കോവിഡ്; 18 ദശലക്ഷം ജീവനെടുത്തെന്ന് പഠനം; ഔദ്യോഗിക കണക്കിനേക്കാൾ മൂന്നിരട്ടി
വാഷിം ഗ്ടൺ; കോവിഡ് മഹാമാരി ലോകത്താകെ 18 ദശലക്ഷത്തിലധികം ആളുകളുടെ ജീവൻ അപഹരിച്ചിതായി പഠനം. ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കുകളേക്കാൾ മൂന്നിരട്ടിപ്പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. പഠനത്തിന്റെ ഫലങ്ങൾ ലാൻസെറ്റ് മെഡിക്കൽ ജേണൽ ആണ് പുറത്ത് വിട്ടത്.
കോവിഡ് പടർന്ന് പിടിച്ച ആദ്യ രണ്ട് വർഷത്തിൽ ലോകത്താകെ 18.2 ദശലക്ഷം ആളുകൾ മരണപ്പെട്ടിട്ടുണ്ടാകും എന്നാണ് ഈ പഠനം നടത്തിയ ഗവേഷകർ സൂചിപ്പിക്കുന്നത്. എന്നാൽ ഔദ്യോ ഗികമായി രേഖപ്പെടുത്തിയത് വെറും 5.9 ദശലക്ഷം മരണങ്ങൾ മാത്രമാണ്. "ആഗോള തലത്തിൽ സ്പാനിഷ് ഫ്ളൂവിന് ശേഷമുള്ള ഏറ്റവും വലിയ മരണനിരക്ക് ആഘാതമാണിത്," പഠനം നടത്തിയ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ ഡയറക്ടർ ക്രിസ്റ്റഫർ ജെ.എൽ.മുറെ പറഞ്ഞു.

ലോകമെമ്പാടുമുള്ള മരണങ്ങളിൽ കോവിഡ് 17% കുതിച്ചുചാട്ടമുണ്ടാക്കി. 1918 ൽ ആരംഭിച്ച സ്പാനീഷ് ഫ്ലൂ എന്ന മഹാമാരിയിൽ കുറഞ്ഞത് 50 ദശലക്ഷം ആളുകളെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 ജനുവരി 1 നും ഡിസംബർ 31 നും ഇടയിലുള്ള മരണനിരക്ക് മുൻ വർഷങ്ങളിലെ മരണനിരക്കുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയത്. മരണനിരക്ക് കൂടാൻ കാരണം കോവിഡിന്റെ ഫലമാണെന്ന് ഗവേഷകർ പറഞ്ഞു. സിയാറ്റിൽ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെൽത്ത് മെട്രിക് സയൻസസ് അസോസിയേറ്റ് പ്രൊഫസർ ഹൈഡോംഗ് വാങ് ഒരു പ്രസ്താവനയിൽ പറഞ്ഞത് "മഹാമാരിയിൽ സംഭവിച്ച യഥാർത്ഥ മരണസംഖ്യ മനസ്സിലാക്കുന്നത് ഫലപ്രദമായ പൊതുജനാരോഗ്യ തീരുമാനങ്ങൾ എടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്." എന്നാണ്.
2020ൽ 36 രാജ്യങ്ങൾ മാത്രമാണ് മരണകാരണ വിവരങ്ങൾ പുറത്തുവിട്ടത്. ഗവൺമെന്റ് വെബ്‌സൈറ്റുകൾ, മരണനിരക്ക് ഡാറ്റാബേസുകൾ, യൂറോപ്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് എന്നിവയിലൂടെ 74 രാജ്യങ്ങളിലും 266 സംസ്ഥാനങ്ങളിലും പ്രവിശ്യകളിലും കഴിഞ്ഞ രണ്ട് വർഷങ്ങളിലെയും 11 മുൻ വർഷങ്ങളിലെയും മരണങ്ങളുടെ പ്രതിവാര അല്ലെങ്കിൽ പ്രതിമാസ ഡാറ്റ ഗവേഷകർ ഈ പഠനത്തിനായി ഉപയോഗിച്ചു. പ്രതിവാര അല്ലെങ്കിൽ പ്രതിമാസ ഡാറ്റ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളുടെ അധിക മരണങ്ങൾ പ്രവചിക്കാൻ ഒരു സ്റ്റാറ്റിസ്റ്റിക്കൽ മോഡലും ഉപയോഗിച്ചു. ദക്ഷിണേഷ്യയിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 9.5 മടങ്ങും സബ്-സഹാറൻ ആഫ്രിക്കയിൽ 14.2 മടങ്ങും കൂടുതൽ മരണം സംഭവിച്ചിട്ടുണ്ടാകാം എന്നും ഗവേഷകർ കണ്ടെത്തി.
Recommended Video
ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ മരണം നടന്നിരിക്കാൻ സാധ്യത. ആഗോള മരണങ്ങളിൽ 22% അല്ലെങ്കിൽ 4.1 ദശലക്ഷം മരണം ഇന്ത്യയിൽ മാത്രം നടന്നിട്ടുണ്ടാകും. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യയാണ് ഇതിന് കാരണം. ഇന്ത്യക്ക് പിന്നാലെ യുഎസ്, റഷ്യ, ബ്രസീൽ, മെക്സികോ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഉണ്ട്. ഐസ്‌ലാൻഡ്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ന്യൂസിലാൻഡ് എന്നിവയാണ് ഏറ്റവും കുറഞ്ഞ മരണനിരക്ക് കണക്കാക്കിയ സ്ഥലങ്ങൾ. മാസ്‌ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും മറ്റ് പൊതുജനാരോഗ്യ നടപടികൾ നന്നായി നടപ്പിലാക്കാൻ സാധിച്ചതും ആണ് ഇതിന് കാരണം.












Click it and Unblock the Notifications