ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം: നരേന്ദ്ര മോദി മിണ്ടാത്തത് എന്താണെന്ന് ജയറാം രമേശ്
ഇന്ത്യ-പാക് വെടിനിർത്തലിന് കാരണം അമേരിക്ക നടത്തിയ ഇടപെടലാണെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തില്‍ നരേന്ദ്ര മോദിയുടെ പ്രതികരണം തേടി കോണ്‍ഗ്രസ്. 21 ദിവസത്തിനിടെ 11-ാം തവണയാണ് മോദിയുടെ "ഉറ്റ സുഹൃത്ത്" ട്രംപ്, ഇന്ത്യ-പാക് വെടിനിർത്തലിൽ തന്റെ പങ്ക് അവകാശപ്പെടുന്നതെന്ന് വീഡിയോ സഹിതം ചൂണ്ടിക്കാട്ടിയ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എപ്പോഴാണ് ഈ വിഷയത്തില്‍ മോദി പ്രതികരിക്കുകയെന്നും ചോദിച്ചു.
നേരത്തെ പലയിടത്തും ഡൊണാള്‍ഡ് ട്രംപ് ഇതേ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. നാല് ദിവസം നീണ്ട ഇന്ത്യ-പാക് യുദ്ധം നിർത്താൻ അമേരിക്ക എങ്ങനെ ഇടപെട്ടുവെന്ന് അവർ ആവർത്തിച്ചിരിക്കുയാണ്. ആണവയുദ്ധത്തിലേക്ക് പോകാതിരിക്കാന്‍ വ്യാപര ബന്ധം ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തല്‍ വരേയുണ്ടായെന്ന് അവർ പറയുന്നു. എന്നിട്ടും പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറാകാത്തത് എന്താണെന്ന് ചോദിച്ച ജയറാം രമേശ് ന്ത്യയെയും പാകിസ്ഥാനെയും തുല്യമായി കാണുന്ന ട്രംപിന്റെ നിലപാടിനേയും വിമർശിച്ചു.

മെയ് 23-ന് ട്രംപിന്റെ വാണിജ്യ സെക്രട്ടറി, ന്യൂയോർക്കിലെ കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിന് മുന്നിൽ സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചതായും രമേശ് ചൂണ്ടിക്കാട്ടി. "പക്ഷേ, ഡൊണാൾഡ് ഭായിയുടെ സുഹൃത്ത് ശ്രീ. നരേന്ദ്ര മോദി ഈ അവകാശവാദങ്ങളെ പൂർണമായ മൗനത്തോടെ അവഗണിക്കുന്നു. പ്രധാനമന്ത്രി എന്തുകൊണ്ട് സംസാരിക്കുന്നില്ല? പ്രസിഡന്റ് ട്രംപ്, മോദി എപ്പോഴും നന്നായി ചെയ്യുന്നതുപോലെ (അതായത്, കള്ളം പറയുന്നതുപോലെ) ചെയ്യുകയാണോ? അതോ അദ്ദേഹം 50% എങ്കിലും സത്യം പറയുകയാണോ?" ജയറാം രമേശ് എക്സില്‍ കുറിച്ചു.
ഇന്ത്യയെയും പാകിസ്ഥാനെയും ഒരേ തട്ടിൽ നിർത്തുന്ന ട്രംപിന്റെ നിലപാടിനെതിരെ സർക്കാർ വ്യക്തമായ മറുപടി നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യ-പാക് പ്രശ്നങ്ങൾ ദ്വിപക്ഷീയമായി പരിഹരിക്കപ്പെടുമെന്നും മൂന്നാം കക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഇന്ത്യൻ സർക്കാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളോട് മോദി സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിൽ തന്റെ ഭരണകൂടം നിർണായക പങ്ക് വഹിച്ചുവെന്ന് ആവർത്തിച്ച് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസവും രംഗത്ത് വന്നിരുന്നു. 'പരസ്പരം വെടിവയ്ക്കുന്നവരുമായി വ്യാപാരം നടത്താനാകില്ല' എന്ന ഇരു രാജ്യങ്ങളോടും നിർദേശം നല്‍കിയിരുന്നതായും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഓവൽ ഓഫീസിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌കിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇന്ത്യ-പാക് വെടിനിർത്തലിനെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കിയത്.
'ഞങ്ങൾ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചു. അത് ഒരു ആണവ ദുരന്തമായി മാറിയേനെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതാക്കൾ മികച്ചവരാണ്, അവർ ഞങ്ങളുടെ നിർദ്ദേശം മനസ്സിലാക്കി, അംഗീകരിച്ചു, എല്ലാം നിന്നു' ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് സംഘർഷം വെടിനിർത്തലിലേക്ക് എത്തിക്കുന്നതില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നിലപാട് ഉണ്ടായിട്ടില്ലെന്നാണ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നത്.












Click it and Unblock the Notifications