ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഇല്ലെന്ന്
ഇസ്ലാമാബാദ്: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തില്ലെന്ന് പാക് വിദേശകാര്യ വക്താവ് തസ്‌നീം അസ്ലം. 1993ലെ മുംബൈ സ്‌ഫോടനകേസുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന അധോലോക നായകനാണ് ദാവൂദ് ഇബ്രാഹിം.
ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്നും പിടികൂടാന്‍ അമേരിയ്ക്കയുടെ സഹായം തേടുമെന്നും ഇന്ത്യന്‍ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പാകിസ്താന്റെ പ്രതികരണം.

ദാവൂദ് രാജ്യത്തില്ലെന്ന കാര്യം ആവര്‍ത്തിച്ച് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും തസ്‌നീം അസ്ലം വാര്‍ത്ത ഏജന്‍സികളോട് പറഞ്ഞു. ഇന്ത്യയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യം തേടുന്ന ഒട്ടേറെപ്പേര്‍ പാകിസ്താനില്‍ ഉണ്ടെന്നാണ് സൂചന. ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ ഉണ്ടെന്നത് പല തവണ ഇന്ത്യ പാകിസ്താനെ അറിയിച്ചിരുന്നതാണ്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തടയുന്നതിനായി പാകിസ്താനില്‍ അമേരിയ്ക്ക നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ പാകിസ്താന്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. പരമാധികാരരാജ്യമായ പാകിസ്താന്റെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിയ്ക്ക ഇടപെടരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു
ഭീകരവിരുദ്ധനിലപാട് സ്വീകരിയ്ക്കുന്ന അമേരിയ്ക്ക ദാവൂദ് ഇബ്രാഹിം വിഷയത്തില്‍ ഇന്ത്യ സഹായം ആവശ്യപ്പെട്ടാല്‍ അംഗീകരിയ്ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ ഉലച്ചില്‍ തട്ടിയ ഇന്ത്യ-അമേരിയ്ക്ക ബന്ധം കാര്യങ്ങള്‍ അത്ര എളുപ്പത്തിലാക്കുമെന്ന പ്രതീക്ഷ നല്‍കുന്നില്ല.












Click it and Unblock the Notifications