‍ പരസ്യമാക്കുന്നത് പോലെയാണ് എന്നാണ് ആരോപണം.
ട്രംപ് വൈറ്റ് ഓഫീസില്‍ നിന്ന് പോയ ശേഷം മാര്‍ ലാഗോയിലെ സോഷ്യല്‍ ക്ലബില്‍ ആയിരക്കണക്കിന് ആളുകള്‍ അംഗങ്ങളും, അതിഥികളുമൊക്കെ പാര്‍ട്ടിക്ക് എത്തിയിട്ടുണ്ട്. ഇതിലൂടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്ന് പോകാനുള്ള സാധ്യതയാണ് പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ട്രംപ് ഇവ സൂക്ഷിച്ച് വെച്ചിരുന്ന സ്ഥലങ്ങളാണ് അത്ഭുതപ്പെടുത്തുന്നത്. അത് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്. ഒരു ശുചിമുറിയിലെ ഷവറിനും, ടോയ്‌ലറ്റിനും ഇടയിലായിട്ടാണ് കുറച്ച് രേഖകള്‍ ഉണ്ടായിരുന്നത്. 2021 ഏപ്രിലിലാണ് ഇത് ഈ ശുചിമുറിയിലേക്ക് മാറ്റിയത്. പിന്നീട് ഏറ്റവും താഴത്തെ നിലയിലുള്ള സ്റ്റോറേജ് റൂമിലേക്ക് ട്രംപിന്റെ നിര്‍ദേശപ്രകാരം മാറ്റുകയായിരുന്നു. ജൂണ്‍ മാസത്തിലാണ് ഈ രേഖകള്‍ സ്റ്റോര്‍ റൂമിലേക്ക് മാറ്റിയത്.
ചില സമയങ്ങളില്‍ ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയിലെ സ്‌റ്റോര്‍ റൂമില്‍ എണ്‍പതോളം പെട്ടികള്‍ രേഖകള്‍ നിറച്ച് ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ട്രംപിന്റെ ടീമിന്റെ ഭാഗമായ വാള്‍ട്ട് നോട്ടയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാള്‍ ഈ പെട്ടികളുടെ ചിത്രമെടുത്ത് സഹപ്രവര്‍ത്തകന് അയച്ച് കൊടുത്തതായിട്ടാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്.
വാതില്‍ തുറന്നപ്പോള്‍ ഇതാണ് കണ്ടെത്തിയതെന്ന് ഇയാള്‍ ചാറ്റില്‍ പറഞ്ഞിട്ടുണ്ട്. ഒരു രാജ്യത്തിന്റെ സൈനിക കരുത്ത് എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന രേഖകള്‍ വരെ ട്രംപിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മുറിയുടെ മുകള്‍ ഭാഗത്ത് ഒളിപ്പിച്ച് വെച്ച നിലയിലും ചില പെട്ടികള്‍ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications