മൈനര്‍ പെണ്‍കുട്ടിക്ക് പീഡനം; പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അറസ്റ്റില്‍
ലണ്ടന്‍: കേവലം പതിമൂന്നുവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഉപദേഷ്ടാവ് അറസ്റ്റില്‍. അമേരിക്കന്‍ വംശജനും ശതകോടീശ്വരനുമായ ഡോ റിച്ചാര്‍ഡാണ് (56) അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഇദ്ദേഹത്തെ മാര്‍ച്ചുവരെ ജാമ്യത്തില്‍ വിട്ടയച്ചു.
അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ കമ്പനികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്താണ് ഇദ്ദേഹം കോടീശ്വരനായത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡേവിഡ് കാമറൂണിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളും ഉപദേശകനുമാണ് ഇദ്ദേഹം. പീഡനക്കേസില്‍പ്പെട്ട റിച്ചാര്‍ഡിന്റെ അറസ്റ്റ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്.

എന്നാല്‍, താന്‍ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ജാമ്യം കിട്ടിയശേഷം പുറത്തെത്തിയ റിച്ചാര്‍ഡ് പ്രതികരിച്ചു. സംഭവത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മൂന്നു കുട്ടികളുടെ പിതാവുകൂടിയാണ് റിച്ചാര്‍ഡ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഡിറ്റക്ടീവ് വിശദമായ അന്വേഷണം നടത്തിയശേഷമാണ് റിച്ചാര്‍ഡിനെ അറസ്റ്റ് ചെയ്തത്.
ബിബിസിയുടെ ഒരു പരിപാടിയിലൂടെയും ഇദ്ദേഹം പ്രശസ്തനാണ്. 1990കളില്‍ കാലിഫോര്‍ണിയയിലെ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്ത് ശരവേഗത്തില്‍ കോടീശ്വരനായ വ്യക്തിയാണ് റിച്ചാര്‍ഡ്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പല ഔദ്യോഗിക പരിപാടികളിലും റിച്ചാര്‍ഡ് പങ്കെടുക്കാറുണ്ട്. പീഡനക്കേസില്‍ അറസ്റ്റിലായതോടെ ഇദ്ദേഹത്തെ ഉപദേശക സ്ഥാനത്തുനിന്നും പ്രധാനമന്ത്രി നീക്കും ചെയ്യുമെന്നാണ് വിവരം.












Click it and Unblock the Notifications