ഭൂരിപക്ഷം പിടിച്ചു, ഇനി ട്രംപിനെ പുറത്താക്കൽ? എന്താണ് ഡെമോക്രാറ്റുകളുടെ അടുത്ത നീക്കം?
അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ വിറപ്പിച്ച് അട്ടിമറി ജയം സ്വന്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി. യുഎസ് കോണ്‍ഗ്രസിന്റെ സെനറ്റിലും പൊതുസഭയിലും ഈ തിരഞ്ഞെടുപ്പോടെ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം ഉറപ്പിച്ചു. ഇനി പ്രസിഡണ്ട് സ്ഥാനത്ത് ബാക്കിയുളള രണ്ട് വര്‍ഷം ട്രംപിന് കാര്യങ്ങള്‍ തീരെ എളുപ്പമായിരിക്കില്ല എന്ന് വേണം കരുതാന്‍.
തിരഞ്ഞെടുപ്പ് വിജയം ഡെമോക്രാറ്റുകളെ യുഎസ് കോണ്‍ഗ്രസില്‍ കരുത്തരാക്കും എന്നത് കൊണ്ട് തന്നെ ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം ഉണ്ടാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ട്രംപിന്റെ ആദ്യഭരണകാലത്ത് ഇംപീച്ച്‌മെന്റ് നീക്കം പ്രതിപക്ഷം നടത്തിയിരുന്നു. എന്നാല്‍ ട്രംപ് കുറ്റക്കാരനാണെന്ന് സെനറ്റില്‍ തെളിയിക്കാനായില്ല. അന്നത്തെ ഇംപീച്ച്‌മെന്റ് നീക്കം ട്രംപ് പക്ഷത്തെ കൂടുതല്‍ കരുത്തരാക്കുകയും ചെയ്തു.
തിരക്ക് പിടിച്ച് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം നടത്താന്‍ ഡെമോക്രാറ്റുകള്‍ ശ്രമിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ട്രംപ് ക്യാമ്പിലുളള ഉന്നതരായ കാബിനറ്റ് അംഗങ്ങളെ ആയിരിക്കും ഡെമോക്രാറ്റുകള്‍ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ട റാലികളിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്ന പ്രതികരണങ്ങൾ ഡ്രെമോക്രാറ്റിക് പാർട്ടി നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇവിടെ നിന്ന് തുരത്തും എന്നുളള നിയുക്ത ഹൗസ് സ്പീക്കർ ഹക്കീം ജെഫ്രീസിന്റെ പ്രസ്താവന ഡെമോക്രാറ്റുകളുടെ നീക്കം എന്തായിരിക്കുമെന്നതിന്റെ സൂചനയായിട്ട് വേണം കാണാൻ. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ഡെമോക്രാറ്റുകളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ലേം-ഡക്ക് സമ്മേളനത്തിൽ ഹെഗ്സെത്തിനെതിരെ കൊണ്ടുവന്ന എട്ട് ഇംപീച്ച്‌മെന്റ് പ്രമേയങ്ങൾ നിലവിലുണ്ട്.
2027 ജനുവരിയിലാണ് പുതിയ കോൺഗ്രസ് അധികാരത്തിലെത്തുക. ഇതോടെ റിപ്പബ്ലിക്കൻ നിയന്ത്രണത്തിൽ നിന്ന് കോൺഗ്രസ് വഴുതിപ്പോവുകയും ചിലപ്പോൾ കടുത്ത ഭരണസ്തംഭനത്തിലേക്ക് വരെ കാര്യങ്ങളെത്തുകയും ചെയ്യാമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രസിഡണ്ട് ട്രംപ് അടക്കമുളളവര്‍ക്കെതിരെ അന്വേഷണങ്ങളുടെ പ്രളയം തന്നെ ഉണ്ടായേക്കാം. ട്രംപ് കുടുംബത്തിന്റെ അഴിമതി, വ്യക്തിപരമായ സ്റ്റോക്ക് വ്യാപാരം, ഇലോണ്‍ മസ്‌ക് പോലുളള കോടീശ്വരന്മാരുമായുളള ബന്ധങ്ങള്‍, ജെഫ്രി എപ്സ്റ്റീന്‍ ഫയല്‍ പുറത്ത് വിട്ടത്, ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അടക്കമുളള അന്വേഷണ വിധേയമായേക്കാം. അതേസമയം ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ക്കാണെങ്കിലും തനിക്ക് വീറ്റോ അധികാരം ഉണ്ടെന്ന മുന്നറിയിപ്പ് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ട്രംപ് നല്‍കുന്നു.


Click it and Unblock the Notifications
