ദുബായ്: ജോലി നഷ്ടപ്പെട്ടാലും വർഷാന്ത്യം വരെ താമസ സ്ഥലത്ത് തുടരാം; ആശ്വാസ പ്രഖ്യാപനവുമായി സർക്കാർ!!
ദുബായ്: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ ആശ്വാസ പ്രഖ്യാപനവുമായി യുഎഇ സർക്കാർ. ദുബായിൽ ജോലി നഷ്ടപ്പെട്ടവരെ പുതിയ സ്പോൺസറെ കണ്ടെത്താൻ സഹായിക്കുമെന്നും ഇത്തരക്കാർക്ക് 2020ന്റെ അവസാനം വരെയും നിലവിലെ താമസസ്ഥലത്ത് തന്നെ കഴിയാമെന്നുമാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയക്ടർ മേജർ ജനറൽ മുഹമ്മദ് അൽ മാരി ദുബായിൽ അറിയിച്ചത്. മേജർ ജനറൽ മുഹമ്മദ് അൽ മാരിയും കൊവിഡ് 19 കമാൻഡ് ആന്റ് കൺട്രോൾ സെന്റർ തലവനുമായ ഡോ അമീർ അൽ ഷരീഫും പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ജോലി മാറുമ്പോൾ എന്തുസംഭവിക്കും
നിലവിൽ ദുബായിലുള്ള താമസക്കാർക്ക് പുതിയ സ്പോൺസറെ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഒരു എമിറേറ്റിൽ നിന്ന് മറ്റൊരു എമിറേറ്റിലെ സ്ഥാപനത്തിലേക്കോ കമ്പനിയിലേക്കോ ജോലി മാറുമ്പോഴും ഇത്തരത്തിൽ പുതിയ സ്പോൺസറെ ലഭ്യമാക്കുമെന്നും അൽ മാരി വ്യക്തമാക്കി. അതേ സമയം സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്നതിനുള്ള സൌകര്യമൊരുക്കുന്നതിനായി അതാത് അധികർതരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം വിട്ടുപോകുന്നവരെ വിമാനത്താവളത്തിൽ വെച്ച് പരിശോധന നടത്തിയ ശേഷം മാത്രമാണ് ദുബായ് ആരോഗ്യവകുപ്പ് അധികൃതർ വിട്ടയയ്ക്കുന്നത്.

ലേബർ ക്യാമ്പ്
ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി രോഗബാധിതരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായി മൊബൈൽ ടീമുകളും സ്പെഷ്യൽ ക്ലിനിക്കുകളും ഉപയോഗിച്ച് പരിശോധന നടത്തിവരുന്നുണ്ട്. ക്യാമ്പുകൾ കേന്ദ്രീകരിച്ച് സ്ക്രീനിംഗും നടത്തുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രധാന മാർഗ്ഗമാണ് രോഗികളെ തെർമൽ സ്ക്രീനിംഗിന് വിധേയമാക്കുന്നത്. രാജ്യത്തേക്ക് തിരിച്ചെത്തുന്നവരെയും രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും പരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഡോ. അൽ ഷരീഫ് വ്യക്തമാക്കി.

ആശുപത്രികളിൽ പോകാൻ ഭയക്കേണ്ടതില്ല
കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുള്ളവർ ആശുപത്രിയിൽ പോകാൻ ഭയക്കേണ്ടതില്ലെന്നാണ് ഡോ. അൽ ഷരീഫ് ചൂണ്ടിക്കാണിക്കുന്നത്. ആശുപത്രികളിൽ കൊറോണ വൈറസ് ബാധ തടയുന്നതിനുള്ള അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനായി ആശുപത്രികളിൽ പ്രത്യേക കെട്ടിടങ്ങളും യൂണിറ്റുകളും ഉണ്ടെന്നും ഡോ. അൽ ഷരീഫ് വ്യക്തമാക്കി.

5,365 പേർക്ക് രോഗം
യുഎഇയിൽ 5,365 പേർക്കാണ് ഇതിനകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 33 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. 1,034 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്. തുടക്കത്തിൽ തന്നെ ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി രോഗം സ്ഥിരീകരിക്കുന്നവരെ നിരീക്ഷണത്തിലാക്കാനാണ് സർക്കാർ ശ്രമിച്ചുവരുന്നത്. ഇതിനകം 767,000 പേരെയാണ് രാജ്യത്ത് പരിശോധനക്ക് വിധേയരാക്കിയതെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന കണക്കുകൾ. പ്രതിദിനം 10,000 പേരെ പരിശോധിക്കാനുള്ള ശേഷി നിലവിൽ രാജ്യത്തുണ്ട്. ഇതിന് പുറമേ കൊവിഡ് ചികിത്സയ്ക്കായി പ്ലാസ്മാ തിയറിയും സർക്കാർ നിർത്തലാക്കി വരുന്നുണ്ട്. കൊറോണ വൈറസിനെതിരായ വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്.












Click it and Unblock the Notifications