കൊറോണ വൈറസ്: മരണ സാധ്യത കൂടുതല്‍ ഈ പ്രായക്കാര്‍ക്ക്, ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
പാരിസ്: ലോകമെമ്പാടുമുള്ള 61 രാജ്യങ്ങളിലായി ഇതുവരെ 86,000 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടു. വൈറസ് ബാധയെ തുടര്‍ന്ന് മരിക്കാന്‍ സാധ്യതയുള്ള ആളുകളുടെ എണ്ണം പുറത്തു വന്ന റിപ്പോര്‍ട്ടുകളേക്കാള്‍ വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ആഗോള തലത്തിലുള്ള ആരോഗ്യ പ്രതിസന്ധിയിലേക്കാണ് നാം മുന്നോട്ട് പോകുന്നതെന്ന് ലോകാരോഗ്യ സംഘടന ഭയപ്പെടുന്നു. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖമുള്ള പ്രായമേറിയ ആളുകള്‍ക്ക് കൊറോണ ബാധിച്ചാല്‍ അപകട സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനയിലെ 72,000ത്തിലധികം രോഗികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഫെബ്രുവരി പകുതിയോടെ പരിശോധന നടത്തിയ 44,700 അണുബാധ കേസുകളില്‍ 80 ശതമാനത്തിലധികവും 60 വയസ്സ് കഴിഞ്ഞവരാണ്. അവരില്‍ തന്നെ പകുതിയില്‍ അധികവും 70 വയസ്സിന് മുകളിലുള്ളവരാണ്. ചൈനയിലെ ഔദ്യോഗിക ആഴ്ചപതിപ്പായ സിഡിസിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ചൈനയ്ക്ക് പുറത്ത് നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ടുകളും സമാനമാണ്. ഇറ്റലിയില്‍ നിന്നുള്ള ആദ്യത്തെ 12 ഇരകളെല്ലാം തന്നെ 80 വയസ്സിന് അടുത്തവരാണ്. ആരും തന്നെ 60 വയസ്സിന് താഴെയുള്ളവരുമില്ല. കൂടാതെ കൊല്ലപ്പെട്ട പലര്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചൈനയില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാരാണ് കൊറോണ ബാധിച്ച് മരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന് പിന്നിലെ കാരണം വ്യക്തമല്ല.
ചൈനയിലെ ഭൂരിഭാഗം പുരുഷന്മാരും പുകവലിക്കാറുണ്ട്. അതാണോ അല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ പോലെയുള്ള ജൈവശാസ്ത്രപരമായ കാരണങ്ങള്‍ ആണോ പിന്നിലെന്നതിനെ കുറിച്ചും അറിവായിട്ടില്ല. രോഗം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണമാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. 10നും 19നും ഇടയില്‍ രോഗം ബാധിച്ച കുട്ടികള്‍ ഒരു ശതമാനവും മരിച്ചത് ഒരു കുട്ടിയും മാത്രമാണ്. 10 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications