'മത്സരമാവാം, പക്ഷെ ചതി പാടില്ല': നിയമനടപടി സ്വീകരിക്കും, ത്രെഡിന് മുന്നറിയിപ്പുമായി ട്വിറ്റർ
ലോഞ്ച് ചെയ്ത് ആദ്യ 24 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ ത്രെഡ് ആപ്പിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ട്വിറ്റർ. ത്രെഡ് തങ്ങളുടെ "ബൗദ്ധിക സ്വത്തവകാശം" (intellectual property rights) ലംഘിക്കുന്നുവെന്നാണ് ട്വിറ്ററിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ട്വിറ്റർ അധികൃതർ നല്‍കുന്നു. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിന് പകരക്കാരനാവുകയെന്ന ലക്ഷ്യത്തോടെ മാർക്ക് സുക്കർബർഗ് അവതരിപ്പിച്ച പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമാണ് ത്രെഡ്.
ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തുക്കളും നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ഇലോൺ മസ്‌കിന്റെ അഭിഭാഷകൻ അലക്‌സ് സ്പിറോ മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന് നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. സെമാഫോർ എന്ന വാർത്താ ഏജൻസി അലക്‌സ് സ്പിറോയുടെ കത്തിന്റെ ഉള്ളടക്കം പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്.

"ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് അതീവ രഹസ്യാത്മക കാര്യങ്ങളും അറിയുന്ന" ഡസൻ കണക്കിന് മുൻ ട്വിറ്റർ ജീവനക്കാരെ മെറ്റ (ത്രെഡിന്റെ മാതൃസ്ഥാപനം) നിയമിച്ചതായി കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. "ട്വിറ്റർ അതിന്റെ ബൗദ്ധിക സ്വത്തവകാശം കർശനമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു, കൂടാതെ ഏതെങ്കിലും ട്വിറ്റർ വ്യാപാര രഹസ്യങ്ങളോ മറ്റ് അതീവ രഹസ്യാത്മകമായ വിവരങ്ങളോ ഉപയോഗിക്കുന്നത് നിർത്താൻ മെറ്റാ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു," അലക്സ് സ്പിറോ കത്തിൽ വ്യക്തമാക്കുന്നു.
സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് ഇലോണ്‍ മസ്കും രംഗത്ത് വന്നിട്ടുണ്ട്, "മത്സരം നല്ലതാണ്, പക്ഷെ ചതിപാടില്ല." എന്നാണ് മസ്ക് ട്വിറ്ററില്‍ കുറിച്ചത്. അതേസമയം, ത്രെഡ്‌സിലെ എഞ്ചിനീയറിംഗ് ടീമിലെ ആരും മുൻ ട്വിറ്റർ ജീവനക്കാരനല്ലെന്ന് അവകാശപ്പെട്ടുകൊണ്ട് മെറ്റയും രംഗത്ത് വന്നു. "ത്രെഡ്‌സ് എഞ്ചിനീയറിംഗ് ടീമിലെ ആരും മുൻ ട്വിറ്റർ ജീവനക്കാരനല്ല " മെറ്റാ വക്താവ് ആൻഡി സ്റ്റോൺ ഒരു ത്രെഡ്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ലോഞ്ച് ചെയ്ത ആദ്യ മണിക്കൂറുകളില്‍ തന്നെ വലിയ സ്വീകാര്യതയാണ് ത്രെഡ് ആപ്പിന് ലഭിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ്ബോർഡ് അവതരിപ്പിക്കുന്ന ആപ്പിനെ എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള പുതിയ സാമൂഹിക മാധ്യമം എന്ന നിലയിലാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications