ട്രംപ് കാരണം സൗദി അറേബ്യ ഉള്‍പ്പെടേയുള്ളവർക്ക് പണി കിട്ടും; റഷ്യക്ക് ചിരിക്കാം, ഒപ്പം ഇന്ത്യക്കും
അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റത് മുതല്‍ ഡൊണാള്‍ഡ് ട്രംപ് തുടങ്ങിവെച്ച താരിഫ് യുദ്ധത്തെ വലിയ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്. ചൈനയും ഇന്ത്യയും കാനഡയുമൊക്കെ ട്രംപിന്റെ പുതിയ നയത്തിന്റെ ചൂട് അറിഞ്ഞു കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സെലന്‍സ്കി-ട്രംപ് കൂടിക്കാഴ്ചയും പുതിയൊരു ലോകക്രമത്തിനുള്ള സാധ്യതകളും ശക്തിപ്പെടുത്തുകയാണ്.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ ഇത്തരത്തില്‍ സങ്കീർണ്ണമായി മുന്നേറുമ്പോഴെല്ലാം ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ വർധിക്കുന്നതാണ് ചരിത്രം. എന്നാല്‍ നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയർന്നിട്ടില്ലെന്ന് മാത്രമല്ല, വില കുത്തനെ കുറയുകയും ചെയ്തു. വെള്ളിയാഴ്ച ബ്രെന്റ് ക്രൂഡ് ഓയിൽ വില 86 സെന്റ് അഥവാ 1.16% കുറഞ്ഞ് ബാരലിന് 73.18 ഡോളറിലേക്ക് എത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ആദ്യത്തെ പ്രതിമാസ ഇടിവാണ് ഇത്തവണയുണ്ടായിരിക്കുന്നതെന്നാണ് ശ്രദ്ധേയം.

എണ്ണ വിതരണം ശക്തിപ്പെട്ടത് മുതല്‍ ആഗോള തലത്തിലെ മാന്ദ്യ സമാനമായ സാഹചര്യം വരെ ഇപ്പോഴത്തെ വിലയിടിവിന് കാരണമായിട്ടുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. യുക്രൈന്‍ വിഷയത്തില്‍ ട്രംപ് റഷ്യക്ക് അനുകൂലമായ നിലപാടിലേക്ക് നീങ്ങുന്നുവെന്ന വ്യക്തമായ സൂചനകള്‍ കഴിഞ്ഞ ദിവസത്തെ ഓവല്‍ ഓഫീസ് ചർച്ചയോടെ വ്യക്തമായി കഴിഞ്ഞു. ഇത് ഭാവിയില്‍ റഷ്യയുടെ ക്രൂഡ് ഓയില്‍ വിതരണവും ശക്തിപ്പെടുത്തുന്നതിലേക്ക് നയിച്ചേക്കും.
യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അമേരിക്ക ഉള്‍പ്പെടേയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യന്‍ ക്രൂഡ് ഓയിലിന് ഉപരോധം ഏർപ്പെടുത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്കിഴിവില്‍ എണ്ണ നല്‍കി കൊണ്ടാണ് ഈ ഉപരോധത്തെ റഷ്യ മറികടന്നത്. എന്നാല്‍ അടുത്തിടെ മൂന്നോളം പ്രമുഖ റഷ്യന്‍ റിഫൈനറികള്‍ക്കും ചരക്ക് കൈകാര്യം ചെയ്തുകൊണ്ടിരുന്ന കപ്പലുകള്‍ക്കുമുള്ള ഉപരോധം അമേരിക്ക ശക്തമാക്കി.
അമേരിക്കന്‍ ഉപരോധം ശക്തമായതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള റഷ്യന്‍ ക്രൂഡിന്റെ വിതരണം പ്രതിസന്ധിയിലായി. ഇന്ത്യയുടെ കാര്യം എടുക്കുകയാണെങ്കില്‍ ഫെബ്രുവരിയില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിയത് കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലുള്ള എണ്ണയാണ്. വരും മാസങ്ങളില്‍ ഇത് ഇനിയും കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍.
യുക്രൈന്‍ വിഷയത്തില്‍ അമേരിക്ക നിലപാട് മാറ്റുകയും റഷ്യക്ക് അനുകൂലമായി നീങ്ങുകയും ചെയ്താല്‍ നിലവില്‍ ഏർപ്പെടുത്തിയ ഉപരോധം നീങ്ങും. തല്‍ഫലമായി റഷ്യന്‍ ഓയില്‍ തടസ്സങ്ങളില്ലാതെ ലോകവിപണിയിലേക്ക് ഒഴുകും. ഇതിന് പുറമെ അമേരിക്കയില്‍ നിന്നും കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്തും എന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പില്‍ വിജയത്തിന് ശേഷം നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്നെ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
വിതരണം ശക്തിപ്പെടുന്ന ഈ ഘട്ടത്തില്‍ തന്നെയാണ് മറുവശത്ത് താരിഫ് യുദ്ധം ശക്തിപ്പെടുന്നതും ആഗോള വളർച്ച മന്ദഗതിയിലാകുകയും ചെയ്യുന്നത്. ഡിമാന്‍ഡ് ഉയരാത്ത സാഹചര്യത്തില്‍ കൂടുതല്‍ ചരക്ക് വിപണിയിലേക്ക് എത്തുന്നതോടെ സ്വാഭാവികമായും വില വീണ്ടും കുറയും. ക്രൂഡ് ഓയില്‍ വില കുറയുന്നത് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെങ്കിലും ഇന്ത്യ പോലുള്ള ക്രൂഡ് ഇറക്കുമതി രാഷ്ട്രങ്ങള്‍ക്ക് ഇത് അനുഗ്രഹമായി മാറും.












Click it and Unblock the Notifications