ഇന്ത്യാവിരുദ്ധ നേതാവിന്റെ മരണം; ബംഗ്ലാദേശില്‍ കലാപം; ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ കല്ലേറ്
ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യ വിരുദ്ധ യുവ രാഷ്ട്രീയ നേതാവും 'ഇങ്ക്വിലാബ് മഞ്ച്' കണ്‍വീനറുമായ ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് വ്യാപകമായ അക്രമം. അജ്ഞാതരുടെ വെടിയേറ്റതിനെ തുടര്‍ന്ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഷെരീഫ് ഉസ്മാന്‍ മരിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ തലസ്ഥാനമായ ധാക്ക ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ യുദ്ധക്കളമായി മാറി. ധാക്കയില്‍ പ്രമുഖ പത്രങ്ങളായ 'ഡെയ്ലി സ്റ്റാര്‍', 'പ്രോതോം അലോ' എന്നിവയുടെ ഓഫീസുകള്‍ പ്രക്ഷോഭകാരികള്‍ ആക്രമിക്കുകയും തീയിടുകയും ചെയ്തു. രാജ്ഷാഹിയില്‍ അവാമി ലീഗ് ഓഫീസിനും ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ വസതിക്കും പ്രതിഷേധക്കാര്‍ തീയിട്ടു. യുവാക്കളാണ് പ്രക്ഷോഭത്തില്‍ കൂടുതലും പങ്കെടുക്കുന്നത്.
വാര്‍ത്താ മാധ്യമങ്ങളുടെ ഓഫീസുകള്‍ അടിച്ചുതകര്‍ക്കുകയും തീയിടുകയും ചെയ്തതോടെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്ക് നിലപാടുകള്‍ക്ക് പേരു കേട്ട ഹാദിയുടെ മരണത്തില്‍ ഇന്ത്യയ്ക്കും അവാമി ലീഗിനും പങ്കുണ്ടെന്ന് ആരോപിച്ചാണ് അക്രമം നടക്കുന്നത്. ചാത്തോഗ്രാമിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ വസതിക്ക് നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രക്ഷോഭം നേരിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

വ്യാഴാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധം വെള്ളിയാഴ്ച പുലര്‍ച്ചയോടെ അക്രമാസക്തമായി. ധാക്കയിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ലക്ഷ്യമാക്കി പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. സുരക്ഷാ കാരണങ്ങളാല്‍ ബംഗ്ലാദേശിലെ ചില ഇന്ത്യന്‍ വിസ സെന്ററുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ബംഗ്ലാദേശിലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഹാദിക്കു നേരെ കഴിഞ്ഞ ആഴ്ച നടന്ന വധശ്രമത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്കു കൊണ്ടുപോയി. സിംഗപ്പൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹാദിയെ ആക്രമിച്ച പ്രതികള്‍ ഇന്ത്യയിലേക്ക് കടന്നുവെന്ന പ്രചാരണമാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. ഹാദിയെ സംരക്ഷിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചും ഇന്ത്യക്കെതിരേയും ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. കൊലയാളികളെ ഇന്ത്യ തിരികെ നല്‍കുന്നത് വരെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അടച്ചിടണമെന്ന് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവ് സര്‍ജിസ് ആലം ആവശ്യപ്പെട്ടു.
ജെന്‍സീ വിപ്ലവമായി വളരുന്ന ബംഗ്ലാദേശിലെ കലാപത്തിനെതിരേ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി പ്രതികരിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ സാഹചര്യം സങ്കീര്‍ണ്ണമാണെന്നും കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും പാര്‍ലമെന്ററി സമിതി വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിന് ശേഷമുണ്ടായ രാഷ്ട്രീയ അസ്ഥിരതയും ന്യൂനപക്ഷങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളും ആശങ്കാജനകമാണെന്ന് സമിതി അറിയിച്ചു.
ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് ഹാദിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ശാന്തത പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കുറ്റവാളികളെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.












Click it and Unblock the Notifications