ഗാംബിയയിൽ 60 ഓളം കുട്ടികൾ മരുന്ന് കഴിച്ച് മരിച്ച സംഭവം; ഇന്ത്യൻ മരുന്ന് കമ്പനിക്കെതിരെ പാനൽ റിപ്പോർട്ട്
ഗാംബിയ: കഴിഞ്ഞ വർഷം പശ്ചിമാഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 60-ൽ അധികം കുട്ടികളുടെ മരണത്തിനിടയാക്കിയത് ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്ത മരുന്നുകളുടെ ഉപയോഗമാണെന്ന് വിദഗ്ദ സമിതി റിപ്പോർട്ട്. അന്താരാഷ്ട്ര വിദഗ്ധർ ഉൾപ്പെടുന്ന സമിതി ഈ വർഷം ആദ്യം ഗാംബിയൻ ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മെയ്ഡനെതിരെ ഗുരുതര കണ്ടെത്തലുള്ളത്. ബ്ലൂംബെർഗാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഗാംബിയൻ സർക്കാർ വിദഗ്ദ സമിതി റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.
മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ നിന്നുള്ള മരുന്ന കഴിച്ച കുട്ടികളിൽ ഗുരുതര വൃക്കാരോഗങ്ങൾക്ക് കാരണമാണെയെന്നും ഇതോടെയാണ് കുട്ടികൾ മരണപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. മരിച്ച 30 കുട്ടികളിൽ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും മരണത്തിന് മറ്റ് കാരണങ്ങൾ ഇല്ലെന്നും റിപ്പോർട്ടിൽ ഉണ്ട്. 13 ഓളം കേസുകളിലെ മരണകാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല.

വിഷാംശമായ ഡൈഎഥിലിൻ ഗ്ലൈക്കോളും എഥിലിൻ ഗ്ലൈക്കോളും കാരണമാണ് കുട്ടികൾ മരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യൻ ഡ്രഗ് കൺട്രോളർ രംഗത്തെത്തി. തങ്ങുടെ പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇന്ത്യൻ ഡ്രഗ് കൺട്രോളർ ജനറൽ രാജീവ് രഘുവംഷി ബ്ലൂംബെർഗിനോട് പ്രതികരിച്ചത്.
കഴിഞ്ഞ സപ്റ്റംബറിലായിരുന്നു വൃക്ക തകരാറിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിനെതിരെ ആരോപണം ഉയർന്നത്. തുടർന്ന് കമ്പനിയിൽ നിന്നുള്ള മരുന്നുകളുടെ കയറ്റുമതി നിർത്തിവെയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. മരുന്നുകൾ പിൻവലിച്ചതിന് ശേഷം പിന്നീട് രാജ്യത്ത് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നാണ് സമിതി അംഗമായ കല്ലേ ഹോപ്പുവിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്.
ഗാംബിയയിലെ ആരോഗ്യ മന്ത്രാലയമാണ് പാനൽ രൂപീകരിച്ചത്, പ്രാദേശിക ആശുപത്രികളിലെ അഞ്ച് ക്ലിനിക്കുകൾ, രണ്ട് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥർ, സെനഗൽ, ഫിൻലാൻഡ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള നാല് കൺസൾട്ടന്റുമാർ എന്നിവരാണ് സമിതി അംഗങ്ങൾ. ഫെബ്രുവരിയിലാണ് റിപ്പോർട്ട് ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചതെന്നും എന്തുകൊണ്ടാണ് റിപ്പോർട്ട് ഇതുവരെ പരസ്യപ്പെടുത്താത്തന്ന് വ്യക്തമല്ലെന്നും സമിതി അംഗങ്ങൾ പറഞ്ഞു.
സംഭവത്തിൽ മെയ്ഡൻ കമ്പനിക്കെതിരെ നേരത്തേ ഗാംബിയ പാർലമെന്ററി കമ്മിറ്റി നടപടികൾക്ക് ശുപാർശ ചെയ്തിരുന്നു. തുടർന്ന് മെയ്ഡൻ ഫാർമസ്യൂട്ടികലിന്റെ എല്ലാ ഉത്പന്നങ്ങളും രാജ്യത്തിന് നിരോധിച്ചിരുന്നു. കമ്പനിക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളായിരുന്നു പാർലമെന്ററി സമിതി ശുപാർശ ചെയ്തത്.












Click it and Unblock the Notifications