'ഇങ്ങോട്ടു വാ, ഞാന്‍ ഇവിടെയുണ്ട്'; ട്രംപിനെ വെല്ലുവിളിച്ച് കൊളംബിയന്‍ പ്രസിഡന്റ്: ലാറ്റിന്‍അമേരിക്കയില്‍ ആശങ്ക
ബൊഗോട്ട: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈന്യം അതീവ രഹസ്യമായി പിടികൂടി നാടു കടത്തിയതിന് പിന്നാലെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി വെല്ലുവിളിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്തവോ പെട്രോ. 'എന്നെ പിടികൂടാന്‍ വരൂ, ഞാന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നായിരുന്നു പെട്രോയുടെ വെല്ലുവിളി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ യുഎസ് സൈനിക ഇടപെടല്‍ ശക്തമാകുന്നതിനിടെയാണ് ട്രംപിനെ പ്രകോപിപ്പിച്ചുകൊണ്ടുള്ള പെട്രോയുടെ പ്രസ്താവന.
വെനസ്വേലയില്‍ സൈനിക നീക്കത്തിലൂടെ മഡൂറോയെ പിടികൂടിയതു പോലെ കൊളംബിയക്കെതിരെയും നടപടി ഉണ്ടാകുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. കൊളംബിയ ഭരിക്കുന്നത് 'കൊക്കെയിന്‍ നിര്‍മ്മിച്ച് അമേരിക്കയ്ക്ക് വില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു രോഗിയാണ്' എന്നായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം. പെട്രോയ്ക്ക് സ്വന്തമായി കൊക്കെയ്ന്‍ ഫാക്ടറികളുണ്ടെന്നും ട്രംപ് ആരോപിച്ചു. ട്രംപിന്റെ ഭീഷണിക്കു പിന്നാലെ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന മറുപടിയാണ് പെട്രോ നല്‍കിയത്.

മുന്‍പ് ഗറില്ലാ പോരാളിയായിരുന്ന താന്‍, മേയറായതോടെ ഇനി ആയുധം തൊടില്ലെന്ന് സത്യം ചെയ്തിരുന്നു. എന്നാല്‍ മാതൃരാജ്യത്തിന്റെ സംരക്ഷണത്തിനായി താന്‍ വീണ്ടും ആയുധമെടുക്കുമെന്ന് പെട്രോ വ്യക്തമാക്കി. 'എന്നെ ഭീഷണിപ്പെടുത്തേണ്ട, നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഇങ്ങോട്ട് വരൂ, ഞാന്‍ ഇവിടെത്തന്നെയുണ്ട്' എന്ന് അദ്ദേഹം എക്‌സിലൂടെ കുറിച്ചു.
യുഎസും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മഡുറോയുടെ പതനത്തിന് ശേഷം ലാറ്റിന്‍ അമേരിക്കയിലെ അടുത്ത ലക്ഷ്യം പെട്രോയാണെന്ന സൂചനയാണ് ട്രംപ് ഭരണകൂടം നല്‍കുന്നത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് കൊളംബിയന്‍ പ്രസിഡന്റ്.
കഴിഞ്ഞ ഒക്ടോബറില്‍ പെട്രോയ്ക്കും ഭാര്യയ്ക്കും അടുത്ത സഹായികള്‍ക്കുമെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പെട്രോയുടെ വിസയും അമേരിക്ക റദ്ദാക്കി.
കൊളംബിയ ലോകത്തിലെ ഏറ്റവും വലിയ കൊക്കെയ്ന്‍ ഉത്പാദക രാജ്യമാണ്. എന്നാല്‍ 2022-ല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പെട്രോ മയക്കുമരുന്ന് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ഒരു തെളിവുമില്ല. മാത്രമല്ല മയക്കുമരുന്ന് കടത്തിനെതിരെ പോരാടുന്നതില്‍ കൊളംബിയ യുഎസിന്റെ പങ്കാളിയുമാണ്, എന്നാല്‍ കഴിഞ്ഞ വര്‍ഷം ട്രംപ് അധികാരമേറ്റതിനുശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടായി. ഇതിനു ശേഷമാണ് നേതാക്കള്‍ തമ്മിലുള്ള പരസ്പരമുള്ള വാക്‌പോരുകള്‍ ആരംഭിച്ചത്.












Click it and Unblock the Notifications