മരുഭൂമിയിലെ വിസ്മയം ലോകനെറുകയില്‍; ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായി സൗദിയിലെ അല്‍ ഉല
റിയാദ്: സൗദി അറേബ്യയുടെ പൈതൃക നഗരമായ അല്‍ഉലയെ 2023-ലെ ഏഴ് ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കോണ്‍ഡെ നാസ്റ്റ് ട്രാവലര്‍. അവാര്‍ഡ് ജേതാവായ ട്രാവല്‍ എഴുത്തുകാരന്‍ ആരോണ്‍ മില്ലറുടെ 2023-ലെ ദ സെവന്‍ വണ്ടേഴ്‌സ് ഓഫ് ദി വേള്‍ഡില്‍ ആണ് അല്‍ഉലയും ഉള്‍പ്പെട്ടിരിക്കുന്നത്. അസാധാരണമായ ചരിത്രവും സാംസ്‌കാരിക പൈതൃകവുമുള്ള സ്ഥലമാണ് സൗദി നഗരമായ അല്‍ഉല എന്ന് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നു.
2022 അവസാനത്തോടെയാണ് അല്‍ഉലയിലേക്ക് ഔദ്യോഗികമായി സന്ദര്‍ശകര്‍ക്കായി വാതിലുകള്‍ തുറന്നുകൊടുത്തത്. 200,000-ത്തിലധികം വര്‍ഷത്തെ അറബ് ചരിത്രം അനാവരണം ചെയ്യുന്ന പൈതൃക നഗരമാണ് അല്‍ഉല. സൗദി അറേബ്യയുടെ വടക്കന്‍ മരുഭൂമിയുടെ ഹൃദയഭാഗത്താണ് അല്‍ഉല നഗരം സ്ഥിതി ചെയ്യുന്നത്. പുരാതന നാഗരിക ജീവിതത്തിന്റെ ശേഷിപ്പായി ഇവിടെ ആകെയുള്ളതിന്റെ അഞ്ച് ശതമാനത്തില്‍ താഴെ സ്ഥലമേ ഖനനം ചെയ്തിട്ടുള്ളൂവെന്നാണ് കണക്ക്.

അതേസമയം 2023 ലെ ലോകത്തിലെ ഏഴ് അത്ഭുതങ്ങളില്‍ അല്‍ഉല നഗരത്തെ ഉള്‍പ്പെടുത്തിയതിന് സൗദി സാംസ്‌കാരിക മന്ത്രി രാജകുമാരന്‍ ബദര്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് കോണ്‍ഡെ നാസ്റ്റ് ട്രാവലറിനെ പ്രശംസിച്ചു. അല്‍ഉല അതിന്റെ അപൂര്‍വവും ആകര്‍ഷകവുമായ പ്രകൃതി സവിശേഷതകള്‍ കാരണമാണ് ലോകത്തിലെ തന്നെ അസാധാരണമായ ഒരു പൈതൃക സ്ഥലം എന്ന നിലയില്‍ വേറിട്ട് നില്‍ക്കുന്നത്.

ഫ്രാന്‍സിലെ മോണ്ട് സെന്റ്-മൈക്കല്‍, പെരിറ്റോ മൊറേനോ ഗ്ലേസിയര്‍ (അര്‍ജന്റീന), ടൈഗര്‍സ് നെസ്റ്റ് മൊണാസ്ട്രി (ഭൂട്ടാന്‍), കപ്പഡോഷ്യ ( തുര്‍ക്കി), ദി ലേക്ക് ഡിസ്ട്രിക്റ്റ് ( ബ്രിട്ടന്‍), ദ സാര്‍ഡിന്‍ റണ്‍, (ദക്ഷിണാഫ്രിക്ക) എന്നിവയാണ് അല്‍ ഉലക്ക് പുറമെ 2023-ലെ ആരോണ്‍ മില്ലറുടെ ഏഴ് ലോകാത്ഭുതങ്ങളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്

അല്‍ഉല പ്രദേശത്തു പ്രത്യേക വിനോദ സഞ്ചാര സോണ്‍ ആക്കി ഉയര്‍ത്താന്‍ സൗദി അറേബ്യ നേരത്തെ നടപടികള്‍ ആരംഭിച്ചിരുന്നു. മിഡില്‍ ഈസ്റ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി അല്‍ഉലയെ മാറ്റുകയാണ് ലക്ഷ്യം. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഇതിനായി കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന് അകത്തു നിന്നും വിദേശത്ത് നിന്നും പ്രതിവര്‍ഷം 10 ലക്ഷത്തിലേറെ വിനോദ സഞ്ചാരികളെ അല്‍ ഉലയിലെത്തിക്കുന്ന പദ്ധതിയാണ് സൗദി വിഭാവനം ചെയ്യുന്നത്.

യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ സൗദിയിലെ ആദ്യ കേന്ദ്രമായ മദാഇന്‍ സ്വാലിഹ് ഉള്‍പ്പെടുന്ന പ്രദേശമാണ് അല്‍ഉല. നേരത്തെ അല്‍ഉലയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. 2008 ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും അല്‍ഉല ഇടം നേടിയിരുന്നു. അല്‍ഉലയിലേക്ക് മദീനയില്‍ നിന്ന് 325 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്.












Click it and Unblock the Notifications