പിൻഗാമി ചൈനയ്ക്ക് പുറത്തുള്ള സ്വതന്ത്ര ലോകത്ത് ജനിക്കുമെന്ന് ദലൈലാമ; മറുപടിയുമായി ചൈന
തന്റെ പിൻഗാമി ചൈനക്ക് പുറത്തുള്ള സ്വതന്ത്ര ലോകത്ത് ജനിക്കുമെന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. 'വോയിസ് ഓഫ് ദി വോയ്സിലെസ്' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ദലൈലാമ ഇക്കാര്യം കുറിച്ചത്. അതേസമയം ദലൈലാമയിടെ വാദത്തെ വിമർശിച്ച് ചൈന രംഗത്തെത്തി.
'പുനർജന്മത്തിന്റെ ലക്ഷ്യം മുൻഗാമിയുടെ പ്രവർത്തനങ്ങൾ തുടരുക എന്നതായതിനാൽ, പുതിയ ദലൈലാമ സ്വതന്ത്ര ലോകത്ത് ജനിക്കും. അങ്ങനെ കാരുണ്യത്തിന്റെ ശബ്ദമാകാനും, ടിബറ്റൻ ബുദ്ധമതത്തിന്റെ ആത്മീയ നേതാവ്, ടിബറ്റൻ ജനതയുടെ അഭിലാഷങ്ങൾ ഉൾക്കൊള്ളുന്ന ടിബറ്റിന്റെ പ്രതീകം എന്നീ നിലയിലുള്ള ദലൈലാമയുടെ ദൗത്യം അയാൾ തുടരും',ദലൈലാമ പുസ്തകത്തിൽ എഴുതി. ഇതാദ്യമായാണ് ഇത്തരമൊരു പരാമർശം ദലൈലാമ നടത്തുന്നത്. ടിബറ്റിന് പുറത്ത് താൻ പുനർജൻമം സ്വീകരിക്കില്ലെന്നായിരുന്നു മുൻപ് അദ്ദേഹം പറഞ്ഞിരുന്നത്.

ജുലൈയിൽ 90 വയസാകുന്ന ദലൈലാമ വളരെ അധികം ആരോഗ്യപ്രശ്നങ്ങൾ നിലവിൽ നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പിൻഗാമി ആരാകുമെന്ന ചർച്ചകളും സജീവമാണ്. ഇതിനിടയിലാണ് അദ്ദേഹം തന്നെ ഇത്തരത്തിലൊരു പരാമർശം നടത്തുന്നത്.
ഇപ്പോഴത്തെ ദലൈലാമയായ ടെൻസി ഗ്യാറ്റ്സോ തന്റെ 23ാമത്തെ വയസിലാണ് ഇന്ത്യയിൽ അഭയം പ്രാപിക്കുന്നത്. 1959 ലെ മാവോ സേതൂങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭം പരാജയപ്പെട്ടതിന് പിന്നാലെയാണ് ആയിരക്കണക്കിന് ടിബറ്റുകാരോടൊപ്പം അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നിലവിൽ ഹിമാചൽപ്രദേശിലെ ധരംശാലയിലാണ് അദ്ദേഹം കഴിയുന്നത്.
ദലൈലാമയുടെ പിൻഗാമിയെ തങ്ങളാണ് തീരുമാനിക്കുകയെന്നാണ് ചൈന പറയുന്നത്. ഇപ്പോഴത്തെ ദലൈലാമയെ വിഘടനവാദിയെന്നാണ് ചൈന വിളിക്കുന്നത്. അതേസമയം ചൈന തീരുമാനിക്കുന്ന തന്റെ പിന്‍ഗാമിയെ അംഗീകരിക്കില്ലെന്ന് നേരത്തേ തന്നെ ദലൈലാമ വ്യക്തമാക്കിയിരുന്നു. അതിനിടെ ദലൈലാമയുടെ പുതിയ പരാമർശത്തിനെതിരെ ചൈന രംഗത്തെത്തി. ടിബറ്റിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ദലൈലാമ ഉൾപ്പെടെയുള്ള ജീവിച്ചിരിക്കുന്ന ബുദ്ധന്റെ പുനർജന്മങ്ങൾ രാജ്യത്തിന്റെ നിയന്ത്രണങ്ങൾ പാലിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
'പുനർജൻമ ചടങ്ങുകൾ ടിബറ്റൻ ബുദ്ധമതത്തിന്റെ പ്രത്യേക പാരമ്പര്യമാണ്. അടുത്ത ദലൈലാമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചൈനീസ് സർക്കാർ', മന്ത്രാലയം വ്യക്തമാക്കി. ദലൈലാമയുടെ പുസ്തകത്തെ കുറിച്ചുള്ള ചോദ്യത്തിന് മതത്തിന്റെ മറവിൽ ചൈന വിരുദ്ധ വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു രാഷ്ട്രീയ അഭയാർത്ഥി മാത്രമാണ് അദ്ദേഹം എന്നായിരുന്നു വിദേശകാര്യമന്ത്രാലയ വക്താവിന്റെ പ്രതികരണം.അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ചൈനയുടെ നിലപാടുകളെയോ ടിബറ്റിന്റെ വികസനത്തെയോ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications