അമേരിക്കയിലെ പ്രളയക്കെടുതിയില്‍ മരണം 27 ആയി; നിരവധി കുട്ടികള്‍ കാണാമറയത്ത്
ടെക്‌സാസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്‌സാസില്‍ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ വര്‍ധിക്കുന്നു. പ്രകൃതി ദുരന്തത്തില്‍ 27 പേരാണ് മരിച്ചത്. ഒന്‍പതു കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. മിന്നല്‍ പ്രളയത്തില്‍ ഗ്വാഡല്യൂപ് നദിയില്‍ ജലനിരപ്പ് പ്രവചനാതീതമായി ഉയര്‍ന്നതാണ് വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. മരണസംഖ്യ ഉയരുമെന്ന ആശങ്ക ശക്തമാണ്. അമേരിക്കയില്‍ സമീപ കാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണിത്.
ടെക്‌സസ് ഹില്‍ കണ്‍ട്രിയില്‍ തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുകയാണെന്ന് കെര്‍ കൗണ്ടി ഷെരീഫ് ലാറി ലീത പറഞ്ഞു. ഒരു ക്രിസ്ത്യന്‍ സംഘടന നടത്തിയ സമ്മര്‍ ക്യാമ്പില്‍ ഉറങ്ങുകയായിരുന്ന 25 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ കാണാതായി. 237 പേരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ പേമാരിയില്‍ ഗ്വാഡല്യൂപ് നദിയിലെ ജലനിരപ്പ് രണ്ട് മണിക്കൂര്‍ കൊണ്ട് 8 മീറ്റര്‍ വരെ ഉയര്‍ന്നു.

കനത്ത മഴ പ്രവചിച്ചിരുന്നെങ്കിലും പ്രവചനങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് മിന്നല്‍ പ്രളയം ഉണ്ടായത്. 3 മണിക്കൂര്‍ കൊണ്ടു സൗത്ത് സെന്‍ട്രല്‍ ടെക്‌സസില്‍ പലയിടത്തും പെയ്തത് 254 മില്ലിമീറ്റര്‍ മഴയാണ്. ടെക്‌സസിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയായ പ്രദേശത്താണ് ദുരന്തമുണ്ടായത്. ക്രൈസ്തവ വിശ്വാസികളായ പെണ്‍കുട്ടികള്‍ക്കു വേണ്ടി 1926 മുതല്‍ നടക്കുന്ന വേനല്‍ക്കാല ക്യാമ്പിലെ കുട്ടികളെയാണ് കാണാതായത്. നദീതീരത്ത് ഇവര്‍ക്ക് താമസിക്കാന്‍ സജ്ജമാക്കിയ കാബിനുകള്‍ കൂട്ടത്തോടെ ഒഴുകിപ്പോയി. എട്ടു വയസ് മുതലുള്ള കുട്ടികള്‍ ക്യാമ്പിലുണ്ടായിരുന്നു. കുട്ടികളെ തേടി മാതാപിതാക്കള്‍ നടക്കുന്ന കാഴ്ച്ചകള്‍ ഏറെ വേദനിപ്പിക്കുന്നതായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ടെക്‌സാസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ റദ്ദാക്കി. ദുരന്തത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടുക്കം രേഖപ്പെടുത്തി. ടെക്‌സസിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ട്രംപ് സമൂഹ മാധ്യമത്തില്‍ പ്രതികരിച്ചു.
കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ച് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റുകളിടുന്നുണ്ട്. ടെക്‌സസിലെ ജനപ്രതിനിധികള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നുണ്ട്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ രക്ഷാപ്രവര്‍ത്തര്‍ 850-ലധികം ആളുകളെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു.












Click it and Unblock the Notifications