ഇറാന്‍ മുന്‍ പ്രതിരോധ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി; കടുത്ത പ്രതിഷേധവുമായി ബ്രിട്ടന്‍
ടെഹ്‌റാന്‍: പ്രതിരോധ മന്ത്രാലയത്തില്‍ ഉന്നത പദവിയിലിരുന്ന മുന്‍ ഉദ്യോഗസ്ഥന്‍ അലി റസാ അക്ബരിയെ ഭരണകൂടം തൂക്കിലേറ്റി. അമേരിക്കയുടെയും ബ്രിട്ടന്റെയും കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ഇറാന്റെ നടപടി. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നടപടിയാണ് ഇറാന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഇറാന്റെ നയതന്ത്ര പ്രതിനിധിയെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇറാന്റെയും ബ്രിട്ടന്റെയും പൗരത്വമുള്ള വ്യക്തിയായിരുന്നു അലി റസാ അക്ബരി.

ഇറാനിലെ ജുഡീഷ്യറിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മിസാന്‍ ന്യൂസ് ഏജന്‍സിയാണ് അക്ബരിയുടെ വധശിക്ഷ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അക്ബരിയുടെ വധശിക്ഷ നടപ്പാക്കിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ബ്രിട്ടീഷ് ചാരസംഘടന എംഐ6ന് വേണ്ടി അക്ബരി ചാരപ്രവര്‍ത്തനം നടത്തി എന്നാണ് ഇറാന്റെ ആരോപണം. ബ്രിട്ടനില്‍ നിന്ന് അദ്ദേഹത്തിന് പണം ലഭിച്ചിരുന്നുവെന്നും ബ്രിട്ടീഷ് പൗരത്വം ഇതിന് വേണ്ടി ഉപയോഗിച്ചുവെന്നും ഇറാന്‍ പറയുന്നു.
സര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്ന് പിരിഞ്ഞ ശേഷം സ്വകാര്യ എന്‍ജിഒ നടത്തുകയായിരുന്നു അക്ബരി. 2019ലാണ് ഇറാന്‍ പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അടുത്ത കാലത്താണ് അക്ബരിയുടെ കേസ് പുറംലോകം അറിഞ്ഞത്. അതേസമയം, അക്ബരിയുടെ വീഡിയോ അടുത്തിടെ ഇറാന്‍ ഔദ്യോഗിക ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. കേസില്‍ കുറ്റസമ്മതം നടത്തുന്ന രീതിയില്‍ സംസാരിക്കുന്നതാണ് വീഡിയോ. എന്നാല്‍ ഇത് എഡിറ്റ് ചെയ്തതാണെന്ന് വിമര്‍ശനം ഉയരുകയും ചെയ്തു.
അതേസമയം, അക്ബരിയുടെ ഓഡിയോ സന്ദേശം ബിബിസി പുറത്തുവിട്ടിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിച്ചു എന്ന് വെളിപ്പെടുത്തുന്നതാണ് ഈ സന്ദേശം. തോക്കിന്‍മുനയില്‍ നിര്‍ത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ റിപ്പോര്‍ട്ടിനോട് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിഷേധിക്കുന്നവരെ തൂക്കിലേറ്റുന്ന നയം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇറാന്‍ പിന്തിരിയണമെന്നും യുഎന്‍ മനുഷ്യാവകാശ ഏജന്‍സി അധ്യക്ഷന്‍ താക്കീത് നല്‍കി.












Click it and Unblock the Notifications