'അവര്‍ക്കും അന്തസുണ്ട്'; കൊളംബിയന്‍ പ്രസിഡന്റിന്റെ നിലപാടും മോദിയുടെ മൗനവും ചര്‍ച്ചയാകുമ്പോള്‍
'ഒരു കുടിയേറ്റക്കാരന്‍ കുറ്റവാളിയല്ല, ഒരു മനുഷ്യന്‍ അര്‍ഹിക്കുന്ന അന്തസോടു കൂടി അവരെ പരിഗണിക്കണം. അതുകൊണ്ടാണ് കൊളംബിയന്‍ കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടു വന്ന യുഎസ് സൈനിക വിമാനങ്ങള്‍ ഞാന്‍ തിരിച്ചുവിട്ടത്. കുടിയേറ്റക്കാരെ ആവശ്യമില്ലാത്ത ഒരു രാജ്യത്ത് അവര്‍ തുടരുന്നത് എനിക്ക് അനുവദിക്കാനാവില്ല. അവരെ കുറ്റവാളികളെപ്പോലെ കാണാതെ നമ്മുടെ സഹ പൗരന്മാരായി പരിഗണിച്ച് സിവിലിയന്‍ വിമാനങ്ങളില്‍ തിരിച്ചയച്ചാല്‍ ഞങ്ങള്‍ സ്വീകരിക്കും'.
സമൂഹ മാധ്യമമായ എക്‌സില്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ കുറിച്ച വരികള്‍ വീണ്ടും വൈറലാകുകയാണ്. കൊളംബിയന്‍ പൗരന്മാരെ സൈനിക വിമാനത്തില്‍ കൈ കാലുകള്‍ ബന്ധിപ്പിച്ച് മനുഷ്യത്വരഹിതമായി മാതൃ രാജ്യത്തേക്കു തിരിച്ചയച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള പെട്രോയുടെ മൂര്‍ച്ചയുള്ള മറുപടി കൂടിയായിരുന്നു ഇത്. പെട്രോയുടെ ഈ വരികള്‍ ഇപ്പോള്‍ ഇന്ത്യക്കാരാണ് കൂടുതലും ഷെയര്‍ ചെയ്യുന്നത്. യു.എസില്‍ നിന്ന് വിലങ്ങണിയിച്ചു കൊണ്ടുവന്ന ഇന്ത്യന്‍ പൗരന്മാരെക്കുറിച്ച് ഒരക്ഷരം പോലും പറയാതിരുന്ന പ്രധാനമന്ത്രി മോദിയുടെ നിലപാടും ഗുസ്താവോ പെട്രോയുടെ പോസ്റ്റുമാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ നിന്നുമുള്ള സൈനിക വിമാനത്തില്‍ നൂറിലേറെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് അമൃത്സര്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചത്.
ഒരു മെച്ചപ്പെട്ട ഭാവി സ്വപ്‌നം കണ്ട് കുറേ ഇന്ത്യക്കാര്‍ അമേരിക്കയിലേക്കു കുടിയേറാന്‍ ശ്രമിച്ചു എന്നത് വലിയ അപരാധമായി ട്രംപ് കണ്ടപ്പോള്‍ അതിനെതിരേ പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞില്ല. നാടുകടത്തിയവരെ വിലങ്ങണിയിച്ച നടപടിയെ നിയമപ്രകാരമാണെന്ന് വിദേശകാര്യമന്ത്രി ജയശങ്കര്‍ ന്യായീകരിക്കുകയും ചെയ്തു.
ലാറ്റിനമേരിക്കയില്‍ യുഎസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയാണ് കൊളംബിയ. അവര്‍ സ്വീകരിച്ച നിലപാട് എന്തുകൊണ്ട് ഇന്ത്യയ്ക്ക് സ്വീകരിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് പലരും സമൂഹ മാധ്യമങ്ങളില്‍ ചോദിക്കുന്നത്. ഫെബ്രുവരിയില്‍ മോദി വൈറ്റ് ഹൗസ് സന്ദര്‍ശിക്കുമെന്ന് യു.എസ് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴെങ്കിലും മോദി ഈ വിഷയം ട്രംപിനോട് ഉന്നയിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ട്രംപുമായി മികച്ച സൗഹൃദമാണ് മോദി പുലര്‍ത്തുന്നത്. ഈ സൗഹൃദത്തിന്റെ അടിസ്ഥാനത്തിലെങ്കിലും ഇത്തരമൊരു മനുഷ്യത്വരഹിതമായ നടപടി ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. അതേസമയം, നിരവധി ഇന്ത്യക്കാരെ കബളിപ്പിച്ച് അനധികൃതമായി അമേരിക്കയിലേക്കു കടത്താന്‍ ഇടനില നിന്ന ഏജന്റുകള്‍ക്കെതിരേ സര്‍ക്കാര്‍ എന്തു നടപടിയെടുക്കും എന്നും എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്.
ഇന്ത്യക്കാരെ കയ്യില്‍ വിലങ്ങണിയിച്ച് നാടുകടത്തിയ സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചിരുന്നു.
'ഇന്ത്യന്‍ പൗരന്മാരെ അമേരിക്ക മനുഷ്യത്വരഹിതമായി നാടുകടത്തിയതിനെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്നാണ് മാണിക്കം ടാഗോര്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലൂടെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്, വയനാട് എംപി പ്രിയങ്ക ഗാന്ധി, എഎസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും സര്‍ക്കാരിന്റെ മൗനത്തെ വിമര്‍ശിച്ചു.
കൊളംബിയ നടപടിക്കെതിരെ ശക്തമായ നിലപാട് എടുത്തപ്പോള്‍ അമേരിക്കയുടെ ഇത്തരം മനുഷ്യത്വരഹിതമായ പ്രവണതകള്‍ ഇന്ത്യയ്ക്ക് ഒഴിവാക്കാന്‍ കഴിയാതിരുന്നത് വിദേശകാര്യ മന്ത്രാലയത്തിന്റെ പരാജയമാണെന്നാണ് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തിയത്.












Click it and Unblock the Notifications