ദുബായില്‍ 4 മുറി വീട് വില്‍പ്പനയ്ക്ക്: വില 1600 കോടി, വാങ്ങാന്‍ എത്തിയവരില്‍ ഇന്ത്യക്കാരനും
ലോകത്തിലെ ഏറ്റവും വിലയേറിയ ബംഗ്ലാവുകളിലൊന്ന് ദുബായില്‍ വില്‍പ്പനയ്ക്ക്. 750 മില്യൺ ദിർഹമാണ് (204 മില്യൺ ഡോളർ) വിലയായി നിശ്ചയിച്ചിരിക്കുന്നത്. അതായത് ഏകദേശം 1600 കോടിയോളം രൂപ നല്‍കിയാല്‍ ഈ വീട് സ്വന്തമാക്കാന്‍ സാധിക്കും. എമിറേറ്റ്‌സ് ഹിൽസിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഈ വീടിന് 60,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ടെങ്കിലും ആകെ അഞ്ച് കിടപ്പുമുറികൾ മാത്രമേയുള്ളൂ. 4,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന പ്രഥാന കിടപ്പുമുറിയാണ് ഈ ബംഗ്ലാവിന്റെ ശ്രദ്ധാകേന്ദ്രം.
താഴത്തെ നിലയിലാണ് ഭക്ഷണത്തിനും വിനോദത്തിനുമായുള്ള മുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്. 15 കാറുകള്‍ പാർക്ക് ചെയ്യാന്‍ സാധിക്കുന്ന ഗാരേജ്, 19 ബാത്ത്റൂമുകൾ, ഇൻഡോർ-ഔട്ട്ഡോർ നീന്തല്‍ കുളങ്ങള്‍, രണ്ട് ഡോമുകൾ, 80,000 ലിറ്റർ കോറൽ റീഫ് അക്വേറിയം, പവർ സബ്സ്റ്റേഷൻ, പാനിക് റൂമുകൾ എന്നിവയാണ് മറ്റ് പ്രധാന സൗകര്യങ്ങൾ. 70,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഗോൾഫ് കോഴ്‌സിന് സമീപത്തുമാണ് ഈ ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്.

"മാർബിൾ പാലസ്" എന്ന് വിളിപ്പേരുള്ള ഈ വീട് നിർമ്മിക്കാന്‍ വേണ്ടി വന്ന ഇറ്റാലിയന്‍ മാർബിളിന് ഏകദേശം 80 ദശലക്ഷം ദിർഹം മുതൽ 100 ദശലക്ഷം ദിർഹം വരെയാണ് ചിലവഴിച്ചത്. നിർമ്മാണത്തിന് ഏകദേശം 12 വർഷമെടുത്തു. 2018 ലാണ് വീടിന്റെ നിർമ്മാണം പൂർത്തിയായതെന്നും വസ്തു വിൽപ്പനയ്ക്ക് വെച്ച ലക്‌സാബിറ്റാറ്റ് സോഥെബിസ് ഇന്റർനാഷണൽ റിയാലിറ്റിയെന്ന ഏജന്‍സി വ്യക്തമാക്കുന്നു.
19-ആം നൂറ്റാണ്ടിലെയും 20-ആം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളും ഉടമയുടെ സ്വകാര്യ കലാ ശേഖരത്തിൽ നിന്നുള്ള ഏകദേശം 400 വസ്തുക്കള്‍ കൊണ്ടും വീട് ഇപ്പോൾ അലങ്കരിച്ചിട്ടുണ്ട്. വാങ്ങുന്നയാള്‍ക്ക് ഇവയോടൊപ്പം ഫർണിച്ചുകളും ലഭിക്കും. അതേസമയം ഇതിന്റെ വില സംബന്ധിച്ച് കൂടുതല്‍ ചർച്ചകള്‍ വേണ്ടി വരും. അതേസമയം പ്രാദേശിക പ്രോപ്പർട്ടി ഡെവലപ്പറായ ഉടമ ഇതുവരെ പേര് വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.
ദുബായ് പ്രോപ്പർട്ടി മാർക്കറ്റ് ശക്തമായി തിരിച്ച് വരുന്ന ഘട്ടത്തില്‍ കൂടിയാണ് ഈ ആഡംബര ഭവനം വില്‍പ്പനക്ക് വെച്ചിരിക്കുന്നത്. കോവിഡ് കാലത്ത് എമിറ്റേറ്റില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ട മേഖല റിയല്‍ എസ്റ്റേറ്റായിരുന്നു. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വളരെ വേഗത്തില്‍ പിന്‍വലിക്കപ്പെട്ടതോടെ മറ്റ് സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് ദുബായ് വളരെ വേഗത്തില്‍ ഉയരുകയും വലിയ തോതില്‍ നിക്ഷേപം സജീവമാവുകയും ചെയ്തു.
സമീപകാലത്തെ വലിയ കച്ചവടങ്ങളില്‍ 125 ദശലക്ഷം ദിർഹത്തിന് ശൂന്യമായി കിടക്കുന്ന തീരദേശ ഭൂമിയുടെ വിൽപ്പനയും 420 ദശലക്ഷം ദിർഹത്തിന് ഒരു പെന്റ് ഹൗസ് വാങ്ങിയതും ഉൾപ്പെടുന്നു. എന്നിട്ടും, മാർബിൾ പാലസിന്റെ ഒരു ചതുരശ്ര അടി വില-12,500 ദിർഹമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് എമിറേറ്റ്സ് ഹിൽസിലെ മറ്റ് പ്രോപ്പർട്ടികൾ നേടിയതിന്റെ ഇരട്ടിയിലധികം വരുമിത്. ദുബായ് പ്രോപ്പർട്ടി റെക്കോർഡുകൾ പ്രകാരം 2022 ഓഗസ്റ്റിൽ ഏറ്റവും ചെലവേറിയ ഭവന വിൽപ്പന 210 ദശലക്ഷം ദിർഹത്തിന്റേതായിരുന്നു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രണ്ട് പേർ വീട് കാണാനായി എത്തിയെന്നാണ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഒന്ന് ഒരു റഷ്യക്കാരനാണെങ്കില്‍ രണ്ടാമത്തേത് ഇന്ത്യക്കാരനാണ്. എമിറേറ്റ്‌സ് ഹിൽസിൽ ഇതിനകം തന്നെ മൂന്ന് പ്രോപ്പർട്ടികൾ ഉള്ള വ്യക്തിയാണ് ഇദ്ദേഹം. പാം ജുമൈറയിൽ നിന്ന് ഏതാനും മിനിറ്റുകളും ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ബിസിനസ് ഡിസ്ട്രിക്റ്റിൽ നിന്ന് ഏകദേശം 25 മിനിറ്റ് യാത്രാ ദൂരവുമാണ് ഈ ബംഗ്ലാവിലേക്കുള്ളത്.












Click it and Unblock the Notifications