ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന്‍ പ്രഖ്യാപനം വ്യാജമോ
പശ്ചിമേഷ്യ യുദ്ധത്തില്‍ കുരുങ്ങിയിരിക്കെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്നത് വന്‍ ലാഭക്കളിയോ. അമേരിക്കയിലെ പ്രാദേശിക സമയം അതിരാവിലെ ഇറാനുമായി ചര്‍ച്ച നടക്കുന്ന കാര്യം പ്രസിഡന്റ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് അഭൂതപൂര്‍വമായ ഇടപാടുകള്‍ വിപണിയില്‍ നടന്നു. ട്രംപിന്റെ പ്രഖ്യാപനം ചോര്‍ന്നതിനെ തുടര്‍ന്നുള്ള ഇന്‍സൈഡര്‍ ട്രേഡ് ആണിത് എന്നാണ് പറയപ്പെടുന്നത്.
എല്ലാ കാര്യത്തിലും ഡീല്‍ കാണുന്ന ബിസിനസുകാന്‍ കൂടിയാണ് ട്രംപ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ പുതിയ പ്രഖ്യാപനത്തിന് പിന്നില്‍ ബിസിനസ് തന്ത്രങ്ങള്‍ സംശയിക്കുന്നവരുമുണ്ട്. ട്രംപ് പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് വിപണിയില്‍ അത്യപൂര്‍വമായ ഇടപാടുകളാണ് നടന്നത്. ഇതുവഴി കോടികളാണ് പലരും സമ്പാദിച്ചത്. 15 മിനുട്ടില്‍ ഈ മാറ്റങ്ങള്‍ എങ്ങനെ നടന്നു എന്നാണ് ചോദ്യം.

ഇറാനുമായുള്ള യുദ്ധം തുടങ്ങിയതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നിരുന്നു. ഓഹരി വിപണി ഇടിഞ്ഞുവീഴുകയും ചെയ്തു. ഇതിനിടെയാണ് ട്രംപ് 48 മണിക്കൂറിനകം ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ മേഖല ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചത്. 36 മണിക്കൂര്‍ തികയുമ്പോള്‍ ട്രംപിന്റെ അടുത്ത പ്രഖ്യാപനം എത്തി. ഇറാനുമായുള്ള ചര്‍ച്ച ഫലം കാണുന്നു, അഞ്ച് ദിവസത്തേക്ക് ആക്രമണം നിര്‍ത്തുകയാണ് എന്നായിരുന്നു പ്രഖ്യാപനം. ഇതോടെയാണ് വിപണി മാറി മറിഞ്ഞത്.
ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് മുമ്പുള്ള 15 മിനുട്ടിലാണ് അഭൂതപൂര്‍വമായ ഇടപാടുകള്‍ നടന്നത്. ന്യൂയോര്‍ക്ക് സമയം രാവിലെ 6.50ന് സാധാരണ ഉണ്ടാകാത്തതാണ് ഇത്തരം ഇടപാടുകള്‍. എണ്ണ ഓഹരികള്‍ കൂട്ടത്തോടെ വിറ്റഴിക്കപ്പെട്ടു. മറ്റു ഓഹരികള്‍ വലിയ തോതില്‍ വാങ്ങുകയും ചെയ്തു. രാവിലെ 6.50നും 7.05നും ഇടയിലായിരുന്നു 840 കോടി രൂപയുടെ ലാഭത്തിന്റെ ഇടപാട് നടന്നത്.
അതിരാവിലെ ആറിരട്ടി വ്യാപാരം
എസ് ആന്റ് പി 500 ഫ്യൂച്ചര്‍ ഇടപാടില്‍ 12600 കോടി രൂപയുടെ വാങ്ങല്‍ നടന്നു. ക്രൂഡ് ഓയില്‍ ഫ്യൂച്ചര്‍ ഇടപാടില്‍ 1615 കോടി രൂപയുടെ വിറ്റഴിക്കലും നടന്നു. ഓഹരി വിപണി ഉയരാന്‍ പോകുന്നു എന്നും എണ്ണ വിപണിയില്‍ വില ഇടിയാന്‍ പോകുന്നു എന്നും നേരത്തെ വിവരം ലഭിച്ച പോലെ ആയിരുന്നു ഇടപാടുകള്‍. ഒരു മിനുട്ടില്‍ മാത്രം 4870 കോടി രൂപയുടെ ബ്രെന്റ്, ഡബ്ല്യുടിഐ ക്രൂഡ് ഓയില്‍ കരാറുകള്‍ നടന്നതും സംശയത്തിന് ഇടയാക്കുന്നു.
സാധാരണ ന്യൂയോര്‍ക്ക് സമയം രാവിലെ നടക്കുന്ന വ്യാപാരത്തേക്കാള്‍ ആറിരട്ടി വ്യാപാരമാണ് തിങ്കളാഴ്ച നടന്നത്. സമാധാനം വരുന്നു എന്ന പ്രഖ്യാപനം ട്രംപ് നടത്തിയതോടെ ഓഹരി വിപണി 2.5 ശതമാനം ഉയര്‍ന്നത് തൊട്ടുമുമ്പ് ഇടപാട് നടത്തിയവര്‍ക്ക് കോടികളുടെ നേട്ടമുണ്ടാക്കി. ക്രൂഡ് ഓയില്‍ വില 109 ഡോളറില്‍ നിന്ന് 92 ഡോളറിലേക്ക് ഇടഞ്ഞതും നേരത്തെ കരാറുണ്ടാക്കിയവര്‍ക്ക് കോടികളുടെ ലാഭം കിട്ടാന്‍ ഇടയാക്കി.
വെനസ്വേലയില്‍ അമേരിക്ക അധിനിവേശം നടത്തുന്ന വേളയിലും വിപണിയില്‍ ഇത്തരം ദുരൂഹ ഇടപാടുകള്‍ നടന്നിരുന്നു. ഇറാന്‍ യുദ്ധത്തിനിടെയും ചിലര്‍ കോടികളുടെ ലാഭമുണ്ടാക്കി. എങ്ങനെയാണ് അമേരിക്കയുടെ സുപ്രധാന തീരുമാനം വരുന്നു എന്ന് വിപണിയിലുള്ളവര്‍ നേരത്തെ അറിയുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. അമേരിക്കന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക ഏജന്‍സികള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications