ഇറാനിയൻ എണ്ണയുടെ മേലുള്ള ഉപരോധം യുഎസ് നീക്കിയേക്കുമെന്ന് റിപ്പോർട്ട്; പിന്നാലെ ക്രൂഡ് ഓയിൽ വില കുറഞ്ഞു
ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണയ്‌ക്കെതിരായ ഉപരോധത്തിൽ താത്കാലിക ഇളവ് നൽകാൻ അമേരിക്ക തയ്യാറായെന്ന റിപ്പോർട്ടിനെ തുടർന്ന് ആഗോള വിപണികളിൽ ആശ്വാസ സൂചന. ഇറാനിയൻ മാധ്യമമായ തൻസിം ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ലെങ്കിലും വാർത്ത പുറത്തുവന്നതോടെ എണ്ണവില താഴുകയും ഓഹരി വിപണികൾ നേട്ടത്തിലാകുകയും ചെയ്തു.
ബ്രെന്റ് ക്രൂഡ് വില ബാരലിന് 109 ഡോളറിലേക്കും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) 100.27 ഡോളറിലേക്കും താഴ്ന്നു. യൂറോപ്യൻ സ്റ്റോക്സ് 600 സൂചികയും നേട്ടത്തിൽ വ്യാപാരം നടത്തി. അമേരിക്കൻ വിപണികളിലും തിരിച്ചുവരവിന്റെ സൂചനകൾ പ്രകടമായി.ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘർഷഭീതിയും മധ്യപൂർവേഷ്യയിലെ അനിശ്ചിതത്വങ്ങളും എണ്ണവിലയിൽ വലിയ കുതിപ്പിനാണ് വഴിവെച്ചത്. .ലോക എണ്ണക്കയറ്റുമതിയുടെ വലിയൊരു വിഹിതം ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്. അതിനാൽ മേഖലയിൽ സംഘർഷം കുറയുമെന്ന പ്രതീക്ഷ വിപണികളിൽ വലിയ ആശ്വാസത്തിനാണ് വഴിവെക്കുന്നത്.

ഇറാനിയൻ എണ്ണ വ്യാപാരത്തിന് അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ആഗോള എണ്ണവിതരണത്തെ വലിയ തോതിലാണ് ബാധിച്ചത്. പ്രാഥമിക ഘട്ടത്തിൽ ഇറാൻ എണ്ണയുടെ വ്യാപാരത്തിൽ അമേരിക്കൻ കമ്പനികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ ഇറാനിയൻ പെട്രോൾ ഉത്പന്നങ്ങൾ വാങ്ങുന്ന യുഎസ് ഇതര സ്ഥാപനങ്ങൾ ബാങ്കുകൾ, വിദേശ രാജ്യങ്ങൾ എന്നിവയ്ക്കും ഉപരോധം ഏർപ്പെടുത്തി. അതേസമയം ഉപരോധത്തിൽ താത്കാലിക ഇളവ് വന്നാൽ വിപണിയിലേക്ക് കൂടുതൽ എണ്ണ എത്താനും വിലക്കയറ്റ സമ്മർദം കുറയാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി നടത്തിയ ചർച്ചകളിൽ ഇറാൻ വിഷയം ചർച്ചയായിരുന്നു. ഇറാനിയൻ എണ്ണ ഇറക്കുമതി കുറയ്ക്കാൻ അമേരിക്ക സമ്മർദം ചെലുത്തിയെങ്കിലും ചൈന നിലപാട് മാറ്റിയില്ലെന്നാണ് റിപ്പോർട്ടുകൾ.
ഹോർമുസിൽ പിടിമുറുക്കി ഇറാൻ; പുതിയ അതോറിറ്റിയുമായി നിർണായക നീക്കം
ഹോർമുസ് കടലിടുക്കിലെ ഗതാഗതവും സുരക്ഷയും നിയന്ത്രിക്കാൻ പുതിയ അതോറിറ്റിക്ക് രൂപം നൽകിയതായി ടെഹ്‌റാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'പേർഷ്യൻ ഗൾഫ് കടലിടുക്ക് അതോറിറ്റി' (PGSA) എന്ന പേരിലുള്ള പുതിയ സംവിധാനമാണ് രൂപീകരിച്ചത്. അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട മാസങ്ങളായുള്ള സംഘർഷങ്ങൾക്ക് പിന്നാലെയാണ് ഈ നിർണായക നീക്കം.
ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലാണ് പുതിയ അതോറിറ്റിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. ഹോർമുസ് കടലിടുക്കിലെ പ്രവർത്തനങ്ങൾ, കപ്പൽഗതാഗതം, സുരക്ഷാ സാഹചര്യങ്ങൾ എന്നിവയുടെ തത്സമയ വിവരങ്ങൾ നൽകുക എന്നതായിരിക്കും പി.ജി.എസ്.എയുടെ പ്രധാന ചുമതലകളിലൊന്ന്. ഇറാനിയൻ റെവല്യൂഷണറി ഗാർഡ്സ് നാവികസേനയുടെ പിന്തുണയോടെയാണ് പുതിയ സംവിധാനമെന്നത് ഇതിന്റെ തന്ത്രപ്രധാന്യം വ്യക്തമാക്കുന്നുണ്ട്.
പുതിയ അതോറിറ്റി നിലവിൽ വന്നതോടെ കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാനിൽ നിന്ന് പ്രത്യേക നിർദേശങ്ങൾ ലഭിച്ചുതുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. [email protected] എന്ന വിലാസത്തിൽ നിന്ന് കപ്പൽ കമ്പനികൾക്ക് പുതിയ "നിയമങ്ങളും നടപടിക്രമങ്ങളും" അയച്ചതായാണ് സൂചന. ഇതിലൂടെ കടൽഗതാഗത നിയന്ത്രണം കൂടുതൽ ഔദ്യോഗികവും കേന്ദ്രീകൃതവുമാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.












Click it and Unblock the Notifications